ഇപ്പോഴത്തെ കാസ്റ്റിങ് രീതികള്‍ മാറിയെന്നും കഥാപാത്രം എന്താണോ ഡിമാന്റ് ചെയ്യുന്നത് അതിനനുസരിച്ചാണിപ്പോള്‍ കാസ്റ്റിങ് നടക്കുന്നതെന്നും നടന്‍ ശരത് അപ്പാനി പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഇപ്പോഴത്തെ കാസ്റ്റിങ് എന്നത് കഥാപാത്രം എന്താണോ ഡിമാന്റ് ചെയ്യുന്നത് അതിനനുസരിച്ചാണ്. അതിലൂടെ ഫ്രഷ് ആയിട്ടുള്ള അഭിനേതാക്കളെ കിട്ടുകയും അവരെ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യിപ്പിച്ച് എടുക്കാനും പറ്റും. അത് നല്ലൊരു കാര്യം തന്നെയാണ്. അത് കൊണ്ട് തന്നെ നമ്മളെയൊന്നും സിനിമകളിലേക്ക് വിളിച്ചില്ലയെന്നത് കൊണ്ട് വിഷമം ഒന്നും ഉണ്ടാകാറില്ല.
എന്നെ വെച്ച് ഒരുപാട് സിനിമകള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. എല്ലാ സിനിമകളിലും നമ്മളെ ഭാഗമാക്കുകയെന്നത് ശരിയായ കാര്യമല്ലെന്ന് എനിക്ക് തോന്നാറുണ്ട്.
എനിക്കാദ്യമൊക്കെ വിഷമം ഉണ്ടായിരുന്നു. ഒരു സിനിമയിലെ കഥാപാത്രം എന്നെ ഡിമാന്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് ഞാന്‍ ചെയ്താല്‍ ഒരു നടനെന്ന നിലയ്ക്ക് എനിക്ക് കൂടുതലും പ്രൂവ് ചെയ്യാന്‍ സാധിക്കുക അങ്ങനെയായിരിക്കും.
ഈയൊരു കഥാപാത്രം ഞാന്‍ ചെയ്താല്‍ നന്നായിരിക്കും, എന്റെ ശരീരഭാഷ, വോയിസ് മോഡുലേഷനിലൊക്കെ ഈ കഥാപാത്രത്തിന് ചേരും എന്നൊക്കെ ഡയറക്ടേര്‍സിന് തോന്നിയിട്ട് എന്നെ വിളിക്കുമ്പോളാണ് എനിക്ക് കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുക. അങ്ങനെ കമ്മിറ്റ് ചെയ്ത സിനിമകളാണ് കൂടുതലും, ‘ ശരത് പറഞ്ഞു.
തമിഴ് സിനിമയില്‍ അധികവും ലഭിക്കുന്നത് വില്ലന്‍ റോളുകളാണെന്നും സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട് പോകാതിരിക്കാന്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും ശരത് പറഞ്ഞു.
‘തമിഴില്‍ പക്ഷേ സ്ഥിതി അങ്ങനെയല്ല. അവിടെ ഞാന്‍ മിക്ക സിനിമകളിലും വില്ലനാണ്. ഞാന്‍ വില്ലനിസം കാണിച്ചാല്‍ മതി. അപ്പോള്‍ എനിക്കൊരുപാട് പടങ്ങള്‍ കിട്ടും. പക്ഷേ അവിടെയും ഞാനിപ്പോള്‍ ശ്രദ്ധിച്ചു തുടങ്ങി. സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടുപോകാതെ ഞാന്‍ ശ്രദ്ധിക്കാറുണ്ട് ഇപ്പോള്‍. എനിക്ക് നവാസുദ്ധീന്‍ സിദ്ദീഖിയെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ടിരിക്കാന്‍ നല്ല രസമാണ്, ‘ ശരത് അപ്പാനി പറഞ്ഞു.
Content Highlights: Actor Sarath Appani about casting in movies