പകൽനക്ഷത്രങ്ങൾ എന്ന സിനിമയുടെ സ്ക്രിപ്റ്റ് താൻ എഴുതിയത് ഒന്നര ദിവസം കൊണ്ടെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോൻ.
അഞ്ചു ദിവസം കൊണ്ട് മോഹൻലാലിനെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സ്ക്രിപ്റ്റ് എഴുതാനാണ് രാജീവ്(സംവിധായകൻ രാജീവ് നാഥ്) പറഞ്ഞെതെന്നും അതിനായി തനിക്ക് എസ്.എം.സി ഹോട്ടലിൽ റൂം എടുത്തു തന്നെന്നും താരം പറഞ്ഞു. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനൂപ് മേനോൻ.
‘തിരക്കഥാ സിനിമയുടെ ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞ് വന്ന സമയത്ത് രാജീവേട്ടൻ എന്റെ അടുത്ത് വന്ന് പറഞ്ഞു അഞ്ചു ദിവസം കൊണ്ട് ലാലിനെവെച്ച് ഒരു സ്ക്രിപ്റ്റ് എഴുതണമെന്ന്.’ ലാലിന്റെ അഞ്ചു ദിവസം കൊണ്ട്’ എന്ന് പറയുമ്പോൾ സിദ്ദിഖ് ലാൽ സാറെന്നാണ് ഞാൻ കരുതുന്നത്. എന്ത് കഥ എന്ന് ചോദിച്ചപ്പോൾ മോഹൻലാലിന് പറ്റിയ കഥ ചെയ്യണമെന്ന് അദ്ദേഹമെന്നോട് പറഞ്ഞു. ഞാൻ ആശ്ചര്യത്തോടെ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാനോ എന്നാണ് അപ്പോൾ ചോദിച്ചത്. ലാൽ തനിക്ക് അഞ്ചു ദിവസം തന്നിട്ടുണ്ടെന്ന് രാജീവേട്ടൻ പറഞ്ഞു.
അഞ്ചു ദിവസം കൊണ്ട് മോഹൻലാലിനെ ഉൾക്കൊണ്ട് കൊണ്ട് ഒരു സ്ക്രിപ്റ്റ് എഴുതണം. അന്ന് എസ്. എം. സിയിൽ നിന്ന് കൊണ്ടാണ് രാജീവേട്ടൻ അത് പറയുന്നത്. അദ്ദേഹം അപ്പോൾ തന്നെ അവിടെ എനിക്കൊരു റൂം ബുക്ക് ചെയ്തു. ‘ഇനി വീട്ടിൽ പോകേണ്ട,കുപ്പായം എന്തേലും വേണമെങ്കിൽ എടുപ്പിക്കാം നീ ഇവിടെ ഇരി’ എന്ന് പറഞ്ഞ് എന്നെ എസ്. എം. സി റൂമിലിട്ടു. അപ്പുറത്തെ റൂമിൽ ജയരാജേട്ടനും രഞ്ജിയേട്ടനുമുണ്ട്. അവർ ഗുൽമോഹർ എന്ന സിനിമയുടെ ഡിസ്കഷനിലാണ് എനിക്ക് തോന്നുന്നു.
ഞാൻ റൂമിനുള്ളിൽ കയറി. ശരിക്കും പറഞ്ഞാൽ എനിക്ക് സമയമില്ല. പിന്നെ എനിക്ക് എഴുതുക എന്നല്ലാതെ ഒന്നും ചെയ്യാനില്ല.
പകൽനക്ഷത്രങ്ങൾ ആക്ച്വലി ഒന്നര ദിവസംകൊണ്ട് എഴുതിയതാണ്. കാരണം അതിന്റെ പിറ്റേ ദിവസം പുള്ളിക്ക് ലാലേട്ടന്റെ അടുത്ത് കഥ പറയണം. ഞാൻ ഒന്നര ദിവസം കൊണ്ട് എഴുതിയപ്പോൾ രഞ്ജിയേട്ടൻ എന്നോട്ചോദിച്ചു, ‘നീ ഒരു തിരക്കഥ ഒന്നര ദിവസം കൊണ്ട് എഴുതിയോ, കാണട്ടെ’ എന്ന് പറഞ്ഞപ്പോൾ ഇത് കാണേണ്ട എന്ന് ഞാൻ പറഞ്ഞു,’ അനൂപ് മേനോൻ പറഞ്ഞു.
