| Monday, 30th May 2022, 12:41 pm

വലിയ ക്യാന്‍വാസിലുള്ള സിനിമകള്‍ പട നയിച്ച് യുദ്ധം ചെയ്യുന്നത് പോലെ; പേഴ്‌സണല്‍ സിനിമകളിലൂടെ കിട്ടുന്ന സമാധാനവും ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷനും വേറെ: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ ക്യാന്‍വാസിലുള്ള സിനിമകള്‍ പട നയിച്ച് യുദ്ധം ചെയ്യുന്നത് പോലെയാണെന്നും എന്നാല്‍ ചെറിയ പേഴ്‌സണല്‍ സിനിമകളിലൂടെ കിട്ടുന്ന സമാധാനവും ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷനും വേറെ തന്നെയാണെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

വണ്ടര്‍വാള്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ കാന്‍വാസിലുള്ള, പാന്‍ ഇന്ത്യന്‍ ലെവലിലുള്ള കഥാപാത്രങ്ങളുള്ള സിനിമകളാണ് മുരളി ഗോപിയുടേതായി പുറത്തിറത്തിറങ്ങിയിട്ടുള്ളത്. അതൊരു ചോയ്‌സാണോ അതോ എഴുത്തും ആലോചനകളും അങ്ങനെ തന്നെയാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് തന്റെ ഇഷ്ടങ്ങളെക്കുറിച്ച് താരം സംസാരിച്ചത്.

”ഒരു ബിഗ് സിനാരിയോയില്‍ മാത്രം സിനിമയെടുക്കണം എന്ന് വിചാരിക്കുന്ന ആളല്ല ഞാന്‍. ഒരു സിറ്റിയെ ഒരു കേക്ക് ആയി സങ്കല്‍പിക്കാമെങ്കില്‍ ആ കേക്കിന്റെ ഒരു പീസ് ആണ് ‘ഈ അടുത്ത കാലത്ത്’ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും. നമ്മള്‍ കണ്ടതും കാണാതെ പോയതും ഒരുപാട് തവണ കണ്ടതുമായ ആള്‍ക്കാരുടെയും ഇവന്റ്‌സിന്റെയും കൊളാഷ് ആണ് ആ സിനിമ.

ബാക്കിയുള്ള സിനിമകള്‍ നോക്കുകയാണെങ്കില്‍ വലിയ സിനാരിയോയിലുള്ള ഒരുപാട് സബ്ജക്ട്‌സ് എന്റെ മനസിലുണ്ട്. എന്നുവെച്ച് ഞാന്‍ പേഴ്‌സണല്‍ സിനിമയുടെ ആളല്ല എന്നല്ല. എനിക്ക് പേഴ്‌സണല്‍ സിനിമയും ഭയങ്കര ഇഷ്ടമാണ്. പക്ഷെ എന്നെ ഞാന്‍ തന്നെ കാണുന്നത് ഒരു മെയിന്‍ സ്ട്രീം ആളായാണ്. മുഖ്യധാരാ എഴുത്തുകാരനായി അറിയപ്പെടാനാണ് എനിക്ക് ആഗ്രഹം.

അല്ലാത്ത ഒന്നിനോടും താല്‍പര്യമില്ല എന്നല്ല. പേഴ്‌സണല്‍ ഫിലിംസ് ഉണ്ടെങ്കിലും മെയിന്‍ സ്ട്രീമിന്റെ ഒരു ഫുള്‍ഹൗസ് ഫിലിം മേക്കിങ്ങ്, ഫുള്‍ഹൗസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

ആ രീതിയില്‍ വലിയ സിനിമകള്‍ ആയിപ്പോയതായിരിക്കാം. അത് മനപൂര്‍വമുള്ള ഒരു തീരുമാനമല്ല. ബാഗ് ക്യാന്‍വാസ് എന്ന് പറയുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യം തന്നെയാണ്.

അതുപോലെ തന്നെ ചെറിയ ചിന്തകളില്‍ വര്‍ക്ക് ചെയ്യാനും ഇഷ്ടമാണ്. അടുത്ത കാലത്ത് ഒ.ടി.ടി വരുന്നത് വരെ നമ്മുടെ കൊമേഷ്യല്‍ സിനിമകള്‍ മുഴുവനായും തിയേറ്റര്‍ ഓറിയന്റഡ് കാര്യമായിരുന്നത് കൊണ്ട് അങ്ങനെ ആലോചിക്കുന്നതായിരുന്നു. ഇപ്പോള്‍ പേഴ്‌സണല്‍ ഫിലിമിനെക്കുറിച്ചും ഞാന്‍ ആലോചിക്കുന്നുണ്ട്.

ചെറിയ തോട്ട്‌സ്, ക്യാപ്‌സൂള്‍ സിനിമകള്‍. അത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതൊരു പേഴ്‌സണല്‍ എക്‌സ്പീരിയന്‍സാണ്. വലിയ സിനിമകള്‍ എന്നത് ഒരു പട നയിക്കുന്നത് പോലെയാണ്. ഒരു യുദ്ധം തുടങ്ങുന്നത് പോലെയാണ്.

ഒരുപാട് ആളുകള്‍, ഒരുപാട് ലൊക്കേഷന്‍ എല്ലാം. ചെറിയ സിനിമകള്‍ ചെയ്യുമ്പോഴുള്ള സൗന്ദര്യവും അതിലൂടെ കിട്ടുന്ന സമാധാനവും ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷനും വേറെ തന്നെയാണ്. അതും ചെയ്യണമെന്നുണ്ട്,” മുരളി ഗോപി പറഞ്ഞു.

2019ല്‍ പുറത്തിറങ്ങി, മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ മുരളി ഗോപി. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്.

2023ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുകയാണെന്നാണ് മുരളി ഗോപി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മുരളി ഇക്കാര്യം പുറത്ത് വിട്ടത്.

Content Highlight: Actor script writer Murali Gopy about big canvas movies and personal movies

We use cookies to give you the best possible experience. Learn more