| Friday, 4th June 2021, 7:24 pm

നികുതി വെട്ടിപ്പുകാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിേതാഷികം; ബജറ്റ് കേട്ട് മനസില്‍ ലഡു പൊട്ടിയെന്ന് ഷമ്മി തിലകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മഹത്തരമാണെന്ന് നടന്‍ ഷമ്മി തിലകന്‍. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര സുഖകരമല്ലാത്ത അവസ്ഥയിലും കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതികള്‍ പ്രഖ്യാപിക്കാത്ത ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നികുതി വെട്ടിപ്പുകാരെ കണ്ടെത്തുന്നതിന്, വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അതിനു വേണ്ടി ഇന്‍ഫോര്‍മര്‍ സ്‌കീം തുടങ്ങുമെന്നുമുള്ള പ്രഖ്യാപനമാണ് ഏറ്റവും മികച്ചതായി തോന്നിയത്..! (എന്റെ മനസ്സില്‍ ഒരായിരം ലഡു പൊട്ടി മോനെ)

കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിയും പുതിയ നികുതി നിര്‍ദേശങ്ങള്‍ ഇല്ലാതെയുമാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. അതേസമയം കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു.

ഇതില്‍ 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.


കൊവിഡ് വാക്സീന്‍ നിര്‍മാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി എത്രയും പെട്ടന്ന് ഗവേഷണം ആരംഭിക്കുന്നതിനായി 10 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കാനായി 1000 കോടി നീക്കിവെയ്ക്കുമെന്നും 500 കോടി രൂപ അനുബന്ധമായി നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര കൊവിഡ് വാക്സിന് നയം തിരിച്ചടിയായെന്നും വാക്സിന്‍ കയറ്റുമതിയില്‍ അശാസ്ത്രീയ നിലപാടുകളടക്കം ഉണ്ടായെന്നും ബജറ്റില്‍ ധനമന്ത്രി പറഞ്ഞു.

കൊവിഡ് അടക്കമുള്ള പകര്‍ച്ച വ്യാധി തടയാനായി ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. ഇതിനുവേണ്ടി 50 കോടി അനുവദിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഈ വര്‍ഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ബജറ്റിലെ മറ്റുപ്രധാന പ്രഖ്യാപനങ്ങള്‍,

1. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പുതിയ നികുതി നിര്‍ദേശങ്ങള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.

2. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടി വായ്പ നല്‍കും

3. അന്തരിച്ച മുന്‍മന്ത്രിമാരായ കെ.ആര്‍. ഗൗരിയമ്മ, ആര്‍. ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്മാരകം നിര്‍മ്മിക്കും. മഹാത്മഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാന്‍ 50 ലക്ഷം വകയിരുത്തി

4. സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിക്കായി 5 കോടി അനുവദിച്ചു

5. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളും കൃഷി ഓഫീസുകളും സ്മാര്‍ട്ടാക്കും

6.കെ.എസ്.ആര്‍.ടി.സിക്ക് വാര്‍ഷിക വിഹിതം 100 കോടിയായി ഉയര്‍ത്തും 3000 ഡീസല്‍ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റും. ഇതിനായി മുന്നൂറ് കോടിയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്

7. കെ.എഫ്.സി വായ്പ ആസ്തി അഞ്ചുവര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. കെ.എഫ്.സി ഈ വര്‍ഷം 4500 കോടി വായ്പ അനുവദിക്കും

8. സംസ്ഥാന ജി.എസ്.ടി നിയമത്തില്‍ ഭേദഗതി വരുത്തും

9. കലാ സാംസ്‌കാരിക മികവുള്ള 1500 പേര്‍ക്ക് പലിശരഹിത വായ്പ നല്‍കും

10. പട്ടികജാതി-പട്ടികവര്‍ഗ വികസനത്തിനായി 100 പേര്‍ക്ക് 10 ലക്ഷം വീതം സംരംഭക സഹായം നല്‍കും. ഇതിനായി 10 കോടി അനുവദിച്ചു

11. കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് 1000 കോടിയുടെ വായ്പ നല്‍കും 4% പലിശ നിരക്കിലായിരിക്കും ഇത്. കുടുംബശ്രീക്ക് കേരള ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് 2-3 % സബ്‌സിഡി,
12. ദാരിദ്യ നിര്‍മ്മാര്‍ജന പദ്ധതി നടപ്പാക്കുന്നതിന് 10 കോടി പ്രാഥമികമായി നല്‍കും

13 പ്രളയ പശ്ചാത്തലത്തിലെ പ്രവര്‍ത്തികള്‍ക്ക് 50 കോടി പ്രാഥമിക ഘട്ടമായി നല്‍കും ജലാശയങ്ങളിലെ മണ്ണും മാലിന്യവുമടക്കം നീക്കാനുള്ള നടപടികള്‍ ഉണ്ടാകും

14.റബര്‍ സബ്‌സിഡിക്കും കുടിശിക നിവാരണത്തിനുമായി 50 കോടി ബജറ്റില്‍ അനുവദിച്ചു

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര സുഖകരമല്ലാത്ത അവസ്ഥയിലും കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതികള്‍ പ്രഖ്യാപിക്കാത്ത ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്ന ബജറ്റ് തന്നെ. ??
ചെലവു ചുരുക്കാനും വരുമാനം കൂട്ടാനുമുള്ള പദ്ധതികള്‍ പ്രതിസന്ധിക്കുശേഷം പ്രഖ്യാപിക്കും എന്നും മനസ്സിലാക്കുന്നു..!
#മഹത്തരം..
എന്നാല്‍..;
നികുതി വെട്ടിപ്പുകാരെ കണ്ടെത്തുന്നതിന്, വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിേതാഷികം നല്‍കുമെന്നും..; അതിനു വേണ്ടി #ഇന്‍േഫാര്‍മര്‍ബസ്‌കീം തുടങ്ങുമെന്നുമുള്ള പ്രഖ്യാപനമാണ് ഏറ്റവും മികച്ചതായി തോന്നിയത്.. ! (എന്റെ മനസ്സില്‍ ഒരായിരം ലഡ്ഡു പൊട്ടി മോനെ)
പാരിതോഷികം ഫിഫ്റ്റിബഫിഫ്റ്റി എങ്കിലും പ്രഖ്യാപിക്കണേ സര്‍..!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Shammi Thilakan Kerala Budget 2021 KN Balagopal

We use cookies to give you the best possible experience. Learn more