മമ്മൂട്ടിയുമായി പണ്ട് ഉണ്ടായിരുന്ന വഴക്കിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പ് തിരക്കഥാകൃത്തായിരുന്നപ്പോഴുള്ള കാലത്തെ അനുഭവമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പങ്കുവെക്കുന്നത്.
”ഞാന്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. പരിചയപ്പെട്ട കാലം മുതല്‍ മിക്കവാറും എല്ലാ ലൊക്കേഷനിലും വെച്ച് ഞങ്ങള്‍ തമ്മില്‍ പിണങ്ങുകയും പിന്നീട് ഇണങ്ങുകയും ചെയ്തിട്ടുണ്ട്.
ഇണങ്ങാന്‍ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടുമില്ല, പിണങ്ങാനുമില്ല. അദ്ദേഹം കലഹിച്ച് കൊണ്ടിരിക്കും.
സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍. അതില്‍ വരുന്ന എല്ലാ ഗോസിപ്പുകളുടെയും വിചാരണകളുടെയും ഭാരം അദ്ദേഹം എന്റെ തലയിലേക്ക് വെക്കും.
പത്രപ്രവര്‍ത്തനം എന്റെ ജോലിയാണ്. അതുകൊണ്ട് ഞാന്‍ മറ്റൊരാളുടെ ഇത്തരം അവഹേളനങ്ങള്‍ക്കും വിചാരണകള്‍ക്കും പാത്രമാകേണ്ടതില്ല, എന്ന എന്റെ ഡിറ്റര്‍മിനേഷന്‍ കാരണം ഞാന്‍ തിരിച്ചും അതുപോലെ പ്രതികരിക്കും.
അങ്ങനെ ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ, സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ എനിക്ക് അദ്ദേഹവുമായി വലിയ വ്യക്തിബന്ധമുണ്ടായിരുന്നു. ആ കാലത്തും ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥിയായി താമസിച്ചിട്ടുണ്ട്.
അത്രയും സ്വാതന്ത്ര്യമുണ്ട്, അത്രയും അടുപ്പമുണ്ട്. അത്രയും പിണക്കങ്ങളുമുണ്ടാകും ഇടക്കിടക്ക്.
തന്റേല്‍ കഥയുണ്ടോ, എന്ന് അദ്ദേഹം എന്നോട് ചോദിക്കാറുണ്ട്. ഞാന്‍ പതുക്കെ ഒഴിഞ്ഞുമാറും. എനിക്ക് വലിയ സിനിമാ താല്‍പര്യമൊന്നുമില്ലായിരുന്നു.
പിന്നീട് പശുപതി എഴുതാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിയാണ് ഞാന്‍ പോയത്. എന്റെ മൂത്ത സഹോദരനെ പോലെ തോന്നിയിട്ടുള്ളത് കൊണ്ടാണ് അത്. ഒരു സഹോദര തുല്യമായ സ്‌നേഹത്തോടെയാണ് എന്നെയും കണ്ടുപോരുന്നത്.
അതിനിടയില്‍ ഏകലവ്യന്റെ കഥ അദ്ദേഹത്തിനോടാണ് ഞാന്‍ ആദ്യം പറയുന്നത്. ചില കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോയി. ഇനി മമ്മൂക്കയോട് കഥ പറയില്ല, എന്ന വാശിയില്‍ ഞാന്‍ സ്വയം ഒരു തീരുമാനമെടുത്തു.
പിന്നീട് അക്ബര്‍ എന്ന പ്രൊഡ്യൂസര്‍ ഷാജിയുമായി ചേര്‍ന്ന് ഞാന്‍ ഒരു സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്നെ വന്ന് കണ്ടു. മമ്മൂക്ക വിളിച്ചില്ലേ, സിനിമ ചെയ്യണ്ടേ, എന്ന് ചോദിച്ചു. ഞാനില്ല, എനിക്ക് അങ്ങനെ സിനിമ ചെയ്യാന്‍ താല്‍പര്യമില്ല, എന്ന് ഞാന്‍ പറഞ്ഞു.
സത്യത്തില്‍ വിലയൊരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയായിരുന്നു അന്ന് മമ്മൂക്ക. അക്ബര്‍ എന്ന നിര്‍മാതാവ് കുറച്ച് ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന് ആ സിനിമ ചെയ്‌തേ പറ്റൂ.
എനിക്ക് ആവശ്യത്തില്‍ കവിഞ്ഞ അഹങ്കാരമുള്ളത് കൊണ്ട്, ആ സിനിമ ചെയ്യാന്‍ താല്‍പര്യമില്ല എന്ന് ഞാന്‍ പറഞ്ഞു. മമ്മൂക്ക വിളിച്ചപ്പോഴും ഞാന്‍ അത് തന്നെ പറഞ്ഞു.
അക്ബര്‍ എന്റെ അമ്മയെ പോയിക്കണ്ട്, ആ ഘട്ടത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞ് കേള്‍പ്പിച്ചു. അമ്മ എന്നെ വിളിച്ചിട്ട്, നീ ആ സിനിമ എഴുതിക്കൊടുക്കണം എന്ന് പറഞ്ഞു. ഞാന്‍ എഴുതില്ല എന്ന് പറഞ്ഞപ്പോള്‍, ഇങ്ങോട്ടൊന്നും പറയണ്ട, അത് എഴുതിക്കൊടുത്താല്‍ മതി എന്നായിരുന്നു അമ്മയുടെ മറുപടി.
അങ്ങനെ ഞാന്‍ അത് എഴുതാന്‍ തീരുമാനിച്ചു. മമ്മൂക്കയോട് കഥ പറയാനൊന്നും ഞാന്‍ വരില്ല, എന്നെ അതിനൊന്നും കിട്ടില്ല, എന്ന് ഞാന്‍ പറഞ്ഞു.
ഞാന്‍ കാണുന്ന ഗൗരവത്തോടെയൊന്നും അദ്ദേഹം അതിനെ കണ്ടിട്ടേ ഉണ്ടാകില്ല. ഒരു കൗതുകത്തോട് കൂടിയായിരിക്കും കണ്ടിട്ടുണ്ടാവുക. പിന്നീടൊരിക്കല്‍ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരു സന്ദര്‍ഭത്തില്‍ എന്നേയും ഷാജിയേയും കൂടെ അദ്ദേഹം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി നിറയെ ബിരിയാണി ഒക്കെ തന്നിട്ട്, ആ കഥ പറ എന്ന് പറഞ്ഞു.
അപ്പോഴും ഞാന്‍ പറഞ്ഞത്, പറയില്ല എന്നായിരുന്നു. അതും ഒരു കൗതുകത്തോടു കൂടി കണ്ടത് കൊണ്ടായിരിക്കും അദ്ദേഹം കിംഗ് സിനിമ ചെയ്തത്. അല്ലാതെ മമ്മൂട്ടിക്ക് വേറെ സിനിമ ഇല്ലാത്തത് കൊണ്ടോ ഞാന്‍ എഴുതിയില്ലെങ്കില്‍ മമ്മൂട്ടിക്ക് നിലനില്‍പ് ഇല്ലാത്തത് കൊണ്ടോ അല്ല. അങ്ങനെയാണ് അദ്ദേഹം കിംഗ് സിനിമ ചെയ്തത്.
പലപ്പോഴും നമ്മുടെ ധാരണകളെ ആളുകള്‍ മറികടക്കുന്നത് അവരുടെ ഹൃദയവിശാലത കൊണ്ടാണ്,” രണ്‍ജി പണിക്കര്‍ പറഞ്ഞു.
Content Highlight: Actor Screen writer Ranji Panicker about an old conflict with Mammootty