| Thursday, 4th January 2024, 3:28 pm

'നേരിന് ലഭിച്ചത് പോലെ ഒരു വിജയമാണ് ആ ലാലേട്ടന്‍ ചിത്രത്തിനും ആഗ്രഹിച്ചത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ചിത്രം നേരിന്റെ വിജയത്തെ പറ്റി സംസാരിക്കുകയാണ് നടന്‍ സര്‍ജാനോ ഖാലിദ്. മോഹന്‍ലാലിന്റെ ഓരോ സിനിമ വിജയിക്കുമ്പോഴും സന്തോഷമാണെന്നും കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും സര്‍ജാനോ പറഞ്ഞു. നേരിന് ലഭിച്ചതുപോലെ ഒരു വിജയമാണ് ബിഗ് ബ്രദറിനും ആഗ്രഹിച്ചതെന്നും മിഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സര്‍ജാനോ പറഞ്ഞു.

‘നേരിന് ലഭിച്ച സ്വീകാര്യതയും വിജയവുമാണ് ബിഗ് ബ്രദറിനും അഗ്രഹിച്ചതും വിചാരിച്ചതും. എപ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല. എന്നെ സംബന്ധിച്ചിടത്തോലം ഇതൊന്നും പ്ലാന്‍ഡ് ആയിരുന്നില്ല. കരിയറിന്റെ തുടക്കത്തില്‍ തന്നെ ലാലേട്ടനോടൊപ്പവും സിദ്ദീഖ് സാറിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ പറ്റി. അതൊരു നല്ല എക്‌സ്പീരിയന്‍സായിരുന്നു.

അവരൊക്കെ ലെജന്‍ഡ്‌സാണ്. ഇത്രയും വര്‍ക്ക് ചെയ്ത് തെളിയിച്ചവരാണ്. വലിയൊരു എക്‌സ്‌പോഷറായിരുന്നു ആ ചിത്രം. ലാലേട്ടന്റെ ഓരോ സിനിമ വിജയിക്കുമ്പോഴും അത് നമുക്ക് സന്തോഷമേ നല്‍കുന്നുള്ളൂ. കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ ചെയ്യുന്നതെല്ലാം വിജയിക്കണമെന്നല്ലേ ആഗ്രഹിക്കുകയുള്ളൂ. ഇതൊക്കെ കാണുമ്പോള്‍ സന്തോഷമേ ഉള്ളൂ,’ സര്‍ജാനോ പറഞ്ഞു.

രാസ്തയാണ് പുറത്തിറങ്ങിയ സര്‍ജാനോയുടെ ചിത്രം. പൂര്‍ണമായും ഒമാനില്‍ ചിത്രീകരിച്ച അതിജീവന കഥയാണ് പറയുന്നത്. പ്രവാസിയായിരുന്ന അനീഷ് അന്‍വറാണ് രാസ്ത സംവിധാനം ചെയ്തിരിക്കുന്നത്. അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി, അനീഷ് അന്‍വര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അലു എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രവാസിയായ ലിനു ശ്രീനിവാസ് നിര്‍മിക്കുന്ന രാസ്തയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ് നിര്‍വഹിച്ചത്.

Content Highlight: Actor Sarjano Khalid talks about the success of Mohanlal film Neru

Latest Stories

We use cookies to give you the best possible experience. Learn more