'പതിനെട്ട് വര്‍ഷമായി മക്കളുണ്ടാവാന്‍ കാത്തിരിക്കുന്നു,  ഇനി എനിക്ക് മക്കള്‍ വേണ്ട'; വാളയാര്‍ സംഭവത്തില്‍ വികാരാധീനനായി ഷാജു നവോദയ
Kerala
'പതിനെട്ട് വര്‍ഷമായി മക്കളുണ്ടാവാന്‍ കാത്തിരിക്കുന്നു,  ഇനി എനിക്ക് മക്കള്‍ വേണ്ട'; വാളയാര്‍ സംഭവത്തില്‍ വികാരാധീനനായി ഷാജു നവോദയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2019, 11:44 am

തിരുവന്തപുരം: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി നടന്‍ ഷാജു നവോദയ. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിനിമാപ്രവര്‍ത്തകരായ ഒരു സംഘം ചെറുപ്പക്കാര്‍ തെരുവ് നാടകം അവതരിപ്പിച്ചിരുന്നു. ഈ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനെട്ട് വര്‍ഷമായി മക്കളില്ലാത്ത വ്യക്തിയാണ് താനെന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇനി മക്കളുണ്ടാവരുതേയെന്നാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും പറഞ്ഞ് വിതുമ്പുകയായിരുന്നു അദ്ദേഹം.

‘ഇവിടെ വിരലില്ലെണ്ണാവുന്ന ആളുകളേയുള്ള. സമൂഹത്തിന് വേണ്ടി കലാകാരന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു കാര്യമായി ഞങ്ങള്‍ ഇതിനെ കാണുന്നു. മറ്റുള്ളവര്‍ക്ക് ഇത് ചെറിയ കാര്യമായിരിക്കും.

പതിനെട്ട് വര്‍ഷമായി കുട്ടികളില്ലാത്ത ആളാണ് ഞാന്‍. അതില്‍ ഭയങ്കര വിഷമമുള്ള ആളുമാണ്. പക്ഷേ ഇന്ന് എനിക്ക് മക്കള്‍ വേണ്ട. കാരണം അത്രയും വിഷമമുണ്ട്. ഇതൊന്നും നമ്മളെ കൊണ്ട് നിര്‍ത്താന്‍ കഴിയില്ല. ഒരിക്കലും കഴിയില്ല. പക്ഷേ ഒരുത്തനെങ്കിലും ഇത് കേട്ടിട്ട് ഇത്തരത്തില്‍ ചെയ്യാന്‍ പോകുമ്പോള്‍ വേണ്ട ഒന്ന് ചിന്തിച്ചാല്‍ അത് മതി.

ഞാന്‍ വ്യക്തമായ രാഷ്ട്രീയ ചിന്ത ഉള്ള ആളാണ്. ഒരു രാഷ്ട്രീയത്തിനോ ഒരു പാര്‍ട്ടിക്കോ എതിരല്ല. പക്ഷേ ആ കുട്ടികള്‍ക്ക് നീതി കിട്ടണം. നീതി നിഷേധിക്കപ്പെട്ട ഒരു മനുഷ്യന്റെ അവസ്ഥയാണ്. ഇത് മാധ്യമങ്ങള്‍ വഴി നമ്മള്‍ അറിഞ്ഞ കാര്യങ്ങളാണ്. അറിയാത്ത എത്രയോ സംഭവങ്ങള്‍, എത്രയോ കുഞ്ഞുമക്കള്‍.

ഇതെല്ലാം നേരിടാന്‍ ഒരാള്‍ വരും. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇതുപോലെ ചെയ്യുന്നവന്‍മാര്‍ക്ക് ചുട്ട മറുപടിയുമായി ഒരാള്‍ വരും. ഇതെല്ലാം കഴിയുമ്പോള്‍ ഇവന്‍മാര്‍ ആറ് മാസം കഴിയുമ്പോള്‍ തിരിച്ച് ഇറങ്ങി വന്നിട്ട് ഇതിലും പിഞ്ചുംകുഞ്ഞുങ്ങള്‍ക്ക് നേരെയാകും ഇത്തരത്തില്‍ പെരുമാറുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എനിക്ക് മക്കള്‍ ഉണ്ടാവാതിരിക്കട്ടെയെന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം. ഉണ്ടായിക്കഴിഞ്ഞാല്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ പറ്റില്ല. ഇപ്പോള്‍ ഇല്ല എന്ന സങ്കടമേയുള്ളു. പക്ഷേ ഉണ്ടായിക്കഴിഞ്ഞാല്‍ ഇതിലും വലിയ സങ്കടമായിരിക്കും ഉണ്ടാവുക.

ദൈവത്തിന്റെ സ്വന്തംനാടെന്ന് പറയുന്ന കേരളത്തില്‍ ഒരു മക്കള്‍ ജനിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഇപ്പോള്‍ തോന്നുന്നു. ഇതുപോലുള്ള കുഞ്ഞുമക്കളുടെ അവസ്ഥ കേട്ടിട്ടാണ് അത്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇവരൊക്കെ മനുഷ്യന്‍മാരായി ജനിച്ചത് തന്നെ കഷ്ടം. – ഷാജു പറഞ്ഞു.

സിനിമാ പ്രവര്‍ത്തനായ നവജിത്ത് നാരായണന്റെ നേതൃത്വത്തില്‍ റാഷില്‍ ഖാന്‍, നിഖില്‍ ജയന്‍ തുടങ്ങിയവരാണ് തെരുവ് നാടകത്തില്‍ അഭിനയിച്ചത്. എറണാകുളം ബോട്ട്ജെട്ടിയില്‍ നിന്ന് ആരംഭിച്ച കലാപ്രകടനം ജി.സി.ഡിഎ കോംപ്ലക്സിനു മുന്നില്‍ സമാപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