Film News
ഡേറ്റ് ഇഷ്യൂസ് ഉള്ളതുകൊണ്ടാണ് മലയാള സിനിമയിൽ അഭിനയിക്കാൻ കഴിയാറില്ല : സത്യരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 16, 07:38 am
Monday, 16th October 2023, 1:08 pm

തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം ഒരുപാട് സിനിമകൾ ചെയ്‌തിട്ടുള്ള തെന്നിന്ത്യൻ താരമാണ് സത്യരാജ്. എന്നാൽ മലയാളത്തിൽ ആകെ മൂന്നു സിനിമകളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. മലയാള സിനിമയിൽ അഭിനയിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.

മലയാള സിനിമകളിലേക്ക് വിളിക്കുമ്പോൾ ഡേറ്റ് പ്രശ്നം ഉണ്ടാകാറുണ്ടെന്നും മലയാളത്തെ അപേക്ഷിച്ച് തമിഴിലും തെലുങ്കിലുമെല്ലാം നല്ല പെയ്‌മെന്റ് കിട്ടാറുണ്ടെന്നും സത്യരാജ് പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമായും ഡേറ്റ് ഇഷ്യൂസ് ഉള്ളതുകൊണ്ടാണ് അഭിനയിക്കാൻ സാധിക്കാതെ വന്നത്. അതുപോലെതന്നെ തമിഴിലും തെലുങ്കിലും നമുക്ക് നല്ല പെയ്മെൻറ് കിട്ടുമല്ലോ. പക്ഷേ അതിൽ ഒന്നും തെറ്റില്ല. കാരണം അത് ആ ഏരിയയുടെ പ്രശ്നമാണ്.


ഇപ്പോൾ ഉദാഹരണത്തിന് നിങ്ങൾ ഒരു പോപ്പുലർ ആയിട്ടുള്ള ഹോളിവുഡ് ആക്ടർ ആണെങ്കിൽ നിങ്ങൾക്ക് നല്ല പെയ്മെൻറ് കിട്ടും. അതുപോലെതന്നെ നിങ്ങൾ നല്ലൊരു ഹിന്ദി ആക്ടർ ആണെങ്കിൽ നല്ല സാലറി കിട്ടും. അതിനെല്ലാം കാരണം ആ ഒരു ഏരിയയാണ്. പക്ഷേ ക്വാളിറ്റി എടുത്തു നോക്കുമ്പോൾ സത്യൻ സാറിൻറെ സമയത്തൊക്കെ എത്ര നല്ല മലയാള പടങ്ങളാണ് പുറത്തുവന്നിരുന്നത്,’ സത്യരാജ് പറഞ്ഞു.

താനിപ്പോൾ സിനിമ കാണുന്നത് കുറവാണെന്നും പണ്ട് താത്പര്യമുണ്ടായിരുന്നെന്നും അഭിമുഖത്തിൽ സത്യരാജ് കൂട്ടിച്ചേർത്തു. ഇപ്പോൾ യൂട്യൂബിൽ ഫിലസോഫിക് ടോക്കുകളും ടെന്നീസ് കളികളുമൊക്കെയാണ് കാണാറുള്ളതെന്നും സത്യരാജ് പറഞ്ഞു.
‘ഞാനിപ്പോൾ പടം കാണുന്നത് വളരെ കുറവാണ്. പണ്ട് എനിക്ക് പടങ്ങൾ കാണാൻ നല്ല ഇൻട്രസ്റ്റ് ആയിരുന്നു പക്ഷേ ഇപ്പോൾ യൂട്യൂബിലെ ഫിലോസഫിക്ക് ടോപ്പിക്ക്, ടെന്നീസ് തുടങ്ങിയവയാണ് ഇപ്പൊൾ എനിക്ക് കാണാൻ ഇഷ്ടമുള്ളത്.

ഞാൻ എം.ജി.ആറിന്റെ ഫാനാണ്. അതുകൊണ്ടുതന്നെ ഇപ്പൊ പടങ്ങൾ കാണുന്നതിന് പകരം എം.ജി.ആറിന്റെ സോങ് ആണ് കാണാറ്. മലയാളം ഭാഷയിലെ യേശുദാസിന്റെ ശബ്ദം കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. യൂട്യൂബിലെ സ്പീക്കർ ബട്ടൺ ഓൺ ചെയ്തിട്ട് യേശുദാസ് സോങ്‌സ് ഇൻ മലയാളം എന്ന് പറയും. അപ്പോൾ ‘അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും’ എന്ന പാട്ട് വരും.


‘ഓമലാളെ കണ്ടു ഞാൻ’ എന്ന പാട്ട് ഒക്കെ ഞാൻ ഒരുപാട് ആസ്വദിച്ച പാട്ടാണ്. യേശുദാസിന്റെ അന്നത്തെ പാട്ടുകളൊക്കെ ഭയങ്കര സൂത്തിങ്ങാണ്. നസീർ സാറിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് സോങ്, പൂര്ണമായിട്ടും മനസിലാവില്ലെങ്കിലും എനിക്കത് ഇഷ്ടമായിരുന്നു,’ സത്യരാജ് പറഞ്ഞു.

ഒറ്റയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന സത്യരാജിന്റെ ചിത്രം. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം കൂടിയാണ് ഒറ്റ. ഒക്ടോബര്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

Content Highlight: Actor Sathyaraj about the payment he get from different  cinima industry