|

മമ്മൂക്ക പലപ്പോഴും എന്നെ കറക്ട് ചെയ്തിട്ടുണ്ട്; അദ്ദേഹം നമ്മുടെ പേര് വിളിക്കുക അപൂര്‍വമാണെന്ന് വാപ്പച്ചി പറഞ്ഞിരുന്നു: ഷഹിന്‍ സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹിന്‍ സിദ്ദിഖ്. പലപ്പോഴും മമ്മൂട്ടി തന്നെ കറക്ട് ചെയ്തിട്ടുണ്ടെന്നും ഇതുവരെ ഉപദേശിക്കുന്നത് പോലെയുള്ള പെരുമാറ്റമൊന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഷഹിന്‍ പറഞ്ഞു.

ഒരു കുട്ടനാടന്‍ ബ്ലോഗിലാണ് ഷഹിന്‍ മമ്മൂട്ടിയുടെ കൂടെ ആദ്യമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ക്രിസ്റ്റഫറിലും കൂടെ അഭിനയിക്കുന്നുണ്ടെന്നും ഷഹിന്‍ അറിയിച്ചു. യു.ബി.എല്‍ എച്ച്.ഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് ഷഹിന്‍ സിദ്ദിഖ് സംസാരിച്ചത്.

”മമ്മൂക്ക എനിക്ക് മൂത്താപ്പയെ പോലെയാണ്. അദ്ദേഹം പലപ്പോഴും എന്നെ കറക്ട് ചെയ്തിട്ടുണ്ട്. ക്രിസ്റ്റഫര്‍ എന്ന മൂവിയില്‍ ഞാന്‍ വീണ്ടും മമ്മൂക്കയുമൊത്ത് അഭിനയിക്കുകയുണ്ടായി. എങ്ങനെ സീന്‍ ചെയ്യും എന്ന് ആലോചിച്ച് സൈഡിലേക്ക് മാറി ടെന്‍ഷനടിച്ച് നില്‍ക്കുകയായിരുന്നു. മമ്മൂക്ക എന്റെ തൊട്ട് പുറകില്‍ ഇരിക്കുന്നുണ്ട്.

ഞാന്‍ അനാവശ്യമായിട്ട് ടെന്‍ഷനടിച്ച് ഇരിക്കുകയായിരുന്നു. എന്നെ അദ്ദേഹം പെട്ടെന്ന് വിളിച്ചു. ഇതുവരെ എന്റെ പേര് വിളിച്ചത് എനിക്ക് ഓര്‍മയില്ല. വാപ്പച്ചി പല ഇന്റര്‍വ്യൂവിലും പറഞ്ഞിട്ടുണ്ട് മമ്മൂക്ക നമ്മുടെ പേര് വിളിക്കുന്നത് അപൂര്‍വമാണെന്ന്. ഞാന്‍ അങ്ങനെ എന്തോ ചിന്തിച്ച് ഇരിക്കുകയാണ്. അദ്ദേഹം വീണ്ടും എന്റെ പേര് വിളിച്ചു.

നീ നില്‍ക്കുമ്പോള്‍ നിന്റെ കാല് ലോക്ക് ചെയ്ത് നില്‍ക്കരുതെന്ന് പറഞ്ഞു. ഫ്രീ ആയിട്ട് നില്‍ക്കണം എന്ന് എന്നോട് പറഞ്ഞു. ഒന്നാമത് വളരെ മോശം ബോഡി പോസ്റ്റര്‍ ഉളള ആളാണ് ഞാന്‍. അങ്ങനെ ചെറിയ ചെറിയ കറക്ഷന്‍സ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ആ സ്‌പോട്ടില്‍ എന്ത് കറക്ഷനാണോ വേണ്ടത് അതാണ് മമ്മൂക്ക തരുക. അല്ലാതെ ഉപദേശം പോലെ ഒന്നും പെരുമാറിയിട്ടില്ല.

അതുപോലെ കുട്ടനാടന്‍ ബ്ലോഗില്‍ ഒരു ഡയലോഗ് പറയുമ്പോള്‍ ഞാന്‍ കൈ കൊണ്ട് കുറേ ആക്ഷന്‍ കാണിച്ചു. നീ എന്തിനാണ് കൈ ഇത്രയും ഉപയോഗിക്കുന്നതെന്ന് മമ്മൂക്ക ചോദിച്ചു. അത്ര കൈ ഉപയോഗിക്കേണ്ട എന്ന് പറഞ്ഞു. അത്തരം ചില കറക്ഷന്‍സ് അഭിനയിക്കുമ്പോള്‍ തന്നിട്ടുണ്ട്,” ഷഹിന്‍ സിദ്ദിഖ് പറഞ്ഞു.

അതേസമയം, ഷെഫീക്കിന്റെ സന്തോഷമാണ് ഷഹീനിന്റെ പുതിയ ചിത്രം. നവംബര്‍ 25നാണ് ചിത്രം റിലീസ് ചെയ്തത്. ബാല, ഉണ്ണി മുകുന്ദന്‍, ദിവ്യ പിള്ള തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

content highlight: actor shaheen sidhique about mammootty