എത്രയോ നാളുകള്‍ക്ക് ശേഷം മലയാളത്തിലിറങ്ങിയ, വളരെ കൃത്യമായ രാഷ്ട്രീയം പറയുന്ന ഒരു സിനിമയാണ് കെ.എം കമല്‍ സംവിധാനം ചെയ്ത’പട’യെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. ചിത്രത്തില്‍ സന്തോഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയം പറയുന്ന സിനിമകള്‍ കൂടുതലായി തമിഴിലാണ് ഉണ്ടാകുന്നതെന്ന് ഈയടുത്തകാലത്തായി മലയാള സിനിമ പഴികേട്ടിട്ടുണ്ട്. പട ചര്‍ച്ച ചെയ്യുന്നത് 1998 ല്‍ നടന്ന കാലികപ്രസക്തിയുള്ള ഒരു സംഭവമാണ്. ആ വിഷയം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇന്ന് അത് ഒരു പുനര്‍വായനയ്ക്ക് വിധേയമായിരിക്കുകയാണ്. പ്രത്യേകിച്ച് ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ കാലത്ത്. ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ പാസാക്കാന്‍ നോക്കിയ ഭൂനിയമമൊക്കെ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.
നമുക്കെല്ലാമറിയാം ആദിവാസികള്‍ ഇപ്പോഴും എവിടെയും എത്താതെ കിടക്കുകയാണ്. കോടിക്കണക്കിന് രൂപ ആദിവാസികള്‍ക്ക് വേണ്ടി ഫണ്ട് ചെയ്യുമ്പോഴും അത് എത്തേണ്ട സ്ഥലത്ത് എത്തുന്നില്ല.
കൃത്യമായ സ്ഥലത്താണോ ഈ ഫണ്ട് എത്തുന്നതൊക്കെയുള്ള ചര്‍ച്ചകള്‍ നേരത്തേയും നടന്നിട്ടുണ്ട്. പട എന്ന സിനിമ ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ കാലത്ത് ഏറെ ചര്‍ച്ചയ്ക്കും പുനര്‍വായനയ്ക്കും വിധേയമാകണം. അതിന് പിന്തുണക്കേണ്ടത് മാധ്യമങ്ങളാണ്.
സത്യസന്ധമായ കൃത്യമായ നിലപാടുള്ള ഒരു വിഷയം അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. പട സമൂഹത്തിന് മുന്‍പില്‍ കുറ ചോദ്യങ്ങള്‍ ഉയര്‍ത്തിവിട്ടിരിക്കുകയാണെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
കേരളത്തില്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് അയ്യങ്കാളിപ്പട നടത്തിയ ഒരു യഥാര്‍ത്ഥ സമരത്തെ ആസ്പദമാക്കി കെ.എം കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പട.
1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ‘പട’യുടെ ഇതിവൃത്തം. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന്‍ വിനായകനാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റസ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് പട നിര്‍മിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സലീംകുമാര്‍, ജഗദീഷ്, ടി.ജി രവി എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
Content Highlight: Actor Santhosh Keezhattoor about PADA Movie