നിറത്തിന്റെ പേരിലും ജീവിതസാഹചര്യത്തിന്റെ പേരിലും നമ്മളെ തള്ളിപ്പറയുന്നവര്‍ക്കെതിരെ പ്രതികരിച്ചിട്ട് കാര്യമില്ലെന്നും അവര്‍ നമ്മളെ റെസ്‌പെക്ട് ചെയ്യുന്ന തലത്തിലേക്ക് ഉയരുകയാണ് വേണ്ടതെന്നും നടന്‍ ശരത് അപ്പാനി.
മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഒരിടത്ത് നിന്ന് നമുക്ക് അവഗണന നേരിടേണ്ടിവന്നാല്‍ അവര്‍ക്കെതിരെ സമരം വിളിക്കുകയോ അല്ലെങ്കില്‍ അവര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയോ അല്ല ചെയ്യേണ്ടത്. പിന്നീട് അവരെന്നെ കാണുമ്പോള്‍ അവര്‍ എഴുന്നേറ്റുനില്‍ക്കുന്ന സ്‌പേസിലേക്ക് ഞാന്‍ വളരുകയാണ് വേണ്ടത്. അങ്ങനെയാണ് ചിന്തിക്കേണ്ടത്.
നിറത്തിന്റെ പേരിലും ജീവിതസാഹചര്യത്തിന്റെ പേരിലും നമ്മളെ തള്ളിപ്പറയുന്നവരുടെ മുമ്പില്‍ നമ്മളെ അവര്‍ റെസ്‌പെക്ട് ചെയ്യുന്ന തലത്തിലേക്ക് നമ്മള്‍ ഉയരണം. നമ്മള്‍ പ്രതികരിച്ചിട്ടോ അവര്‍ക്കെതിരെ സംസാരിച്ചത് കൊണ്ടോ അവരുടെ ചിന്താഗതിയില്‍ മാറ്റങ്ങളുണ്ടാവണമെന്നില്ല.
ഓരോ വ്യക്തികളുടെ ഉള്ളിലെ തെറ്റായ ചിന്തകളാണ് അതൊക്കെ. അത്തരം ചിന്തകളെ ചോദ്യം ചെയ്യുന്നതിന് പകരം അതൊക്കെ ഓരോ ആളുകളും സ്വയം മനസിലാക്കി തിരുത്തേണ്ട കാര്യങ്ങളാണ്, ‘ ശരത് പറഞ്ഞു.
തന്റെ സിനിമയിലേക്കുളള യാത്ര ഒട്ടും എളുപ്പമുള്ളതായിരുന്നില്ലെന്നും സിനിമ ചെയ്യുന്നതിനേക്കാള്‍ സന്തോഷം നാടകം ചെയ്യുമ്പോള്‍ കിട്ടിയിരുന്നെന്നും ശരത് പറഞ്ഞു.
‘ എന്റെ സിനിമയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. പെട്ടെന്നൊരു ഓഡിഷന്‍ ചെയ്ത് അങ്കമാലി ഡയറീസില്‍ എത്തിയ ആളൊന്നുമല്ല ഞാന്‍. സിനിമയെ അത്രമാത്രം സ്‌നേഹിക്കുന്നൊരാളാണ്. വന്ന വഴി വളരെ പ്രയാസകരമായിരുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ വളരെ ഹാപ്പിയായിരുന്നു ഞാനന്ന്.
രാവിലെ മുതല്‍ ജോലിയെടുത്തിട്ട് കിട്ടുന്ന ആയിരം രൂപ മതിയായിരുന്നു എനിക്ക്. അതിനുശേഷം ഞാന്‍ വീട്ടില്‍ വന്ന് അമ്മയുടെ കയ്യില്‍ പൈസ കൊടുത്തിട്ട് നേരെ നാടകം കളിക്കാന്‍ പോകുമായിരുന്നു. പകല്‍ മുഴുവന്‍ ജോലി ചെയ്ത സങ്കടമൊക്കെ എനിക്ക് സ്റ്റേജില്‍ കയറുമ്പോള്‍ മാറുമായിരുന്നു.
എന്നെയാരും അന്ന് കുറ്റം പറയുകയോ മോശം പറയുകയോ ചെയ്തിരുന്നില്ല. ഇന്ന് ഒരുപാട് കുറ്റം പറച്ചിലുകള്‍ കേള്‍ക്കേണ്ടി വരും. എന്റെ സിനിമ പൊട്ടിയെന്നും, സിനിമ പത്തു ദിവസം പോലും ഓടിയില്ലെന്നുമൊക്കെയുള്ള കളിയാക്കലുകള്‍ നേരിടേണ്ടി വരും.
ഞാന്‍ വന്ന വഴികള്‍ കഷ്ടതകള്‍ നിറഞ്ഞതായതുകൊണ്ട് എനിക്ക് കൃത്യനിഷ്ഠയുടെ കാര്യത്തിലും ഉത്തരവാദിത്വങ്ങളുടെ കാര്യത്തിലും നല്ല നിര്‍ബന്ധമുണ്ട്, ‘ അദ്ദേഹം പറഞ്ഞു.
Content Highlights: Actor Sarath Appani about movies