തിരക്കഥയിൽ അഭിനയിക്കുന്നതോടൊപ്പമാണ് താൻ പകൽ നക്ഷത്രങ്ങളിലെ ഡയലോഗ്സ് എഴുതിയതെന്നും അനൂപ് പറഞ്ഞു. തന്റെ തിരക്കഥയുടെ കഴിവ് കൊണ്ടല്ല മോഹൻലാൽ അഭിനയിച്ചതെന്നും രാജീവിനോടുള്ള സ്നേഹം കൊണ്ടാണ് പടം ചെയ്‌തെന്നും താരം പറഞ്ഞു.
‘രാജീവേട്ടനോടുള്ള സ്നേഹം കൊണ്ടാണ് ലാലേട്ടൻ ആ പടം ചെയ്യുന്നത്. അല്ലാതെ എന്റെ തിരക്കഥയുടെ കഴിവ് കൊണ്ടൊന്നുമല്ല.
തിരക്കഥ സിനിമയുടെ ബാക്കി ഷെഡ്യൂളിന്റെ പാരലൽ ആയിട്ടാണ് പകൽനക്ഷത്രങ്ങൾ ഷൂട്ട് ചെയ്യുന്നത്. രാജുവും ഞാനും സംവൃതയുമുള്ള ആദ്യ പോർഷൻ ഷൂട്ട് ചെയ്യുകയാണ്. അത് വിസ്മയയിലാണ്, അവിടെ ഞങ്ങളെ വെച്ച് തിരക്കഥ ഷൂട്ട് ചെയ്യുന്നു, ഇപ്പുറത്ത് ലാലേട്ടനെ വെച്ച് പകൽനക്ഷത്രങ്ങൾ ഷൂട്ട് ചെയ്യുന്നു.അതിൽ ഡയലോഗ്സ് ഒന്നും ഞാൻ എഴുതിയിട്ടില്ല.
ഞാൻ അവിടെ ഒരു ഷോട്ട് അഭിനയിക്കും എന്നിട്ട് നേരെ ഇങ്ങോട്ട് ഓടി വന്ന് ഡയലോഗ്സ് എഴുതും. ലാലേട്ടൻ വന്ന ദിവസമാണെന്ന് എനിക്ക് തോന്നുന്നു, ഞാൻ എഴുതിക്കൊണ്ടിരിക്കുമ്പോൾ ബാക്കിൽ വന്നിട്ട് കൈ കൊണ്ട് ഇങ്ങനെ തട്ടി, ലാലേട്ടൻ ക്യാരക്റ്ററിന് വേണ്ടി ഒരു ജുബ്ബ ഇട്ടു നിൽക്കുകയാണ്. എന്താ എഴുതുന്നത്, ഇപ്പോൾ എടുക്കാനുള്ള സീനിന്റെ ഡയലോഗ്‌സോ എന്ന് ചോദിച്ചു. ഞാൻ അതെ എന്ന് പറഞ്ഞപ്പോൾ നന്നായി വരുമെന്ന് പറഞ്ഞ് പുള്ളി പോയി.
ലാലേട്ടൻ ആ പടം കണ്ടതിന് ശേഷമാണ് അദ്ദേഹത്തിന് ആ സിനിമ ഇഷ്ടമായത്. ഒരുപാട് തിരക്കുകൾക്കിടയിൽ നിന്ന് അഭിനയിച്ചു പോയ പടമാണത്. സിനിമ കണ്ടതിന് ശേഷം എന്നെ വിളിച്ച് കെട്ടിപിടിച്ചിട്ട് എന്നോട് പറഞ്ഞു ‘നല്ല വലിയ സിനിമകൾ എഴുതും നോക്കിക്കോ’ എന്നദ്ദേഹം പറഞ്ഞു,’ അനൂപ് മേനോൻ പറഞ്ഞു.
Content Highlight: Actor, screenwriter and director Anoop Menon says that he wrote the script of Pagalnakshatramanal in one and a half days