എന്നെക്കാള്‍ മികച്ച സംവിധായകനാകുമെന്ന് അന്നേ ഞാന്‍ പൃഥ്വിയോട് പറഞ്ഞിരുന്നു: ശശികുമാര്‍
Entertainment
എന്നെക്കാള്‍ മികച്ച സംവിധായകനാകുമെന്ന് അന്നേ ഞാന്‍ പൃഥ്വിയോട് പറഞ്ഞിരുന്നു: ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd September 2024, 11:22 am

തമിഴ് സിനിമയുടെ ഗതിമാറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു 2008ല്‍ റിലീസായ സുബ്രഹ്‌മണ്യപുരം. അതുവരെ കാണാത്ത തരത്തിലുള്ള സിനിമാനുഭവം സമ്മാനിച്ച ചിത്രം ഒരുക്കിയ സംവിധായകനാണ് ശശികുമാര്‍. സംവിധാനത്തോടൊപ്പം അഭിനയവും തനിക്ക് ചേരുമെന്ന് ശശികുമാര്‍ തെളിയിച്ചു. നാടോടികള്‍, സുന്ദരപാണ്ഡ്യന്‍, അയോതി എന്നീ സിനിമകളില്‍ മികച്ച പ്രകടനമാണ് ശശികുമാര്‍ കാഴ്ചവെച്ചത്.

ജോണി ആന്റണി സംവിധാനം ചെയ്ത മാസ്‌റ്റേഴ്‌സിലൂടെ മലയാളത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. മാസ്റ്റേഴ്‌സില്‍ തന്നെ സജസ്റ്റ് ചെയ്തത് പൃഥ്വിയാണെന്ന് ശശികുമാര്‍ പറഞ്ഞു. താന്‍ വന്നാല്‍ മാത്രമേ പൃഥ്വി ആ സിനിമ ചെയ്യുള്ളൂവെന്ന് സംവിധായകന്‍ തന്നോട് പറഞ്ഞെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ ഡയലോഗെല്ലാം മറ്റൊരാള്‍ ഡബ്ബ് ചെയ്തത് കാസറ്റിലാക്കി കേട്ടാണ് പഠിച്ചതെന്നും ഇത്ര കാലം കഴിഞ്ഞിട്ടും ഓരോ സീനിലെയും ഡയലോഗുകള്‍ താന്‍ മറന്നിട്ടില്ലെന്നും ശശികുമാര്‍ പറഞ്ഞു. പൃഥ്വിയുമായുള്ള ഷൂട്ടിങ് രസകരമായിരുന്നെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളില്‍ ലൈറ്റിങ്ങും ട്രോളിയുടെ മൂവ്‌മെന്റുമെല്ലാം പൃഥ്വി കൃത്യമായി ശ്രദ്ധിച്ചിരുന്നെന്നും താന്‍ പൊസിഷന്‍ മാറിയാല്‍ അയാള്‍ തന്നെ കറക്ട് ചെയ്തുവെന്നും ശശികുമാര്‍ പറഞ്ഞു. അതെല്ലാം കണ്ടപ്പോള്‍ തനിക്ക് അത്ഭുതമായെന്നും എന്നെക്കാള്‍ മികച്ച സംവിധായകനായി പൃഥ്വി മാറുമെന്ന് അന്നേ അയാളോട് പറഞ്ഞിരുന്നുവെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘മലയാളത്തില്‍ ഞാന്‍ ചെയ്ത സിനിമയാണ് മാസ്റ്റേഴ്‌സ്. അതിലേക്ക് എന്നെ സജസ്റ്റ് ചെയ്തത് പൃഥ്വിരാജാണ്. ഞാന്‍ ഇല്ലെങ്കില്‍ ആ സിനിമ ചെയ്യില്ലെന്ന് പൃഥ്വി പറഞ്ഞുവെന്ന് ഡയറക്ടര്‍ എന്നോട് പറഞ്ഞിരുന്നു. കഥ കേട്ട ശേഷം ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ ഡയലോഗ് പഠിക്കാന്‍ വേണ്ടി ഒരാളെക്കാണ്ട് ഡബ്ബ് ചെയ്യിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ജോണി ആന്റണിയോട് ചോദിച്ചു.

പുള്ളി അത് സമ്മതിച്ചു. അങ്ങനെ റെക്കോഡ് ചെയ്ത ഡയലോഗ് എപ്പോഴും കേട്ട് പഠിച്ചു. ഇന്നും അതിലെ എല്ലാ ഡയലോഗും എനിക്ക് മനപാഠമാണ്. പൃഥ്വിയുമൊത്തുള്ള ഷൂട്ടും നല്ല അനുഭവമായിരുന്നു. നമ്മള്‍ ശ്രദ്ധിക്കാത്ത പലതും പൃഥ്വി നോട്ട് ചെയ്യും. അയാളുടെ ഉള്ളില്‍ ഒരു ഡയറക്ടര്‍ ഉണ്ടെന്ന് അന്നേ എനിക്ക് മനസിലായി.

ഷോട്ടിന്റെയിടയില്‍ ട്രോളിയുടെ മൂവ്‌മെന്റും ലൈറ്റിങ്ങിന്റെ പൊസിഷനും പുള്ളി ശ്രദ്ധിക്കുമായിരുന്നു. ഞാന്‍ എങ്ങാനും അത് തെറ്റിച്ചാല്‍ പുള്ളി എന്നെ തിരുത്തും. ഞാന്‍ ചെയ്യേണ്ട പണിയാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് പൃഥ്വിയോട് പറഞ്ഞു. എന്നെക്കാള്‍ മികച്ച സംവിധായകനായി മാറുമെന്നും ഞാന്‍ പൃഥ്വിയോട് പറഞ്ഞിരുന്നു. അതുപോലെ തന്നെ ഇപ്പോള്‍ സംഭവിച്ചു,’ ശശികുമാര്‍ പറഞ്ഞു.

Content Highlight: Actor Sasikumar about Prithviraj and Masters movie