പത്താന്‍ സിനിമയിലെ സഹ അഭിനേതാക്കളായ ദീപിക പദുക്കോണിനെയും ജോണ്‍ എബ്രഹാമിനെയും അമര്‍ അക്ബര്‍ ആന്റണിയോട് വിശേഷിപ്പിച്ച് ഷാരൂഖ് ഖാന്‍. മന്‍മോഹന്‍ ദേശായി സംവിധാനം ചെയ്ത ഐക്യത്തിന്റെ സന്ദേശം ഊന്നി പറയുന്ന ഹിറ്റ് ചിത്രമാണ് അമര്‍ അക്ബര്‍ ആന്റണി.
സിനിമ നിര്‍മിക്കുന്നത് സ്‌നേഹം, സന്തോഷം, സഹോദര്യം എന്നിവ വ്യാപിപ്പിക്കാനാണെന്നും അല്ലാതെ ആരുടെയും വികാരം വ്രണപ്പെടുത്താന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ തങ്ങള്‍ വെറും കഥാപാത്രങ്ങളായാണ് അഭിനയിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു. പത്താന്‍ സിനിമയുടെ സക്‌സസ് മീറ്റിലാണ് ഷാരൂഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഇതാണ് ദിപിക പദുക്കോണ്‍ ഇവളാണ് അമര്‍. ഞാന്‍ ഷാരൂഖ് ഖാന്‍, ഞാനാണ് അക്ബര്‍. ഇത് ജോണ്‍ എബ്രഹാം, ഇദ്ദേഹമാണ് ആന്റണി. ഇതാണ് സിനിമയാകുന്നത്. നമ്മള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നുമില്ല. അത് സംസ്‌കാരത്തിന്റെ കാര്യത്തിലായിക്കോട്ടെ മറ്റ് ഏത് വശത്തിലായാലും ഒരു വ്യത്യാസവും ഇല്ല.
ജോണ്‍ ഈ സിനിമയില്‍ ഒരു നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. ഞാനും ജോണും മോശമായി അഭിനയിക്കുന്നുണ്ടെങ്കില്‍ അത് സിനിമയില്‍ മാത്രമാണ്. ഞങ്ങള്‍ വെറും കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
സിനിമ നിര്‍മിക്കുന്നത് ആരുടെയും വികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല. സിനിമയില്‍ എന്തെങ്കിലും കാണിക്കുകയോ പറയുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഗൗരവതരമായി എടുക്കരുത്. ഇതെല്ലാം വെറും വിനോദമാണ്,” ഷാരൂഖ് ഖാന്‍ പറഞ്ഞു.
വിവാദങ്ങളുടെയും വിദ്വേഷ പ്രചരണങ്ങളുടെയും പിന്നാലെ തിയേറ്ററുകളിലെത്തിയ സിനിമയാണ് പത്താന്‍. എന്നാല്‍ തിയേറ്ററിലെത്തിയ ആദ്യ ദിവസം മുതല്‍ തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സിനിമ അഞ്ചാം ദിവസം പിന്നിടുമ്പോള്‍ 500 കോടി കടന്നിരിക്കുകയാണ്.
പലയിടത്തും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദുത്വ സംഘടനകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രചരണങ്ങളെയെല്ലാം മറികടന്നാണ് പത്താന്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
content highlight: actor shahrukh khan says that The film is not made with the intention of hurting anyone’s sentiments