ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചുണ്ടായ അനുഭവം പങ്കുവെച്ച് നടനും നര്‍ത്തകനുമായ സല്‍മാന്‍ യൂസഫ് ഖാന്‍. കന്നഡ അറിയില്ലെന്ന കാരണത്താല്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ തന്നോട് മോശമായി സംസാരിച്ചു എന്നാണ് സല്‍മാന്‍ പറഞ്ഞത്. ജനിച്ചത് ബെംഗളൂരുവിലാണെങ്കില്‍ എന്തുകൊണ്ട് കന്നഡ അറിയില്ലെന്ന് ചോദിച്ചുവെന്നും സംശയിക്കേണ്ടി വരുമെന്നും തന്നോട് ഓഫീസര്‍ പറഞ്ഞതായി സല്‍മാന്‍ പറഞ്ഞു. മാതൃഭാഷ ഹിന്ദിയാണെന്നും പിന്നെ എന്തിന് കന്നഡ അറിയണമെന്ന് അദ്ദേഹത്തോട് തിരിച്ച് ചോദിച്ചുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ സല്‍മാന്‍ പറഞ്ഞു.
‘ദുബായിലേക്ക് പോകുവാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ഇമിഗ്രേഷന്‍ ഓഫീസറെ ഞാന്‍ കണ്ടത്. അദ്ദേഹം എന്നോട് കന്നഡയിലാണ് സംസാരിച്ചത്. എനിക്ക് കന്നഡ കേട്ടാല്‍ മനസിലാവുമെന്നും എന്നാല്‍ സംസാരിക്കാനാവില്ലെന്നും അദ്ദേഹത്തോട് പറഞ്ഞു.
സര്‍ട്ടിഫക്കറ്റുകള്‍ പരിശോധിച്ചതിന് ശേഷം നിങ്ങളും പിതാവും ബെംഗളൂരുവിലാണ് ജനിച്ചത്, എന്നിട്ടും കന്നഡ അറിയില്ലേ എന്ന് എന്നോട് അദ്ദേഹം ചോദിച്ചു. ജനിച്ചത് ബെംഗളൂരുവിലാണെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം സൗദിയിലാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.
നിങ്ങള്‍ കന്നഡയില്‍ സംസാരിക്കുന്നില്ലെങ്കില്‍ എനിക്ക് സംശയിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. നാഷണല്‍ ഒഫീഷ്യല്‍ ലാഗ്വേജും എന്റെ മാതൃഭാഷയും ഹിന്ദിയാണ്. ഞാനെന്തിന് കന്നഡ സംസാരിക്കണം? പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കന്നഡ സംസാരിക്കാന്‍ അറിയാമോ? എന്തിന്റെ പേരിലാണ് എന്നെ സംശയിക്കുന്നത് എന്ന് ചോദിച്ചു. വീണ്ടും ഞാന്‍ നിന്ന് വാദിച്ചപ്പോള്‍ അയാള്‍ ഒന്ന് അടങ്ങി.
നിങ്ങളെ പോലെയുള്ള വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ ഉള്ളപ്പോള്‍ ഈ രാജ്യം ഒരിക്കലും വളരില്ലെന്ന് അയാളോട് പറഞ്ഞു. ഈ സംഭവം ഞാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആരും എന്നെ സഹായിച്ചില്ല.
ഇന്ന് അനുഭവിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ഏത് പ്രാദേശിക ഭാഷയാണെങ്കിലും അത് പഠിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാം. എന്നാല്‍ അത് അറിയില്ലെന്ന പേരില്‍ ആരേയും താഴ്ത്തിക്കെട്ടരുത്. അതിലേക്ക് മാതാപിതാക്കളെ വലിച്ചിഴക്കരുത്,’ സല്‍മാന്‍ പറഞ്ഞു.
Content Highlight: actor salman yusaff khan shares an experience from airport