'ആത്മഹത്യയുടെ വക്കിലായിരുന്നു, ആത്മഹത്യാക്കുറിപ്പ് വരെ തയ്യാറാക്കി , ഇനി സിനിമയിലേക്കില്ല';സുഡാനി ഫ്രം നൈജീരിയയിലെ നടന്‍ സാമുവലിന്റെ വെളിപ്പെടുത്തല്‍
Malayalam Cinema
'ആത്മഹത്യയുടെ വക്കിലായിരുന്നു, ആത്മഹത്യാക്കുറിപ്പ് വരെ തയ്യാറാക്കി , ഇനി സിനിമയിലേക്കില്ല';സുഡാനി ഫ്രം നൈജീരിയയിലെ നടന്‍ സാമുവലിന്റെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th October 2019, 12:53 am

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടന്‍ സാമുവല്‍ റോബിന്‍സണ്‍ സിനിമാ അഭിനയത്തില്‍ നിന്നും പിന്‍മാറുന്നെന്നറിയിച്ച് ഫേസ് ബുക്ക് പോസ്റ്റ് .

സിനിമാഭിനയം നിര്‍ത്തുന്നു എന്നറിയിച്ച്  സാമുവല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. സിനിമകളില്ലാതെ ജീവിതം മടുത്ത ഘട്ടത്തില്‍ ആത്മഹത്യചെയ്യാന്‍ വരെ തീരുമാനിച്ചു എന്ന്് സാമുവല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാമുവല്‍ റോബിന്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റ്  ഇങ്ങനെ,

ഇന്ന് ഞാന്‍ അഭിനയ ജീവിതത്തില്‍ നിന്നു വിരമിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലമായിരുന്നു കഴിഞ്ഞ വര്‍ഷം. വിഷാദ രോഗം ബാധിച്ച് ജീവിതം തന്നെ മടുത്ത അവസ്ഥയിലായിരുന്നു. ആത്മഹത്യ ചെയ്യാനായി കയറും ആത്മഹത്യാക്കുറിപ്പും എല്ലാം ഞാന്‍ സൂക്ഷിച്ച് വെച്ചിരുന്നു. ഇതെന്റെ ജീവിതത്തിലെ അവസാന ഫോട്ടോയായേനെ. ഒരു നടനായതാണ് എന്നെ ഇതിലേക്ക് എത്തിച്ചത്.

മാതാപിതാക്കള്‍ മരണപ്പെട്ട ഞാന്‍ 15 വയസ്സു മുതല്‍ എന്റെ കാര്യങ്ങള്‍ സ്വന്തമായാണ് നോക്കാറുള്ളത്. എന്റെ കഠിനാധ്വാനം കൊണ്ട് ചെറു പ്രായത്തിലേ വിജയങ്ങളും എനിക്ക് നേടാനായി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ബോളിവുഡിലെ രാജ്കുമാര്‍ സന്തോഷില്‍നിന്നും എ.ഐ.ബിയില്‍നിന്നും എനിക്ക് അവസരങ്ങള്‍ വന്നിരുന്നു. തമിഴിലെ വലിയതാരങ്ങളില്‍നിന്നും, നൈജീരിയന്‍ സിനിമകളില്‍നിന്നും, നിരവധി പരസ്യബ്രാന്‍ഡുകളില്‍ നിന്നെല്ലാമായി എനിക്ക് അവസരങ്ങള്‍ വന്നു.

എന്നാല്‍ ഇവയെല്ലാം എനിക്ക് നഷ്ടമായി. രണ്‍വീര്‍ സിംഗിനൊപ്പമുള്ള രാജ്കുമാര്‍ സന്തോഷിയുടെ പ്രൊജക്ട് അവര്‍ വേണ്ടെന്നു വെച്ചു. എ.ഐ.ബിയുടെ പ്രൊജക്ട് അതിലെ സംവിധായകനെതിരെ വന്ന ആരോപണങ്ങളാല്‍ പിന്‍വലിക്കപ്പെട്ടു. തമിഴില്‍നിന്നും വന്ന അവസരങ്ങള്‍ നല്ലതാണെന്ന് എനിക്കു തോന്നിയില്ല. നൈജീരിയില്‍ തുടങ്ങാനിരുന്ന സിനിമ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളില്‍ സംയുക്തമായുള്ള പ്രൊജക്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്ക് നേരെ അക്രമണം നടക്കുന്ന സാഹചര്യത്തില്‍ അതിലും തീരുമാനമായില്ല. കമ്പനിയുടെ ലൈസന്‍സ് അവസാന നിമിഷം നഷ്ടമായതിനാല്‍ പരസ്യവും എനിക്ക് നഷ്ടമായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തരം കാര്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരിന്നു. നിയന്ത്രണമില്ലാതെ ഞാന്‍ ഒപ്പുവെച്ച ചില സിനിമാ പ്രൊജക്ടുകള്‍ എനിക്ക് ഒന്നും തിരികെ തന്നില്ല, മറിച്ച് ഭയാനകമായ അനുഭവങ്ങളാണ് എനിക്ക് ഉണ്ടായത്. ഇത് മൂലം ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ ഞാനത് ചെയ്തില്ല, എന്റെ തെറാപ്പിസ്റ്റിനും സുഹൃത്തുക്കള്‍ക്കും നന്ദി. ഗുഡ് ബൈ എന്ന് മെസേജ് കണ്ട് എന്റെ സുഹൃത്ത് എന്നെ അവളുടെ തെറാപ്പിസ്റ്റിനെക്കൊണ്ട് സംസാരിപ്പിക്കുകയുമുണ്ടായി. അഭിനയമാണ് എന്നെ ഇതിലേക്കെല്ലാം എത്തിച്ചത്. ഇനി വയ്യ. എന്തിന് ഞാന്‍ ആത്മഹത്യ ചെയ്യണം. ഒരു ജോലി കാരണമോ. ഇല്ല. എനിക്ക് മറ്റെന്തിങ്കിലും ജോലി കണ്ടെത്താന്‍ കഴിയും. അഭിനയം ഒരു ജോലി മാത്രമാണെന്ന് മനസ്സിലാക്കാന്‍ തെറാപിസ്റ്റ് എന്നെ സഹായിച്ചു. എന്റെ ജീവിതം അഭിനയം അര്‍ഹിക്കുന്നില്ല. ഞാന്‍ ഏഴ് ഭാഷകള്‍ പഠിച്ചിട്ടുണ്ട്. എനിക്കെന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയും.