ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് കമന്റിട്ടതിന് വധ ഭീഷണി പോലും നേരിട്ടിട്ടുണ്ടെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. 2021ല്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് ഹനുമാന്റെ പ്രതിമ കയ്യില്‍ പിടിച്ച് നിന്ന ഉണ്ണി മുകുന്ദന്റെ ഫോട്ടോയ്ക്കായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തത്.
ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ കമന്റ്. ഇതിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.
സന്തോഷ് കീഴാറ്റൂര്‍ ചേട്ടാ… നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ പോസ്റ്റ് ഇട്ടത്, ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുമ്പില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വയം വില കളയാതെ, എന്നാണ് കമന്റിന് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയിരുന്നത്. ഈ സംഭവമാണ് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ഓര്‍ത്തെടുത്തത്.
‘ഞാനും ഉണ്ണി മുകുന്ദനും ഒരുമിച്ച് അഭിനയിച്ച സഹപ്രവര്‍ത്തകരാണ്. അദ്ദേഹത്തിന്റെ മല്ലു സിംഗ് പോലെയുള്ള സിനിമകള്‍ എനിക്ക് ഇഷ്ടമാണ്. വിക്രമാദിത്യനില്‍ മികച്ച വേഷമാണ്. സ്‌റ്റൈലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാന്‍ അന്ന് ബുദ്ധിമോശത്തില്‍ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്. അതിന്റെ പേരില്‍ വധ ഭീഷണി അടക്കം നേരിട്ട ആളാണ് ഞാന്‍. കൊന്നുകളയുമെന്ന് പോലും കുറെ പേര്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ കൃത്യമായി എന്റെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചത് കൊണ്ടാണ്.
ഞാന്‍ തെറ്റ് സമ്മതിച്ചിട്ട് പോലും അദ്ദേഹം അത് പേഴ്‌സണലായി എടുത്തു. അതിന്റെ അടിയില്‍ വന്ന ഒരു കമന്റ് മതിയായിരുന്നു. എല്ലാം കഴിഞ്ഞു, ഇനി ഒരിക്കലും നിങ്ങള്‍ അങ്ങനെ എടുക്കാന്‍ പാടില്ലായിരുന്നു എന്ന് പറഞ്ഞാല് മതിയായിരുന്നു. പിന്നീടുള്ള പല അഭിമുഖങ്ങളിലും എന്നെ അറിയാത്തത് പോലെയാണ് സംസാരിച്ചത്. എന്നെ അറിയണമെന്നില്ല. പക്ഷേ നമ്മളൊക്കെ മനുഷ്യരല്ലേ.
അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ ഒക്കെ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര വിഷമമായി. എന്തിനാണ് അങ്ങനൊക്കെ ചെയ്യുന്നത്. ഹീറോ ആവാനുള്ള എല്ലാ കഴിവും അയാള്‍ക്കുണ്ട്. അദ്ദേഹം അതെല്ലാം എക്‌സ്‌പ്ലോര്‍ ചെയ്തു,’ സന്തോഷ് പറഞ്ഞു.
Content Highlight: Actor Santosh Keezhatoor says he has even received threats for commenting on Unni Mukundan