| Thursday, 27th April 2023, 11:36 pm

നീ പെര്‍മിഷന്‍ തരുമെങ്കില്‍ മുണ്ടൂര്‍ മാടന്‍ അയ്യപ്പനും കോശിയിലും ഉപയോഗിച്ചോട്ടേയെന്ന് സച്ചിയേട്ടന്‍ ചോദിച്ചു: ഷാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ പറഞ്ഞ കഥയാണ് അയ്യപ്പനും കോശിയിലെ മുണ്ടൂര്‍ കുമ്മാട്ടിയെന്ന് പറയുകയാണ് നടന്‍ ഷാജു. താനൊരു മുണ്ടൂര്‍ക്കാരനാണെന്നും കുമ്മാട്ടി തന്റെ നാടിന്റെ ഉത്സവമാണെന്നും അദ്ദഹം പറഞ്ഞു. ഇതേ പശ്ചാത്തലത്തില്‍ ഒരു സിനിമ കൂടി ചെയ്യാമെന്ന് സംവിധായകന്‍ സച്ചി പറഞ്ഞിരുന്നുവെന്നും അദ്ദേഹം കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പെര്‍മിഷന്‍ ചോദിച്ചിട്ടാണ് സച്ചി ഈ കഥ സിനിമയില്‍ ഉപയോഗിച്ചതെന്നും ഷാജു പറഞ്ഞു.

‘ഞാന്‍ മുണ്ടൂരുകാരനാണ്. മുണ്ടൂര്‍ കുമ്മാട്ടിയെന്ന് പറയുന്നത് എന്റെ നാടിന്റെ ഉത്സവമാണ്. ആ നാടിന്റെ കഥ സച്ചിയേട്ടനോട് പറഞ്ഞിരുന്നു. ഓള്‍റെഡി സച്ചിയേട്ടന്‍ ചെയ്യാന്‍ വെച്ചിരുന്ന സിനിമയാണ് അയ്യപ്പനും കോശിയും. അതിനകത്ത് ബിജു മേനോന്‍ അട്ടപ്പാട്ടിയിലെ പൊലീസ് ഓഫീസറാണ്.

പുള്ളിയെന്നോട് ചോദിച്ചു നീ പെര്‍മിഷന്‍ തരുമെങ്കില്‍ ആ മുണ്ടൂര്‍ ഞാന്‍ ഇതില്‍ ഉപയോഗിച്ചോട്ടെയെന്ന്. അങ്ങനെയാണ് മുണ്ടൂര്‍ മാടന്‍ എന്ന കഥാപാത്രം അയ്യപ്പനും കോശിയില്‍ ഉപയോഗിക്കുന്നത്.

ആ കഥാപാത്രം ഉണ്ടാക്കുകയും മുണ്ടൂര്‍ കുമ്മാട്ടിയില്‍ ഞങ്ങള്‍ ഒരുമിച്ച് പോകുകയും മുണ്ടൂര്‍ കുമ്മാട്ടി മുഴുവന്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. പക്ഷേ അത് ഫ്‌ളാഷ് ബാക്കായത് കൊണ്ട് ആ കാലഘട്ടത്തില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ ഇല്ലായിരുന്നു.

അപ്പോള്‍ ഞങ്ങള്‍ ഡ്രോണ്‍ ഷോട്ടൊക്കെ ഷൂട്ട് ചെയ്തത് ഉപയോഗിക്കാന്‍ പറ്റിയില്ല, അതുകൊണ്ട് മുണ്ടൂര്‍ കുമ്മാട്ടി ആ സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റിയില്ല. പക്ഷേ മുണ്ടൂരിന്റെ കഥ പറഞ്ഞു.

അതിനകത്ത് എന്റെ നാടിന്റെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കഥയാണ് ‘നീ കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ’ എന്ന ഒറ്റ ഡയലോഗില്‍ സച്ചിയേട്ടന്‍ ഫ്‌ളാഷ്ബാക്കായി കൊടുത്തത്.

ഈ ഫ്‌ലാഷ് ബാക്കിലുള്ള കഥ, മുണ്ടൂര്‍ മാടന്‍ എന്ന രീതിയില്‍ സിനിമ ചെയ്യാമെന്ന് പ്ലാന്‍ ചെയ്തതാണ്. പക്ഷേ അദ്ദേഹം ഇപ്പോള്‍ ഇല്ല. ആ സിനിമ മറ്റൊരാളിലേക്ക് ആലോചിക്കാന്‍ പെട്ടെന്ന് അങ്ങോട്ട് പറ്റുന്നുമില്ല,’ ഷാജു പറഞ്ഞു.

CONTENT HIGHLIGFHT: ACTOR SHAJU ABOUT MUNDOOR MADAN

We use cookies to give you the best possible experience. Learn more