| Friday, 13th October 2023, 1:04 pm

കണ്ണൂര്‍ സ്‌ക്വാഡിലെ യഥാര്‍ത്ഥ റാഫി സാര്‍ എന്നെ വിളിച്ചു; താങ്കളുടെ പ്രതിപുരുഷനാണെന്ന് പറഞ്ഞു: ശബരീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമമെന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശംഭു എന്നറിയപ്പെടുന്ന നടനാണ് ശബരീഷ് വർമ്മ. മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ ഷൂട്ടിങ്‌ സമയത്തെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശബരീഷ്.

‘കണ്ണൂർ സ്‌ക്വാഡിലെ യഥാർത്ഥ റാഫി എന്നെ വിളിച്ചിരുന്നു,’ ശബരീഷ് പറയുന്നു. ക്ലബ്‌ എഫ്. എമിനോട് സംസാരിക്കുകയായിരുന്നു താരം.

കണ്ണൂർ സ്‌ക്വാഡിന് ശേഷം പ്രേമത്തിലെ ശംഭു എന്നതിൽ നിന്ന് മാറി ഷാഫിയെന്ന് ആളുകൾ പറഞ്ഞ് തുടങ്ങിയതിൽ വളരെയധികം സന്തോഷമുണ്ട്. കണ്ണൂർ സ്‌ക്വാഡിലെ യഥാർത്ഥ റാഫി സാർ പിന്നീട് എന്നെ വിളിച്ചിരുന്നു. ‘ഹലോ ഞാൻ താങ്കളുടെ പ്രതിപുരുഷനാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സിനിമ കണ്ടിട്ടില്ലായെന്നും ഉടനെ കാണമെന്നും ഒരു കേസിന്റെ ആവശ്യത്തിനായി കുറച്ചുപേരെ പിടിക്കാൻ തിരുവനന്തപുരത്ത് പോയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ കണ്ണൂർ സ്‌ക്വാഡ് മെമ്പേഴ്സിന് വേണ്ടി ഒരു സ്പെഷ്യൽ ഷോ നടത്തിയിരുന്നു. പിന്നെ അവരുടെ ഫാമിലിക്ക് വേണ്ടി കണ്ണൂരും സ്പെഷ്യൽ ഷോ സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന് അതിന് വരാൻ പറ്റിയില്ലായിരുന്നു.

ചില സീനുകളിൽ നമുക്ക് എന്തെങ്കിലും ഡൗട്ട് വന്നാൽ മമ്മൂക്ക സഹായിക്കും ഇങ്ങനെയൊന്ന് അഭിനയിച്ചു നോക്കെന്ന് മമ്മൂക്ക പറയും. ഡയലോഗ് പറയുമ്പോഴാണെങ്കിലും മമ്മൂക്ക ഒരുപാട് നിർദ്ദേശങ്ങൾ തരും. കൂടെയുള്ള എല്ലാവരെയും ഒരുപോലെ സഹായിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അത്രയും വലിയൊരു നടൻ ഞങ്ങളെ സഹായിക്കുക എന്ന് പറഞ്ഞാൽ അത് സ്വീകരിക്കേണ്ട ഒരു കാര്യമാണ്.

ഞങ്ങൾ പഴയ സിനിമകളെ കുറിച്ചെല്ലാം ചോദിക്കുമ്പോൾ മമ്മൂക്ക ചിലപ്പോൾ അത് അഭിനയിച്ച് കാണിച്ച് തരും. വടക്കൻ വീരഗാഥയിലെ ‘ഇരുമ്പാണിയ്ക്ക് പകരം മുളയാണി വെച്ചവൻ ചന്തു’ എന്ന ഡയലോഗ് വേറെ രീതിയിൽ മമ്മൂക്ക ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. ആ സീൻ ഇപ്പോഴാണെങ്കിൽ ഞാൻ വേറെ രീതിലാവും ചെയ്യുക എന്നാണ് മമ്മൂക്ക പറയുന്നത്.

എല്ലാ കാലവും അഭിനയം മെച്ചപ്പെടുത്തി കൊണ്ടുവരുന്ന നടനാണ് മമ്മൂക്ക. അദ്ദേഹം മാത്രമല്ല ഇപ്പോൾ സിനിമയിൽ നിലനിൽക്കുന്നവരെല്ലാം അത്തരത്തിൽ ഉയർന്നു വന്നവരാണ്. മമ്മൂക്കയെ ഞങ്ങളുടെ കൂടെ കിട്ടിയപ്പോൾ പരമാവധി ഞങ്ങൾക്ക് അറിയാനുള്ളതൊക്കെ ചോദിച്ചറിഞ്ഞു. നമ്മൾ ഒന്ന് ചോദിച്ചാൽ മാത്രം മതി. മമ്മൂക്ക സംസാരിച്ചുകൊണ്ടേയിരിക്കും. ഒരുപാട് സംസാരിക്കാൻ ഇഷ്ടപെടുന്ന ആളാണ് അദ്ദേഹം.

സെറ്റിൽ ആര് വന്നാലും അദ്ദേഹം അതെല്ലാം നിരീക്ഷിക്കും. അതൊരു ക്വാളിറ്റിയാണ്. പിന്നീട് അത്തരത്തിലുള്ള കഥാപാത്രങ്ങൾക്കായി മമ്മൂക്ക അതെല്ലാം ഉപയോഗപെടുത്തും. നമ്മൾ ഏറ്റവും ഇഷ്ടപ്പെടേണ്ടത് നമ്മളിലെ നടനെ തന്നെയാണ് എന്നാണ് മമ്മൂക്ക പറയാറ്.

ചിത്രത്തിന്റെ വിജയാഘോഷം മമ്മൂക്കയുടെ വീട്ടിൽ വെച്ച് നടന്നിരുന്നു. അവസാനം യാത്ര പറയാൻ നേരം മമ്മൂക്ക ഷേക്ക്‌ ഹാൻഡ് തന്നിട്ട് പറഞ്ഞു ‘വെരി ഗുഡ്’. അദ്ദേഹത്തെ പോലെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ എന്നോട് അങ്ങനെ പറയുമ്പോൾ അത് വെറുതെയെടുക്കാൻ എനിക്ക് പറ്റില്ലല്ലോ. ആ വാക്കുകൾ ഞാൻ എന്നും സൂക്ഷിക്കും,’ ശബരീഷ് പറയുന്നു.

Content Highlight : Actor Shabareesh Varma Talk About Mammooty And Kannur Squade Movie

We use cookies to give you the best possible experience. Learn more