| Sunday, 15th October 2023, 12:23 pm

ഒരു ക്യാരക്റ്റർ ആർട്ടിസ്റ്റ് എന്ന നിലക്ക് റിവ്യൂ എന്നെ ബാധിക്കില്ല: സത്യരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ റിവ്യൂവിനെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടൻ സത്യരാജ്. തമിഴ് നാട്ടിൽ ഏഴ് ദിവസം കഴിഞ്ഞതിന് ശേഷം മാത്രമാണ് സിനിമയുടെ റിവ്യൂ ചെയ്യാൻ പറ്റുകയുള്ളു. കേരളത്തിൽ റിവ്യൂവിനെതിരെ കേസ് കൊടുത്തിരുന്നെങ്കിലും അത് കോടതി പരിഗണിച്ചിരുന്നില്ല.

ഒരു ആഴ്ച കഴിഞ്ഞ് റിവ്യൂ ചെയ്യുന്നതാണ് നല്ലതെന്നും ഒരു ക്യാരക്റ്റർ ആർട്ടിസ്റ്റ് എന്ന നിലക്ക് റിവ്യൂ തന്നെ ബാധിക്കില്ലെന്നും സത്യരാജ് പറഞ്ഞു. എന്നാൽ റിവ്യൂ ചെയ്യുന്നതുകൊണ്ട് ആദ്യം ബാധിക്കുന്നവർ നിർമാതാവ്,സംവിധായകൻ, ഹീറോ, ഹീറോയിൻ എന്ന നിലയിലാണെന്നും താരം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഓസ്കാര്‍ ജേതാവ്  റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ഒറ്റയാണ് സത്യരാജിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

‘ഒരു ആഴ്ച കഴിഞ്ഞിട്ട് റിവ്യൂ വരുന്നതാണ് നല്ലത്. റിവ്യൂ എഫക്ട് ചെയ്യാത്ത ആളുകൾ ഞങ്ങൾ ക്യാരക്റ്റർ ആർട്ടിസ്റ്റുകളാണ്. ബാധിക്കുന്ന ആളുകളിൽ ഒന്ന് പ്രൊഡ്യൂസർ പിന്നെ സംവിധായകൻ അതിനുശേഷം ഹീറോ, ഹീറോയിൻ.

ഞാൻ ഇപ്പോൾ ഒരേ സമയം പൂർത്തിയാക്കിയ സിനിമകളും അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളും അതുപോലെ അഡ്വാൻസ് വാങ്ങിയ സിനിമകളുമുണ്ട്. ഇത് എല്ലാം കൂടെ ഏകദേശം 20 സിനിമകളുണ്ട്. അതുകൊണ്ട് ഒരു ഫിലിം ഫെയ്‌ലിയർ ആയാലും സക്സെസായാലും ഞങ്ങളെ വലുതായിട്ട് ബാധിക്കില്ല. പക്ഷെ റെവന്യൂവിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ പ്രൊഡ്യൂസറിനും വിതരണക്കാർക്കും നല്ലത് ഒരാഴ്ച കഴിഞ്ഞിട്ട് റിവ്യൂ ഇടുന്നതാണ്,’ സത്യരാജ് പറഞ്ഞു.

റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യരാജ്, ആസിഫ് അലി എന്നിവർ ഒരുമിച്ചാണ് അഭിനയിക്കുന്നത്. ഉടൻ റിലീസിനൊരുങ്ങുന്ന സിനിമയിൽ രോഹിണി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


സത്യരാജിന്റെ മകനായിട്ടാണ് സിനിമയിൽ ആസിഫ് അലി എത്തുന്നത്. റസൂൽ പൂക്കുട്ടിയുടെ ആദ്യ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കികാണുന്നത്.

Content Highlight: Actor Sathyaraj  about film review

We use cookies to give you the best possible experience. Learn more