മലയാളത്തിലെ നിത്യഹരിത നായകനായ സത്യന്റെ 108ാം ജന്മദിനമാണ് ഇന്ന്. ജന്മ ദിവസത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മകന്‍ സതീഷ് സത്യന്‍. പട്ടാളത്തിലെ സേവനത്തിന് ശേഷം പൊലീസില്‍ ചേര്‍ന്ന സത്യന് അന്ന് കമ്മ്യൂണിസ്റ്റുകാര്‍ തലയ്ക്ക് വിലപറഞ്ഞ സംഭവം ഓര്‍ത്തെടുക്കുകയാണ് മകന്‍. ഇന്ത്യാ ടുഡേ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
1948ല്‍ ആലപ്പി നോര്‍ത്ത് സ്റ്റേഷനിലായിരുന്നു സത്യന്റെ ആദ്യ പോസ്റ്റിങ്. പുന്നപ്ര വയലാര്‍ സമരം കഴിഞ്ഞ സമയമായിരുന്നു അത്. സത്യന്‍ ഭാര്യയ്ക്കും മൂത്തമകനുമൊപ്പം വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ജോയിന്‍ ചെയ്ത് താമസിയാതെ തന്നെ അറിയപ്പെടുന്ന എസ്.ഐ ആയി സത്യന്‍ മാറിയെന്നും മകന്‍ ഓര്‍ത്തെടുക്കുന്നു.
‘കാലത്താണ് കമ്മ്യൂണിസ്റ്റുകാര്‍ ഒരു പൊലീസ് സ്റ്റേഷന്‍ തീവെക്കുകയും സി.ഐയെ കൊലപ്പെടുത്തുകയും ചെയ്ത സംഭവമുണ്ടായത്. പുന്നപ്ര സമരത്തിന്റെയും ഈ കേസിലെയും പ്രതികളെ പിടികൂടാനായി പ്രത്യേക പോസ്റ്റിംഗ് നല്‍കിയതാണ് സര്‍ക്കാര്‍. ഒന്നര വര്‍ഷം ആലപ്പുഴയില്‍ ജോലി ചെയ്ത ഇക്കാലയളവില്‍ പപ്പയും കമ്മ്യൂണിസ്റ്റുകാരുമായുള്ള ബന്ധം ഏറെ വഷളായി. അതിനിടെ പപ്പയുടെ തലയ്ക്ക് വിലപറഞ്ഞ് കമ്മ്യൂണിസ്റ്റുകാര്‍ ചുമരെഴുതി. സംഗതി വഷളാകുമെന്ന് കണ്ട് സര്‍ക്കാര്‍ പപ്പയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി,’ സതീഷ് സത്യന്‍ പറഞ്ഞു.