മലയാളത്തിലെ നിത്യഹരിത നായകനായ സത്യന്റെ 108ാം ജന്മദിനമാണ് ഇന്ന്. ജന്മ ദിവസത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മകന്‍ സതീഷ് സത്യന്‍. പട്ടാളത്തിലെ സേവനത്തിന് ശേഷം പൊലീസില്‍ ചേര്‍ന്ന സത്യന് അന്ന് കമ്മ്യൂണിസ്റ്റുകാര്‍ തലയ്ക്ക് വിലപറഞ്ഞ സംഭവം ഓര്‍ത്തെടുക്കുകയാണ് മകന്‍. ഇന്ത്യാ ടുഡേ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
1948ല്‍ ആലപ്പി നോര്‍ത്ത് സ്റ്റേഷനിലായിരുന്നു സത്യന്റെ ആദ്യ പോസ്റ്റിങ്. പുന്നപ്ര വയലാര്‍ സമരം കഴിഞ്ഞ സമയമായിരുന്നു അത്. സത്യന്‍ ഭാര്യയ്ക്കും മൂത്തമകനുമൊപ്പം വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ജോയിന്‍ ചെയ്ത് താമസിയാതെ തന്നെ അറിയപ്പെടുന്ന എസ്.ഐ ആയി സത്യന്‍ മാറിയെന്നും മകന്‍ ഓര്‍ത്തെടുക്കുന്നു.
‘കാലത്താണ് കമ്മ്യൂണിസ്റ്റുകാര്‍ ഒരു പൊലീസ് സ്റ്റേഷന്‍ തീവെക്കുകയും സി.ഐയെ കൊലപ്പെടുത്തുകയും ചെയ്ത സംഭവമുണ്ടായത്. പുന്നപ്ര സമരത്തിന്റെയും ഈ കേസിലെയും പ്രതികളെ പിടികൂടാനായി പ്രത്യേക പോസ്റ്റിംഗ് നല്‍കിയതാണ് സര്‍ക്കാര്‍. ഒന്നര വര്‍ഷം ആലപ്പുഴയില്‍ ജോലി ചെയ്ത ഇക്കാലയളവില്‍ പപ്പയും കമ്മ്യൂണിസ്റ്റുകാരുമായുള്ള ബന്ധം ഏറെ വഷളായി. അതിനിടെ പപ്പയുടെ തലയ്ക്ക് വിലപറഞ്ഞ് കമ്മ്യൂണിസ്റ്റുകാര്‍ ചുമരെഴുതി. സംഗതി വഷളാകുമെന്ന് കണ്ട് സര്‍ക്കാര്‍ പപ്പയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി,’ സതീഷ് സത്യന്‍ പറഞ്ഞു.
അധ്യാപകനായി ജോലിയില്‍ കയറി പിന്നീട് പട്ടാളത്തിലും ശേഷം പൊലീസിലും ജോലി നോക്കിയ സത്യന്‍ പൊലീസ് വേഷം വലിച്ചെറിഞ്ഞാണ് അഭിനയ രംഗത്തേക്കെത്തുന്നത്.
കൗമുദി ബാലകൃഷ്ണന്‍ എന്ന കെ ബാലകൃഷ്ണനാണ് സത്യനിലെ അഭിനേതാവിനെ കണ്ടെത്തുന്നതും ത്യാഗ സീമ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നതും.
1912 നവംബര്‍ ഒന്‍പതിനാണ് മാനുവല്‍ സത്യനേശന്‍ എന്ന സത്യന്‍ ജനിക്കുന്നത്. ഏറെ കഥാപാത്രങ്ങള്‍ സമ്മാനിച്ച നടന്‍ സിനിമാ ലോകത്ത് നിന്ന് വിടപറയുന്നത് 1971 ജൂണ്‍ 15നാണ്.
കടല്‍ പാലങ്ങള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, നീലക്കുയില്‍, ചെമ്മീന്‍ തുടങ്ങി മലയാളിയുടെ ഓര്‍മയില്‍ ഒരിക്കലും മായാത്ത നിരവധി കഥാപാത്രങ്ങളാണ് സത്യന്‍ എന്ന അതുല്യ നടന്‍ ബാക്കി വെച്ച് പോയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor sathyan birthday, his son shares memory