| Friday, 28th May 2021, 1:07 pm

സിനിമക്ക് മോശം റിവ്യൂ നല്‍കിയയാള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയെന്ന ആരോപണം; വിശദീകരണവുമായി സല്‍മാന്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ ചിത്രമായ രാധേക്ക് മോശം റിവ്യൂ നല്‍കിയ വ്യക്തിക്കെതിരെ കേസ് നല്‍കിയെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി നടന്‍ സല്‍മാന്‍ ഖാന്‍. കമാല്‍ ആര്‍. ഖാന്‍ (കെ.ആര്‍.കെ) എന്നയാള്‍ക്കെതിരെ മാനനഷ്ട പരാതി നല്‍കിയതിന് രാധേ സിനിമയുമായി ഒരു ബന്ധവുമില്ലെന്ന നടന്റെ ടീം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സല്‍മാന്‍ ഖാന്‍ നടത്തുന്ന ബീയിങ്ങ് ഹ്യൂമന്‍ എന്ന എന്‍.ജി.ഒ സാമ്പത്തിക തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്നുവെന്നുള്ള കെ.ആര്‍.കെയുടെ പ്രസ്താവനകള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.

മാസങ്ങളായി വീഡിയോകളിലൂടെയും ട്വീറ്റുകളിലൂടെയും കെ.ആര്‍.കെ സല്‍മാന്‍ ഖാനെ അപമാനിക്കാനുള്ള ദുഷ്പ്രചരണം നടത്തുകയാണ്. നിരന്തരമായി നടനെതിെര വ്യാജ വിവരങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

മാധ്യമശ്രദ്ധ നേടാന്‍ വേണ്ടിയാണ് ഇത്തരം തരംതാണ മാര്‍ഗങ്ങള്‍ കെ.ആര്‍.കെ ഉപയോഗിക്കുന്നതും പ്രസ്താവനയില്‍ പറഞ്ഞു. മുംബൈ കോടതിയിലാണ് കേസ് നടക്കുന്നത്. അടുത്ത വാദം നടക്കുന്നത് വരെ നടനെതിരെ അപമാനകരമായ പരാമര്‍ശം നടത്തില്ലെന്ന് കെ.ആര്‍.കെ അറിയിച്ചതായും പ്രസ്താവനയിലുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലാണ് സല്‍മാന്‍ ഖാന്‍ അയച്ച ലീഗല്‍ നോട്ടീസിന്റെ ചിത്രങ്ങള്‍ കെ.ആര്‍.കെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തന്റെ റിവ്യൂവില്‍ രാധേ സിനിമ മോശമാണെന്ന് പറഞ്ഞത് സല്‍മാന്‍ ഖാനെ ചൊടിപ്പിച്ചുവെന്നും തുടര്‍ന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തുവെന്നുമായിരുന്നു കെ.ആര്‍.കെയുടെ വാദം. എന്നാല്‍ ലീഗല്‍ നോട്ടീസിലെവിടെയും ഇതേക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു.

വിഷയം വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സല്‍മാന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Actor Salman Khan about Defamation case against KRK and Radhe bad review controversy

We use cookies to give you the best possible experience. Learn more