|

മമ്മൂക്കയാണ് സിനിമകളിലേക്ക് എന്നെ കൂടുതല്‍ സജസ്റ്റ് ചെയ്തിട്ടുള്ളത്, വാപ്പച്ചി എന്നെ റെഫര്‍ ചെയ്തിട്ടില്ല: ഷഹീന്‍ സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘സല്യൂട്ട്’ എന്ന ചിത്രത്തില്‍ എസ്.ഐ മഹേഷായെത്തി പ്രേക്ഷക മനസിലിടം പിടിച്ച താരമാണ് ഷഹീന്‍ സിദ്ദിഖ്, നടന്‍ സിദ്ദീഖിന്റെ മകന്‍ കൂടിയാണ് ഷഹീന്‍. തന്റെ പുതിയ സിനിമയെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം.

തനിക്ക് സിനിമകളില്‍ അവസരം വാങ്ങിതരുന്നത് മമ്മൂക്കയാണെന്നാണ് മൂവി സ്റ്റോറിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷഹീന്‍ പറയുന്നത്.

‘വാപ്പച്ചി എന്നെ സിനിമകളിലേക്ക് റെഫര്‍ ചെയ്തിട്ടില്ല. അത് ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് വാപ്പച്ചി. അങ്ങനെ ചെയ്യേണ്ടി വന്നാല്‍ തന്നെ വാപ്പച്ചിക്കത് ഒരുപാട് വിഷമം ഉണ്ടാക്കും. മമ്മൂക്കയാണ് എന്നെ കൂടുതല്‍ സജസ്റ്റ് ചെയ്തിട്ടുള്ളത്. കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ മമ്മൂക്കയുടെ കൂടെ തന്നെയാണ്, എന്നാല്‍ ഒരു ഗാങില്‍ ഒരാളാണ്. സിനിമയുടെ ഡയറക്ടറും വൈഫും എന്നെ ഒരു ടി.വി പ്രോഗ്രാമില്‍ കണ്ടാണ് ആ സിനിമയിലേക്ക് വിളിക്കുന്നത്. അപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞത്, നീ ആലോചിച്ചിട്ട് ചെയ്യെന്നാണ്.

മമ്മൂക്ക സെറ്റില്‍ ഒരുപാട് തമാശ പറയുന്ന ആളാണ്. സെറ്റിലുള്ള ആളുകള്‍ താനൊരു സൂപ്പര്‍ സ്റ്റാറാണല്ലൊ എന്ന് പേടിച്ച് ഡയലോഗ് തെറ്റിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം മമ്മൂക്കയ്ക്ക് അറിയാം, അതുകൊണ്ട് അതനുസരിച്ചാണ് അദ്ദേഹം പെരുമാറുക. ഒരാളെ കംഫര്‍ട്ടബിളാക്കാനാണ് അദ്ദേഹം ശ്രമിക്കുക,’ ഷഹീന്‍ പറയുന്നു.

മാര്‍ച്ച് 18 ന് സോണി ലിവില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും 17 ന് തന്നെ സല്യൂട്ട് സ്ട്രീമിംഗ് തുടങ്ങുകയായിരുന്നു.

ആവറേജ് ചിത്രമെന്നാണ് പലരും സല്യൂട്ടിനെ വിശേഷിപ്പിച്ചത്. എന്നാല്‍ പതിവ് ത്രില്ലര്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ റൂട്ട് പിടിച്ച ചിത്രമാണെന്നും സിനിമ മികച്ച് നിന്നെന്നും പറയുന്ന പ്രേക്ഷകരുമുണ്ട്.

അതേസമയം ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ പലരും നിരാശ പ്രകടിപ്പിച്ചു. മുംബൈ പൊലീസിന്റെ തിരക്കഥാകൃത്തുക്കളില്‍ നിന്നും കുറച്ച് കൂടി മികച്ച കഥ പ്രതീക്ഷിച്ചിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ദുല്‍ഖറിന്റെ പ്രകടനത്തിന് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

Content Highlights: Actor Shaheen Siddique says about Mammootty