മഞ്ഞുമ്മല്‍ ബോയ്‌സ് പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റാകാന്‍ കാരണം അതാണ്: ശശികുമാര്‍
Entertainment
മഞ്ഞുമ്മല്‍ ബോയ്‌സ് പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റാകാന്‍ കാരണം അതാണ്: ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th September 2024, 10:27 pm

തമിഴ് സിനിമയുടെ ഗതി മാറ്റിയ സംവിധായകരില്‍ ഒരാളാണ് ശശികുമാര്‍. ഒരുകൂട്ടം പുതുമുഖങ്ങളെ വെച്ച് 80കളിലെ മധുരൈയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സുബ്രഹ്‌മണ്യപുരം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വലിയ ഹിറ്റായി മാറി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി വന്നതും ശശികുമാറായിരുന്നു. പിന്നീട് നയാകനായും സംവിധായകനായും ശശികുമാര്‍ തന്റെ കഴിവ് തെളിയിച്ചു. മലയാളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സിനെക്കുറിച്ച് സംസാരിക്കുകയാണ് ശശികുമാര്‍.

ആ ചിത്രം ഒരു നാടിന്റെ സംസ്‌കാരം മാത്രമല്ല പറയുന്നതെന്നും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കഥ പറഞ്ഞത് വ്യത്യസ്തമായ സമീപനമായെന്നും ശശികുമാര്‍ പറഞ്ഞു. പലര്‍ക്കും ഫെമിലിയറായ സ്ഥലത്തെക്കുറിച്ചും, അവിടെ നടന്ന സംഭവത്തെക്കുറിച്ചും സിനിമ എടുത്തത് കൂടുതല്‍ റിയലിസ്റ്റിക്കായി മാറിയെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് പണ്ടുമുതലേ പരിചിതമായ സ്ഥലമാണ് ഗുണാ കേവെന്നും അതിനാല്‍ സിനിമ കുറച്ചധികം കണക്ടായെന്നും ശശികുമാര്‍ പറഞ്ഞു.

എല്ലാത്തിനെക്കാള്‍ ഉപരി സൗഹൃദത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ആ സിനിമ കഥ പറഞ്ഞതെന്നും അത് കൃത്യമായി ഓഡിയന്‍സിലേക്കെത്തിക്കാന്‍ കഴിഞ്ഞെന്നും ശശികുമാര്‍ പറഞ്ഞു. ഒരാള്‍ ഗുണാ കേവിലെ കുഴിയില്‍ വീഴുന്നത് കാണിച്ചാല്‍ സിനിമ ഓടില്ലെന്നും അതിലേക്ക് ചേര്‍ക്കാന്‍ പറ്റുന്ന എലമെന്റുകള്‍ സംവിധായകന്‍ കൃത്യമായി ചേര്‍ത്തിട്ടുണ്ടെന്നും ഇക്കാരണങ്ങള്‍ കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പാന്‍ ഇന്ത്യന്‍ ഹിറ്റായതെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ശശികുമാര്‍.

‘ഈ വര്‍ഷം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ ഞാനും കണ്ടു. പാന്‍ ഇന്ത്യന്‍ ലെവലില്‍ ആ സിനിമ ഹിറ്റായി. വളരെ ചെറിയ ബജറ്റില്‍ വന്ന സിനിമ വമ്പന്‍ കളക്ഷനാണ് നേടിയത്. ഇത്ര വലിയ ഹിറ്റാവാന്‍ പല കാരണങ്ങളുണ്ട്. കേരളത്തിലെ കഥ മാത്രമല്ല ആ സിനിമ പറഞ്ഞത്. രണ്ട് സംസ്ഥാനത്തിലെ രണ്ട് വ്യത്യസ്ത സംസ്‌കാരം ആ സിനിമയില്‍ കാണിച്ചിട്ടുണ്ട്. അതുപോലെ, എല്ലാവര്‍ക്കും ഫെമിലിയറായ ഒരു സ്ഥലത്തിന്റെ കഥയാണ് പറഞ്ഞത്.

കുട്ടിക്കാലം തൊട്ട് എനിക്ക് അറിയുന്ന സ്ഥലമാണ് അത്. അതുകൊണ്ട് വളരെ പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റി. അത് മാത്രമല്ല, ആ സിനിമ പ്രധാനമായും അവരുടെ സൗഹൃദത്തെയാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. ഒരാള്‍ ആ ഗുണാ കേവിലെ കുഴിയില്‍ വീണ കഥ വെറുതേ പറഞ്ഞാല്‍ ആരും കാണില്ല. അതിന് പകരം ആ ഫ്രണ്ട്ഷിപ്പില്‍ ഫോക്കസ് ചെയ്ത് പോയതുകൊണ്ടാണ് സിനിമ ഹിറ്റായത്,’ ശശികുമാര്‍ പറഞ്ഞു.

Content Highlight: Actor Sasikumar about Manjummel Boys