| Saturday, 22nd April 2023, 10:46 am

കൊച്ചി സ്ലാങ്ങുള്ള ഒരാള്‍ക്ക് ഡോക്ടറോ എഴുത്തുകാരനോ ആകാന്‍ കഴിയില്ലേ; അത് കേട്ടപ്പോള്‍ തന്നെ എനിക്ക് സന്തോഷമായി: സൗബിന്‍ ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയിച്ച കൂടുതല്‍ സിനിമകളിലും കൊച്ചിക്കാരനായി വേഷമിട്ട താരമാണ് സൗബിന്‍ ഷാഹിര്‍. ഏതാനും ചുരുങ്ങിയ സിനിമകളില്‍ മാത്രമാണ് താരം കൊച്ചി സ്ലാങ്ങിന് പുറത്തുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളത്. അതിനെ കുറിച്ച് സംസാരിക്കുകയാണ് സൗബിന്‍.

സുഡാനി ഫ്രം നൈജീരിയ ഉള്‍പ്പെടെയുള്ള സിനിമകളില്‍ താന്‍ കൊച്ചി ഭാഷയ്ക്ക് പുറത്തുള്ള സ്ലാങ് കൈകാര്യം ചെയ്തിട്ടുണ്ടെന്നും കോഴിക്കോട് നടക്കുന്ന കഥയില്‍ എന്തായാലും കൊച്ചി സ്ലാങ് ഉപയോഗിക്കാന്‍ പറ്റില്ലല്ലോ എന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞു.

‘ഞാന്‍ സുഡാനിയിലൊക്കെ അഭിനയിച്ചിട്ടുണ്ടല്ലോ. അതിലൊന്നും പറഞ്ഞത് കൊച്ചി സ്ലാങ്ങായിരുന്നില്ല. അതുപോലെ തന്നെ അമലേട്ടന്റെ സി.ഐ.എ എന്ന പടത്തില്‍ ഞാന്‍ ചെയ്ത കഥാപാത്രം സംസാരിക്കുന്നത് പാലാ സ്ലങ്ങാണ്. എന്നാ ഒണ്ട് എന്നൊക്കെ തന്നെയാണ് പറയുന്നത്.

ഇപ്പോള്‍ എന്താണ് പ്രശ്‌നം എന്ന് ചോദിച്ചാല്‍, പിന്നെ മറ്റ് സ്ലാങ് ഉപയോഗിക്കുന്ന മുഴുനീള കഥാപാത്രം വരുമ്പോള്‍ കുറച്ച് പ്രശ്‌നമുണ്ടാകും. പിന്നെ കോഴിക്കോട് നടക്കുന്ന ഒരു കഥയില്‍ എന്തായാലും നമുക്ക് കൊച്ചി ഭാഷ സംസാരിക്കാന്‍ പറ്റില്ലല്ലോ.

ഇന്ന് ഞാന്‍ കൊടുത്ത അഭിമുഖത്തില്‍ അവതാരകന്‍ തന്നെ എന്നോട് ചോദിച്ചു, ഒരു എഴുത്തുകാരനെന്താ കൊച്ചിക്കാരന്‍ ആകാന്‍ പറ്റില്ലേയെന്ന്. അതുപോലെ കൊച്ചി ഭാഷ സംസാരിക്കുന്ന ഡോക്ടര്‍ ഉണ്ടാകാന്‍ പറ്റില്ലേയെന്നും. അതിനെ അങ്ങനെ മാത്രം കണ്ടാല്‍ മതിയല്ലോ എന്നാണ് അയാള്‍ ചോദിച്ചത്. പുള്ളി അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി,’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.

content hghlight: actor saubin shahir about kochi slang

We use cookies to give you the best possible experience. Learn more