മരിക്കാന്‍ ഒരുക്കമാണെങ്കില്‍ ഒന്നും പ്രശ്‌നമല്ല, ഇത്‌ ശാസ്ത്രയുഗം : സത്യരാജ്
Indian Cinema
മരിക്കാന്‍ ഒരുക്കമാണെങ്കില്‍ ഒന്നും പ്രശ്‌നമല്ല, ഇത്‌ ശാസ്ത്രയുഗം : സത്യരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th October 2023, 4:28 pm

കാലങ്ങളായി വിവിധ ഭാഷകളില്‍ വ്യത്യസ്ത വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടന്‍ സത്യരാജ്. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് സത്യരാജ്. കാലാനുസൃതമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അത് ആളുകള്‍ അംഗീകരിക്കണമെന്നാണ് സത്യരാജ് പറയുന്നത്.

‘എല്ലാവരും നല്ലൊരു ജീവിതം ഇവിടെ ജീവിക്കുന്നതിന് കാരണം ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളാണ്.ഇതൊരു ശാസ്ത്ര യുഗമാണ്,’ സത്യരാജ് പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഒരു കാര്യത്തിനും വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആളല്ല. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം അംഗീകരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. സാധാരണ ജീവിതം നയിക്കാനാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നത്. ഒരു പ്രത്യേക ബ്രാന്‍ഡിന്റെ സാധനങ്ങള്‍ ഉപയോഗിക്കണമെന്നോ ഇത്ര വിലയുള്ള കാര്‍ വാങ്ങിക്കണമെന്നോ ഞാന്‍ ഒരിക്കലും വിചാരിക്കുന്നില്ല. ഇപ്പോള്‍ ഉള്ള എന്നില്‍ തന്നെ ഞാന്‍ ഒരുപാട് കംഫര്‍ട്ടബിളാണ്. അതാണ് എന്റെ സന്തോഷം.

ജീവിതം ഇങ്ങനെ മുന്നോട്ട് പോയി കൊണ്ടിരിക്കും. നമ്മള്‍ മരിക്കാന്‍ തയ്യാറാണെങ്കില്‍ ജീവിതത്തില്‍ ഒരു പ്രശനവും ഉണ്ടാവില്ല. കാരണം ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് തന്നെ മരണമാണ്. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

പക്ഷെ ആരും അതിനെ കുറിച്ച് ചിന്തിക്കാറില്ല, സംസാരിക്കാറില്ല . പിന്നെ എന്തിനാണ് ഓരോ ചെറിയ കാര്യങ്ങളെ കുറിച്ച് നമ്മള്‍ കൂടുതല്‍ ചിന്തിക്കുന്നത്.

എല്ലാവരും നല്ലൊരു ജീവിതം ഇവിടെ ജീവിക്കുന്നതിന് കാരണം ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളാണ്. ടെക്‌നോളജിയിലെല്ലാം ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു. എന്തിനാണ് ആളുകളിപ്പോഴും അന്ധവിശ്വാസങ്ങളില്‍ കൂടുതല്‍ വിശ്വസിക്കുന്നത്. നല്ല ദിവസം, ചീത്ത ദിവസം, മോശം നമ്പര്‍ എന്നിങ്ങനെ എന്തിനാണ് എല്ലാത്തിനെയും വേര്‍തിരിക്കുന്നത്.

ഇത് ശാസ്ത്ര യുഗമാണ്. നമ്മള്‍ സ്വയം ഒരു നീതി പുലര്‍ത്തണം. തോമസ് ആല്‍വ എഡിസണെയും റൈറ്റ് ബ്രദേഴ്‌സിനെയും ഹെന്റി ഫോര്‍ഡിനെയുമെല്ലാമാണ് നമ്മള്‍ ബഹുമാനിക്കേണ്ടത്. അവരെല്ലാമാണ് നമ്മുടെ ഇന്നത്തെ ജീവിതം വളരെ എളുപ്പമുള്ളതാക്കി മാറ്റിയവര്‍. അവരെയാണ് നമ്മള്‍ അംഗീകരിക്കേണ്ടത്,’ സത്യരാജ് പറയുന്നു.

ഒറ്റയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന സത്യരാജിന്റെ ചിത്രം. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം കൂടിയാണ് ഒറ്റ. ഒക്ടോബര്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

 

 

Content Highlight: Actor Sathyaraj Talks About his Life