| Tuesday, 11th October 2022, 6:44 pm

റോഷാക്ക് തന്നത് വലിയ ആത്മവിശ്വസം, രണ്ടുവലിയ ലോണുകളെടുത്തത് അതിന്റെ ധൈര്യത്തില്‍: സഞ്ജു ശിവറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്കെന്ന മമ്മൂട്ടി ചിത്രം തനിക്കു തന്ന ആത്മവിശ്വാസത്തെക്കുറിച്ചും സിനിമ തന്നിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും സംസാരിക്കുകയാണ് നടന്‍ സഞ്ജു ശിവറാം. റോഷാക്കിന്റെ വിജയത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രസ്മീറ്റില്‍ വെച്ചാണ് റോഷാക്കിന്റെ ഭാഗമായപ്പോഴുള്ള അനുഭവം സഞ്ജു പറഞ്ഞത്.

”നമ്മള്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക് നല്ല റെസ്‌പോണ്‍സ് കിട്ടുമ്പോള്‍ ഭയങ്കര സന്തോഷമാണ്. അപ്പോള്‍ നമുക്ക് കോണ്‍ഫിഡന്‍സും വലിയ എനര്‍ജിയും കിട്ടും.

കഴിഞ്ഞ ദിവസം മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളെ കണ്ടിരുന്നു. എന്നെ മുമ്പ് അഭിമുഖത്തിനായി വിളിച്ചപ്പോള്‍ എനിക്ക് പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ട് എന്റെ അഭിമുഖം എടുത്തിട്ട് കാര്യമില്ലന്നായിരുന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നത്.

ആ കാര്യത്തെക്കുറിച്ച് എന്നോട് ചോദിച്ചു. ആ സമയത്ത് എനിക്ക് നല്ല സിനിമകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ റോഷാക്ക് എന്ന സിനിമ തന്ന ധൈര്യം വലുതാണ്. അതിന്റെ റിസള്‍ട്ടിലല്ല കാര്യം.

റിലീസിനുമുമ്പ് തന്നെ ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. റിലീസിനു മുമ്പ് ഞങ്ങളെല്ലാവരും ഒരുമിച്ചു കൂടിയപ്പോള്‍ ഞാന്‍ നിസാമിനോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. സിനിമയുടെ റിസള്‍ട്ട് എന്താണെന്ന് വ്യക്തിപരമായി ഞാന്‍ ചിന്തിക്കുന്നില്ല, കാരണം ഇത്രയും വലിയൊരു പ്രോസസില്‍ ഞാന്‍ വര്‍ക്ക് ചെയ്തു.

സിനിമയുടെ ഭാഗമായി ഒരു നടനെന്ന നിലയില്‍ നമ്മളെ കൊണ്ട് ചെയ്യിപ്പിച്ച കാര്യങ്ങളും ചെയ്യാന്‍പാടില്ലെന്ന് പറഞ്ഞ കാര്യങ്ങളുമുണ്ട്. ആ ഒരു മൂന്ന് മാസകാലം ഞാന്‍ കുറേ എന്‍ജോയ് ചെയ്തിട്ടുണ്ട്. വേറെയൊന്നിലും എന്‍ഗേജാകാതെ സിനിമയ്ക്ക് വേണ്ടി നിന്നു.

റോഷാക്ക് എനിക്ക് തന്നത് വലിയ ആത്മവിശ്വസമാണ്. എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് കടമെടുക്കുന്നത്. റോഷാക്ക് ഇറങ്ങുന്നതിന് മുമ്പേ വലിയ രണ്ട് ലോണുകളെടുത്ത് വെയ്ക്കാനുള്ള ധൈര്യം ഞാന്‍ കാണിക്കാനുള്ള കാരണം റോഷാക്കാണ്. എങ്ങനെയാണെനിക്ക് അറിയില്ല റോഷാക്ക് അതിനുള്ള ധൈര്യം എനിക്കു തന്നു. അത്രയും റിസ്‌ക്കൊന്നും ഒരു പ്രൊഡ്യൂസറും എടുത്തിട്ടുണ്ടാവില്ല,” സഞ്ജു പറഞ്ഞു.

Content Highlight: Actor Sanju Sivaram said that Rorschach gave a lot of self-belief, took two huge loans on its guts

We use cookies to give you the best possible experience. Learn more