കമ്മ്യൂണിസമാണ് എന്റെ രാഷ്ട്രീയം, ദൈവത്തിലും ജാതി വ്യവസ്ഥയിലും വിശ്വസിക്കുന്നില്ല : സത്യരാജ്
Indian Cinema
കമ്മ്യൂണിസമാണ് എന്റെ രാഷ്ട്രീയം, ദൈവത്തിലും ജാതി വ്യവസ്ഥയിലും വിശ്വസിക്കുന്നില്ല : സത്യരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd October 2023, 4:09 pm

 

വിവിധ ഭാഷകളിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് സത്യരാജ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ എന്നും പ്രേക്ഷക ശ്രദ്ധ നേടാൻ സത്യരാജിന് കഴിഞ്ഞിട്ടുണ്ട്.

ബാഹുബലിയിലെ ‘കട്ടപ്പ’ യെന്ന കഥാപാത്രം സത്യരാജിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികകല്ലായിരുന്നു. റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒറ്റ’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ തിരിച്ചു വരാൻ ഒരുങ്ങുകയാണ് സത്യരാജ്.

ഇപ്പോൾ തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സംസാരിക്കുകയാണ് സത്യരാജ്. തന്റെ രാഷ്ട്രീയം കമ്മ്യൂണിസമാണെന്ന് പറയുകയാണ് താരം.

‘ കമ്മ്യൂണിസം എന്ന ചിന്തയിൽ എല്ലാ മനുഷ്യരും തുല്യരാണ്. അതിൽ എല്ലാവരും ഒന്നാണ്,’ സത്യരാജ് പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജീവിതത്തിൽ ഞാൻ ഒരുപാട് കൂൾ ആയിട്ടുള്ള മനുഷ്യനാണ്. ഒരുകാര്യത്തെ കുറിച്ചും എനിക്ക് വലിയ വിശ്വാസങ്ങൾ ഒന്നുമില്ല. ഞാൻ ദൈവത്തിലോ മതത്തിലോ ജാതിയിലോ ഒന്നും വിശ്വസിക്കുന്നില്ല. ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. അന്തരീക്ഷത്തിൽ ഒരു എനർജി ഉണ്ടെന്ന് നമുക്കെങ്ങനെ സ്ഥാപിക്കാൻ കഴിയും. ആരാണ് അങ്ങനെ പറഞ്ഞത്. അതിന് എന്ത് തെളിവാണുള്ളത്.

പ്രവചിക്കാൻ കഴിയാതെ ക്രമരഹിതമായി മുന്നോട്ട് പോവുന്ന ഒന്നാണ് ജീവിതം. അതിൽ മരണത്തിനപ്പുറത്തേക്ക് ഒന്നുമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഞാൻ ഒരു ദൈവത്തിലും ജാതി വ്യവസ്ഥയിലും വിശ്വസിക്കുന്നില്ല.

മനുഷ്യത്വം അതിന്റെ കൊടുമുടിയിൽ എത്തുന്ന സമയമാണ് യഥാർത്ഥ കമ്മ്യൂണിസം വർക്ക്‌ ആവുന്നത്. കമ്മ്യൂണിസമെന്ന ആ ചിന്തയിൽ എല്ലാ മനുഷ്യരും തുല്യരാണ്. അവിടെ ഉയർന്ന ജാതി, താഴ്ന്ന ജാതി എന്നൊന്നുമില്ല, പണക്കാരൻ, പാവപ്പെട്ടവൻ എന്ന വേർതിരിവില്ല, ആണെന്നോ പെണ്ണെന്നോ ഉള്ള ലിംഗ വിവേചനമില്ല. തമിഴ്നാട്ടിലെ പെരിയാർ മൂവ്മെന്റെല്ലാം അതിന് ഉദാഹരണമാണ്.

എന്നാൽ അത് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നത് പ്രയോഗികമായി കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ ഒരു കമ്മ്യൂണിസം എന്ന ചിന്തയാണ് എന്റെ രാഷ്ട്രീയം,’ സത്യരാജ് പറയുന്നു.

Content Highlight : Actor Sathyaraj Talk About His Political Ideologies