| Tuesday, 13th February 2024, 7:57 am

ഹൃദയത്തിന്റെ സ്പൂഫ് പോലെ പ്രേമലുവില്‍ ചെയ്തിട്ടുണ്ടെന്ന് വിനീതേട്ടനോട് പറഞ്ഞപ്പോള്‍ പുള്ളി തന്ന മറുപടി അതായിരുന്നു': സംഗീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു. നസ്‌ലെന്‍, മമിത ബൈജു, ശ്യാം മോഹന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ പ്രേമലു ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള പ്രണയകഥയാണ് സിനിമ പറയുന്നത്. ഹൃദയം സിനിമയുടെ സ്പൂഫ് സീനുകള്‍ക്ക് തിയേറ്ററില്‍ നല്ല രീതിയില്‍ കൈയടികള്‍ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രമായ അമല്‍ ഡേവിസിനെ അവതരിപ്പിച്ച സംഗീത്, വിനീത് ശ്രീനിവാസന്‍ ഫോണ്‍ വിളിച്ച് അഭിനന്ദിച്ച അനുഭവം പങ്കുവെച്ചു. സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത് ഇക്കാര്യം പറഞ്ഞത്.

‘സിനിമ കണ്ടിട്ട് കുറേപ്പേര്‍ വിളിച്ചിരുന്നു. വിനീതേട്ടനും വിളിച്ചിരുന്നു. പുള്ളി സിനിമ കണ്ടില്ല, എന്നെ വിളിച്ചിട്ട് പുള്ളി പറഞ്ഞു, എടാ നിനക്ക് നല്ല അഭിപ്രായമാണല്ലോ കിട്ടുന്നത് എന്ന്. വിനീതേട്ടനെ ഹൃദയത്തില്‍ എന്റെ കൂടെ അഭിനയിച്ചവരാണ് വിനീതേട്ടനെ വിളിച്ച് പറഞ്ഞത്. അത് കഴിഞ്ഞപ്പോള്‍ ചെറിയ സ്പൂഫ് പരിപാടി പോലെ ഇതില്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. ‘അത് കുഴപ്പമില്ല, നല്ല രസമല്ലേ അത്’ എന്നായിരുന്നു വിനീതേട്ടന്‍ പറഞ്ഞത്.

വിനീതേട്ടന്‍ അതൊക്കെ ഹാപ്പിയായിട്ടാണ് എടുക്കുന്നത്. ഇന്റര്‍വ്യൂസിലെല്ലാം ചെന്നൈ സ്റ്റാര്‍ എന്ന് വിളിക്കുന്നതൊക്കെ എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് പുള്ളി തന്നെ പറയാറുണ്ട്. അപ്പോള്‍ ഇതും വിനീതേട്ടന്‍ കാണുമ്പോള്‍ എന്‍ജോയ് ചെയ്യേണ്ടതാണ്’ സംഗീത് പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്ലെന്‍, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Actor Sangeeth says Vineeth Sreenivasan appreciated after Premalu

Latest Stories

We use cookies to give you the best possible experience. Learn more