സെപ്റ്റംബര്‍ 28 ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ ദിവസം; 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ഓര്‍മകളുമായി സെന്തില്‍ കൃഷ്ണ
Entertainment news
സെപ്റ്റംബര്‍ 28 ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ ദിവസം; 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ഓര്‍മകളുമായി സെന്തില്‍ കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th September 2021, 5:08 pm

കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് സെന്തില്‍ കൃഷ്ണ. സിനിമ പുറത്തിറങ്ങി മൂന്ന് വര്‍ഷം തികയുന്ന ഇന്ന് അതിന്റെ ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം സിനിമയുടെ ഓര്‍മകള്‍ പങ്കുവെച്ചത്. തന്റെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കി ചാലക്കുടിക്കാരന്‍ ചങ്ങാതിയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകന്‍ വിനയന് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

”സെപ്റ്റംബര്‍ 28 എന്റെ ജീവിതത്തില്‍ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം. സിനിമ എന്ന എന്റെ സ്വപ്നങ്ങള്‍ക്ക് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന മണിച്ചേട്ടന്റെ കഥ പറയുന്ന സിനിമയിലൂടെ എന്നെ മലയാള സിനിമാ ലോകത്തേയ്ക്ക് കൈപിടിച്ചുയത്തിയ എന്റെ സ്വന്തം വിനയന്‍ സാറിനെ ഈ നിമിഷത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു,” സെന്തില്‍ പറയുന്നു. പിന്നീട് തനിക്ക് തന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും സ്‌നേഹത്തിനും തന്റെ ഗുരുനാഥന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും സെന്തില്‍ പോസ്റ്റിലൂടെ നന്ദി പറയുന്നു.

സിനിമയിലെ സഹതാരങ്ങളേയും അണിയറപ്രവര്‍ത്തകരേയും എടുത്ത് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് എഴുതിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

”എന്റെ തെറ്റുകുറ്റങ്ങള്‍ കണ്ട് എന്നെ എന്നും സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍, എല്ലാവരെയും ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസായിട്ട് 3 വര്‍ഷങ്ങള്‍ തികയുന്ന ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍മിക്കുന്നു. ഇനിയുള്ള എന്റെ കലാ ജീവിതത്തിലും നിങ്ങളുടെ സ്‌നേഹവും സപ്പോര്‍ട്ടും പ്രതീക്ഷിച്ചുകൊണ്ട് സ്വന്തം സെന്തില്‍ കൃഷ്ണ,” എന്നാണ് എഴുതിയിരിക്കുന്നത്.

2018 സെപ്റ്റംബര്‍ 28നായിരുന്നു കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസ് ചെയ്തത്. ഹണി റോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, ജോജു ജോര്‍ജ്, രമേഷ് പിഷാരടി, ജോയ് മാത്യു എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Senthil Krishna remembers movie Chalakkudikkaran Changathi on its release anniversary