| Thursday, 22nd September 2022, 8:40 am

രണ്ട് സീനേ ഉള്ളൂ എന്ന് പറഞ്ഞ് വിളിച്ചതാ, പിന്നെ സംഭവം മൊത്തമങ്ങ് മാറി; ലോഹിതദാസുമൊത്തുള്ള സിനിമാ അനുഭവം പങ്കുവെച്ച് ഷമ്മി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ സിനിമാ പാരമ്പര്യവുമായി വന്ന് മലയാള സിനിമയില്‍ തന്റെ അഭിനയ ശൈലികൊണ്ട് തിളങ്ങിയ താരമാണ് ഷമ്മി തിലകന്‍.

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്ത പാല്‍തു ജാന്‍വറാണ് ഷമ്മി അഭിനയിച്ച് റിലീസായ ഏറ്റവും പുതിയ ചിത്രം. സിനിമയിലെ ഒരു പ്രധാന കഥാപാത്രമായ ഡോക്ടര്‍ സുനിലിന്റെ വേഷമാണ് ഷമ്മി ചെയ്തത്. ചിത്രത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ ഒരു ലുക്കിലായിരുന്നു ഷമ്മി എത്തിയത്.

ഷമ്മി തിലകന്‍ ഇപ്പോള്‍ സംവിധായകന്‍ ലോഹിതദാസുമൊത്ത് ചെയ്ത ‘കസ്തൂരിമാന്‍’ എന്ന സിനിമയുടെ അനുഭവങ്ങള്‍ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമഖത്തില്‍ പങ്കുവെക്കുകയാണ്.

‘എന്റെടുത്ത് ലോഹി ഏട്ടന്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണ് ഇതൊരു കോളേജ് സബ്ജക്ട് ആണെന്ന്. കുഞ്ചാക്കോ ബോബനോട് കഥ പറയുമ്പോള്‍ അതിനകത്ത് മീരാ ജാസ്മിന്റെ കഥാപാത്രത്തിന്റെ വീട്ടിലെ ഒരു സംഭവം ഒരു മൊണ്ടാഷ് പോലെ കാണിക്കുന്നുണ്ട്. അതില്‍ മീരാ ജാസ്മിന്‍ ചെയ്ത കഥാപാത്രത്തിന്റെ ചേച്ചിയുടെ ഭര്‍ത്താവായിട്ടുള്ള ക്യാരക്ടറുണ്ട്, അതൊന്ന് വന്ന് നിനക്ക് ചെയ്യാവോ എന്നാണ് എന്നോട് ലോഹി ഏട്ടന്‍ ചോദിച്ചത്.

ഒരു രണ്ട് സീനേ ഒള്ളൂ എന്നാണ് എന്നോട് പറഞ്ഞത്. അവളിങ്ങനെ സ്‌കൂട്ടറില്‍ വരുമ്പോള്‍ പുറകേ പോയി ഒലിപ്പിക്കുന്ന, പഞ്ചാരയടിക്കുന്ന… അത് കഴിഞ്ഞ് വീട്ടില്‍ വരുന്ന ആ രണ്ട് സീനാണുള്ളത്. നല്ല ഹൈലൈറ്റ് സീനാണത്. അത്രയേ ഉള്ളൂ. ഒരു രണ്ട് ദിവസം കൊണ്ട് നമുക്കത് എടുക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ചെല്ലുന്നത്.

അങ്ങനെ ആ സീന്‍ അഭിനയിക്കുന്നു. സീന്‍ കഴിഞ്ഞു. എനിക്ക് കുറച്ച് ക്യാഷൊക്കെ തന്നു, എന്റെ ചേട്ടന്‍ എടുക്കുന്ന പടം പോലെയാണ് എനിക്ക് ലോഹി ഏട്ടന്റെ സിനിമ. അങ്ങനെ ഞാന്‍ ഷൂട്ട് കഴിഞ്ഞ് തിരിച്ച് പോവാന്‍ നില്‍ക്കുമ്പോല്‍ ലോഹി ഏട്ടന്‍ ഓടിവന്നു.

എന്നിട്ട് എന്നോട് പറഞ്ഞു, ടാ.. നമ്മള്‍ സംഭവം ഒന്ന് മാറ്റാന്‍ തീരുമാനിച്ചു. നിനക്കൊരു രണ്ട് സീന്‍ കൂടി വരും. ഞാന്‍ പറഞ്ഞു, ചേട്ടന്‍ വിളിച്ചാല്‍ മതി ഞാന്‍ വരാമെന്ന്. ഒരാഴ്ച ഒന്ന് കഴിഞ്ഞോട്ടെ.. ഞാന്‍ ഒന്ന് വര്‍ക് ഔട്ട് ചെയ്യട്ടെയെന്ന് ലോഹി ഏട്ടന്‍ പറഞ്ഞു.

പിന്നെ ഈ സംഭവം മൊത്തമങ്ങ് മാറി. ഇന്റര്‍വെല്‍ വരെ മാത്രം കോളേജ്, അത് കഴിഞ്ഞാല്‍ കഥ മാറി. അങ്ങനെയാണ് സബ്ജക്ട് ഉണ്ടായത്. അത് ലോഹിതദാസിന്റെ കയ്യൊപ്പുള്ള, അദ്ദേഹത്തിന്റെ സിനിമയാണ്’ ഷമ്മി പറയുന്നു.

Content Highlight: Actor Shammi Thilakan Remembering his Experience with Director Lohithadas

We use cookies to give you the best possible experience. Learn more