|

നടന്‍ സത്താര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ  ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായും അഭിനയിച്ചു.
മികച്ച നടനായും പിന്നീട് വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചു. ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2003-ന് ശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല. എന്നാല്‍ 2012-ല്‍ 22 ഫീമെയില്‍ കോട്ടയം, 2013-ല്‍ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളില്‍ സത്താര്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധ നേടി. 2014-ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കി വച്ചതാണ് അവസാനം അഭിനയിച്ച ചിത്രം.

സിനിമാരംഗത്ത് സജീവമായി നില്‍ക്കുന്നതിനിടെ 1979-ല്‍ ആണ് നടി ജയഭാരതിയെ സത്താര്‍ വിവാഹം ചെയ്യുന്നത്. സത്താര്‍ – ജയഭാരതി ദമ്പതികളുടെ മകനാണ് ചലച്ചിത്ര നടന്‍ കൂടിയായ കൃഷ് ജെ സത്താര്‍. ജയഭാരതിയും സത്താറും പിന്നീട് വഴിപിരിഞ്ഞു. സത്താറിന്റെ മരണസമയത്ത് കൃഷ് ജെ സത്താര്‍ ഒപ്പമുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories