രാജമാണിക്യം സിനിമയില്‍ മമ്മൂട്ടിയുടെ അച്ഛനായിട്ടായിരുന്നു സായ്കുമാര്‍ അഭിനയിച്ചത്. ചിത്രത്തില്‍ അഭിനയിക്കാനായി അന്റോ ജോസഫ് ആദ്യമായി വിളിച്ചതിനെക്കുറിച്ച് പറയുകയാണ് സായ്കുമാര്‍.
മമ്മൂട്ടിയുടെ അച്ഛനായിട്ട് അഭിനയിക്കാന്‍ തന്നോട് പറയാന്‍ അന്റോ ജോസഫിന് പേടിയായിരുന്നുവെന്നും താന്‍ വഴക്കിടുമെന്ന് അദ്ദേഹം വിചാരിച്ചുവെന്നും സായ്കുമാര്‍ പറഞ്ഞു.
സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയെ ഡാ എന്നായിരുന്നു വിളിച്ചിരുന്നതെന്നും അല്ലാത്ത സമയത്ത് അങ്ങനെ വിളിച്ചാല്‍ മമ്മൂട്ടിയുടെ കയ്യില്‍ നിന്നും അടി കിട്ടുമെന്നും സായ്കുമാര്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”രാജമാണിക്യം സിനിമക്ക് വേണ്ടി എന്നെ ആന്റോ ജോസഫ് വിളിച്ചു. ചേട്ടാ ഞാന്‍ ആന്റോ ജോസഫ് ആണ്. വഴക്ക് പറയരുത് ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെയെന്ന് എന്നോട് ചോദിച്ചു. എന്തിനാണ് ഞാന്‍ വഴക്ക് പറയുന്നതെന്ന് ഞാന്‍ അവനോട് ചോദിച്ചു.
ചോദിക്കുന്നത് അങ്ങനെയുള്ള കാര്യമാണെന്ന് അവന്‍ പറഞ്ഞു. എന്താണ് അത്തരത്തിലുള്ള കാര്യമെന്ന് ഞാന്‍ അവനോട് ചോദിച്ചു. രാജമാണിക്യത്തില്‍ ഒരു കഥാപാത്രം ചെയ്യുമോയെന്നായിരുന്നു അവന് അറിയേണ്ടത്. അതിന് എനിക്ക് എന്താ… ചെയ്യാമെന്ന് ഞാന്‍ അവനോട് പറഞ്ഞു.
അതിനാണോ വഴക്ക് പറയുമോ എന്നൊക്കെ ചോദിച്ചതെന്ന് ഞാന്‍ ചോദിച്ചു. ഒരു കഥാപാത്രം ചെയ്യുമോയെന്ന് ചോദിക്കുന്നത് നല്ലതല്ലെ, ഞാന്‍ അതിന് എന്തിനാണ് നിന്നെ വഴക്ക് പറയുന്നത് എന്നൊക്കെ കുറേ ഞാന്‍ കളിയാക്കി.
അതല്ല, പറയുമ്പോള്‍ മമ്മൂട്ടിയുടെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടതെന്ന് അവന്‍ പറഞ്ഞു. കൂളായിട്ട് അതിനെന്താ… എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ ആകെ അതിശയത്തോടെ നിന്നു. അഭിനയിക്കുന്നതിന് എന്താണ് കുഴപ്പമെന്നും കാശ് തരില്ലെയെന്നും ഞാന്‍ ചോദിച്ചു. അവന് അത് ശരിക്കും ഷോക്കിങ് ആയിരുന്നു.
ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ മമ്മൂക്കയെ ഡാ… എന്നൊക്കെയായിരുന്നു വിളിച്ചത്. ആ സമയത്ത് ഡാ എന്നൊക്കെ വിളിച്ചാലും എന്റെ അടുത്തേക്ക് വരുമായിരുന്നു. അല്ലാത്ത സമയത്ത് ഡാ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അടി എപ്പോള്‍ കിട്ടിയെന്ന് പറഞ്ഞാല്‍ മതി. അതുകൊണ്ട് ഞാന്‍ ഇടക്ക് ഡാ എന്നൊക്കെ വിളിക്കും. അതുമാത്രമല്ല, അവരുടെ ഒക്കെ അച്ഛനാവുക എന്ന് പറഞ്ഞാല്‍ അതൊരു സുഖമല്ലെ,” സായ്കുമാര്‍ പറഞ്ഞു.