കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കിയ ചിത്രമായിരുന്നു ജയ ജയ ജയ ജയഹേ. പ്രേക്ഷക ശ്രദ്ധ വേണ്ടുവോളം നേടിയ ചിത്രത്തിലെ പാട്ടുകളും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ക്ലൈമാക്സിലെ ‘പഞ്ച് സിംഗിൾ പഞ്ച് ഡബിൾ’ പാട്ട് എഴുതിയതിനെ കുറിച്ച് പറയുകയാണ് നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മ.
‘ആ സീൻ ജസ്റ്റ് കണ്ടപ്പോൾ തന്നെ എന്ത് ചെയ്യണമെന്ന ഏകദേശ ധാരണ എനിക്ക് കിട്ടിയിരുന്നു,’ ശബരീഷ് പറയുന്നു.
ചിത്രത്തിൽ തനിക്കായി ഒരു വേഷവും കരുതിവെച്ചിരുന്നുവെന്ന് ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു.
‘സംഗീത സംവിധായകൻ അംഗിതും സംവിധായകൻ വിപിനുമെല്ലാം എന്റെ വളരെയടുത്ത സുഹൃത്തുക്കളാണ്. ജയ ജയ ജയ ജയഹേയിൽ ഞാൻ ശരിക്കും അഭിനയിക്കേണ്ടതായിരുന്നു. പക്ഷെ ഇനിയത് പറഞ്ഞിട്ട് കാര്യമില്ലല്ലോ.
ആ ചിത്രത്തിൽ രണ്ടു വേഷങ്ങളിലേക്ക് എന്നെ തീരുമാനിച്ചിരുന്നു. പല പല സാഹചര്യങ്ങൾ കൊണ്ട് അത് രണ്ടും ചെയ്യാനുള്ള സമയം എനിക്ക് കിട്ടിയില്ല. ആ സമയത്ത് മറ്റു സിനിമകളുടെ തിരക്കിലായി പോയി.
അങ്ങനെയിരിക്കുമ്പോഴാണ് ജയ ജയ ജയഹേയുടെ ക്ലൈമാക്സ് ഭാഗം അവരെനിക്ക് അയച്ചു തരുന്നത്. ‘നേരം’ സിനിമയിൽ പിസ്ത സോങ് ചെയ്തത് പോലെ ഈ ചിത്രത്തിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നായിരുന്നു അവർ എന്നോട് ചോദിച്ചത്.
ആ സീൻ ജസ്റ്റ് കണ്ടു നോക്കിയപ്പോൾ തന്നെ എനിക്ക് ഏകദേശം ഒരു ഐഡിയ കിട്ടിയിരുന്നു. അങ്ങനെ അപ്പോൾ തന്നെയിരുന്നു ആ നിമിഷം തന്നെ തയ്യാറാക്കിയ പാട്ടാണ് ‘പഞ്ച് സിംഗിൾ പഞ്ച് ഡബിൾ’ എന്ന പാട്ട്. ഇത്തരത്തിലുള്ള പാട്ടുകൾ സ്വതസിദ്ധമായി പെട്ടെന്ന് എഴുതാൻ എനിക്ക് കഴിയാറുണ്ട്. മെലഡി സോങ്ങുകൾ എഴുതി ഉണ്ടാക്കാനാണ് കുറച്ചു സമയം വേണ്ടത്.
ഉടനെ തന്നെ ആ പാട്ട് റെക്കോർഡ് ചെയ്തു. സംവിധായകൻ വിപിൻദാസ് അപ്പോൾ തന്നെ വന്ന് പാട്ട് കേട്ടു. വിപിന് കേൾപ്പിച്ചു കൊടുത്തപ്പോൾ അവനത് ഡബിൾ ഓക്കെയായിരുന്നു. പിന്നെ ദർശനക്കും എല്ലാവർക്കും ആ പാട്ട് വർക്കായി വന്നു.
ചില പാട്ടുകൾ നമ്മൾ കേൾക്കുമ്പോൾ സംഗീതത്തിൽ തന്നെ വരികൾ ഒളിഞ്ഞിരിക്കുന്നുണ്ടാവും. നമ്മൾ വെറുതെ നോക്കി എടുത്താൽ മാത്രം മതി. പ്രേമത്തിലെ ‘മലരേ’ പാട്ടൊക്കെ ഒരുപാട് സമയമെടുത്ത് എഴുതിയ പാട്ടായിരുന്നു,’ ശബരീഷ് പറയുന്നു.
Content Highlight : Actor Shabhareesh Varma Talk About Punch Single Punch Double Song In Jaya Jaya Jaya Hey Film