സെന്‍സറിങ് ജനാധിപത്യ വിരുദ്ധമാണെന്നും ഒരാള്‍ക്കും വേറൊരാളുടെ ആര്‍ട്ട് വര്‍ക്കിനെ കട്ട് ചെയ്യാനുള്ള അവകാശമില്ലെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.
2020 മാതൃഭൂമി ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സില്‍ പങ്കെടുത്ത് അദ്ദേഹം സംസാരിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ സെന്‍സര്‍ഷിപ്പുള്ള രാജ്യമാണ് ഇന്ത്യയെന്നും സിനിമാക്കാര്‍ ഇപ്പോഴും ജീവിക്കുന്നത് എമര്‍ജന്‍സി പിരീയഡിലാണെന്നും മുരളി ഗോപി അഭിപ്രായപ്പെട്ടു.
”സെന്‍സറിങ് എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമായ ഒരു നടപടിയാണ്. ഞാന്‍ എന്റെ കരിയറിന്റെ തുടക്കം മുതലും മാധ്യമപ്രവര്‍ത്തകനായിരുന്ന സമയത്തും എതിര്‍ക്കുന്ന നിരന്തരമായി സംസാരിച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് സെന്‍സര്‍ ബോര്‍ഡ്.
ബോര്‍ഡിനെ കുറിച്ചോ അതിലെ അംഗങ്ങളെ കുറിച്ചോ അല്ല പറയുന്നത്. സെന്‍സറിങ് എന്ന പ്രോസസിനെ കുറിച്ചാണ്.
നമ്മളൊരു ജനാധിപത്യ രാജ്യമാണെന്ന് പറയുമ്പോഴും സ്വാതന്ത്രേ്യതര ഇന്ത്യയെ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സെന്‍സര്‍ഷിപ്പുള്ള രാജ്യമാണ് ഇന്ത്യ. ഇത് ശരിക്കും സ്വേച്ഛാധിപത്യ രാജ്യങ്ങളിലുള്ളത് പോലുള്ള സെന്‍സര്‍ഷിപ്പാണ്.
അന്നന്ന് അപ്പപ്പൊ ഭരിക്കുന്ന ഭരണപാര്‍ട്ടികളുടെ ഒരായുധമായാണ് സെന്‍സര്‍ഷിപ്പ് നിയമം വര്‍ക്ക് ചെയ്യുന്നത്. അതിനെ മറികടക്കുക എന്ന് പറയുന്നത് വലിയ പാടുള്ള കാര്യം തന്നെയാണ്.
ഇവരുടെ റൂള്‍ ബുക്ക് നോക്കുകയാണെങ്കില്‍ ആര്‍ട്ടിനെ പ്രതിഫലിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ ആര്‍ട്ടുകൊണ്ട് എന്തെങ്കിലും കാര്യമുള്ളൂ. ഞാനെഴുതിയ സിനിമകളില്‍ ഒരുവിധം എല്ലാ സിനിമകള്‍ക്കും ഈ സെന്‍സര്‍ഷിപ്പ് പ്രശ്‌നം പല ഘട്ടത്തിലായി വന്നിട്ടുണ്ട്.
1975ല്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് സെന്‍സര്‍ ബോര്‍ഡില്‍ കൊണ്ടുവന്ന നിയമങ്ങള്‍ ഇപ്പോഴും അതുപോലെ തുടരുകയാണ്. സിനിമാക്കാര്‍ ഇപ്പോഴും ജീവിക്കുന്നത് എമര്‍ജന്‍സി പിരീയഡിലാണ്.
അവരുടെ ആര്‍ട്ടും ക്രിയേറ്റിവിറ്റിയും സെന്‍സര്‍ഷിപ്പിന്റെ വലിയ സ്‌ക്രീനില്‍ കൂടി വരുമ്പോള്‍ അതില്‍ എത്രത്തോളം ബാക്കിയുണ്ടാകും എന്ന് പറയുക പ്രയാസമാണ്.
ഒരുപാട് സംവിധായകരും എഴുത്തുകാരും ഇപ്പോഴിതിനെ കുറിച്ച് ബോധവാന്മാരാണ്. പക്ഷെ ഇതൊരു പുതിയ പ്രതിഭാസമല്ല.
നമ്മള്‍ കൊളോണിയല്‍ റൂളിലായിരുന്നപ്പോള്‍, 1933ലാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഒരു കിസ്സ്, ഒരു ഫ്രഞ്ച് കിസ്സ് ഇന്ത്യന്‍ സിനിമയില്‍ വന്നത്. കര്‍മ എന്ന സിനിമയില്‍.
ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിച്ചാല്‍ കുറേ മോറല്‍ ക്ലാസുകളാണ് കിട്ടുന്നത്. ഇന്ത്യയില്‍ ഓരോ സംസ്ഥാനങ്ങളിലും സെന്‍സര്‍ഷിപ് നിയമത്തില്‍ വ്യത്യാസമുണ്ട്. ബോളിവുഡിലേതല്ല കേരളത്തിലേത്. ഓരോ നാട്ടിലും വിഘടിച്ച് വളരുന്ന സമൂഹമായാണ് നമ്മള്‍ പോകുന്നത്, കലയുടെ കാര്യത്തില്‍ അത് വളരെ പ്രത്യക്ഷമാണ്.
ഞാന്‍ സെന്‍ഷര്‍ഷിപ്പിന് എതിരാണ്. പക്ഷെ സര്‍ട്ടിഫിക്കേഷന്‍ വളരെ പ്രധാനമാണ്. കുട്ടികള്‍ ഇത് കാണണോ എന്ന് തീരുമാനമെടുക്കാം. പക്ഷെ ഒരുകൂട്ടം ആളുകളിരുന്ന് ബാക്കിയുള്ള മനുഷ്യര്‍ ഇത് കാണണോ എന്ന് തീരുമാനിക്കുന്നത് ദേവന്മാര്‍ക്ക് മാത്രമേ സാധിക്കൂ, അത് മനുഷ്യന്മാര്‍ക്ക് സാധ്യമായ കാര്യമല്ല.
ദേവന്മാര്‍ അല്ലാത്തിടത്തോളം കാലം ഒരാള്‍ക്കും വേറൊരാളിന്റെ ആര്‍ട്ടിനെ കട്ട് ചെയ്യാനോ ഉപദ്രവിക്കാനോ ഉള്ള അവകാശമില്ല,” മുരളി ഗോപി പറഞ്ഞു.
Content Highlight: Actor Script writer Murali Gopy about sensoring of movies