|

സല്‍മാന്‍ ഖാന് വധഭീഷണി; ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് പിന്നാലെ ഭീഷണിയുടെ ഉറവിടം കണ്ടെത്തി മുംബൈ പൊലീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞയാഴ്ച ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ വധഭീഷണി സന്ദേശത്തിന്റെ ഉറവിടം ബ്രിട്ടന്‍. മെയില്‍ അയച്ച ഇ-മെയില്‍ ഐഡിയെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും യു.കെ ആസ്ഥാനമായുള്ള ഒരു മൊബൈല്‍ നമ്പറുമായി മെയില്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

ആരുടെ പേരിലാണ് നമ്പര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. കഴിഞ്ഞയാഴ്ചയാണ് നടന്‍ സല്‍മാന്‍ ഖാന്റെ ഓഫീസിലേക്ക് വധഭീഷണിമുഴക്കി കൊണ്ടുള്ള ഇമെയിലുകള്‍ ലഭിച്ചത്.

തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘങ്ങളായ ലോറന്‍സ് ബിഷ്നോയ്, ഗോള്‍ഡി ബ്രാര്‍, രോഹിത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു.

താരത്തിന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ മുംബൈ പോലീസ് Y+ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ലോറന്‍സ് ബിഷ്നോയി സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുരക്ഷ നടപടി സ്വീകരിച്ചത്.

കഴിഞ്ഞവര്‍ഷം സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ അച്ഛനും വധഭീഷണി ഉണ്ടായിരുന്നു. സലീം ഖാന്റെ മുംബൈയിലെ വസതിക്ക് മുമ്പില്‍ നിന്നുമാണ് സുരക്ഷ ഉദ്യാഗസ്ഥര്‍ക്ക് കത്ത് ലഭിച്ചത്.

താരത്തെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടത്.

ലോറന്‍സ് ബിഷ്‌നോയിയുടെ ഗ്യാങ്ങിലെ ചിലര്‍ സല്‍മാന്‍ ഖാന്റെ സ്റ്റാഫുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സല്‍മാന്‍ ഖാന്‍ മുംബൈയിലെ വീട്ടിലെത്തുന്ന സമയവും തിരിച്ചു പോകുന്ന സമയവും ചോദിച്ചറിയുന്നുണ്ടെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

content highlight: actor salman khan threat linked to uk

Latest Stories