സഹോദരനെ ഏറ്റെടുക്കേണ്ടയാവശ്യമുണ്ടെന്ന് തോന്നുന്നില്ല; ജന്മം കൊണ്ട് മാത്രമല്ല ഒരാള്‍ സഹോദരനാവുന്നത്; ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്തുണയുമായി സലിം കുമാര്‍
Kerala News
സഹോദരനെ ഏറ്റെടുക്കേണ്ടയാവശ്യമുണ്ടെന്ന് തോന്നുന്നില്ല; ജന്മം കൊണ്ട് മാത്രമല്ല ഒരാള്‍ സഹോദരനാവുന്നത്; ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്തുണയുമായി സലിം കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 6:15 pm

കൊച്ചി: കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രനെ അദ്ദേഹം ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് നടന്‍ സലിം കുമാര്‍. ദുരിതം നിറഞ്ഞ ഈ അവസ്ഥ ജയചന്ദ്രന്‍ തന്നെ വരുത്തിവച്ചതാണെന്നും സലിം കുമാര്‍ പറഞ്ഞു.

എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നോട് ആരും ആവശ്യപ്പെട്ടിട്ടല്ല താന്‍ ചുള്ളിക്കാടിനെ വിളിച്ചതെന്നും വാര്‍ത്ത കണ്ടതുകൊണ്ടാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ജന്മം കൊണ്ട് മാത്രമല്ല ഒരാള്‍ സഹോദരനാകുന്നത്. കര്‍മ്മം കൊണ്ട് കൂടിയാണ്. പണ്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ നക്‌സലാണെന്ന് പറഞ്ഞ് നാട്ടില്‍ നിന്ന് ഓടിച്ചുവിട്ടതില്‍ ഈ ചന്ദ്രന്‍കുട്ടിക്ക് പങ്കുണ്ട്. പിന്നീട് വളരെ കാലങ്ങള്‍ക്ക് ശേഷം അമ്മ മരിച്ചപ്പോഴാണ് ബാലചന്ദ്രന്‍ നാട്ടില്‍ വന്നത്. അന്ന് അദ്ദേഹം ബുദ്ധമതത്തില്‍ ചേര്‍ന്നെന്ന് പറഞ്ഞ് അമ്മയ്ക്ക് ബലിയിടാന്‍ പോലും സമ്മതിക്കാതെ മടക്കി അയച്ചതിന് പിന്നിലും ഇയാളാണ്. അന്യമതസ്ഥന്‍ അമ്മയുടെ ശരീരത്തില്‍ തൊട്ടാല്‍ പ്രശ്‌നമുണ്ടാക്കണമെന്ന് പറഞ്ഞ് ഒരു സംഘത്തെ അയാള്‍ ചട്ടംകെട്ടി നിര്‍ത്തിയിരുന്നു. ഇക്കാര്യം ബാലചന്ദ്രനോട് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചത് അദ്ദേഹത്തിന്റെ സഹോദരിയാണ്’ എന്നും സലിം കുമാര്‍ പറഞ്ഞു.

വീട് ഭാഗം വെച്ചവകയില്‍ ചന്ദ്രന്‍ കുട്ടിക്കും 35 സെന്റ് സ്ഥലം കിട്ടിയിരുന്നെന്നും . അതെന്ത് ചെയ്‌തെന്നും സലിം കുമാര്‍ ചോദിക്കുന്നു. പറവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രവീന്ദ്രനെ കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. ഇവരുടെ കുടുംബം ധനിക കുടുംബമായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് മഹാരാജാസ് കോളേജില്‍ പട്ടിണിയും ദാരിദ്ര്യവുമായി തന്റെ ജീവിതം തള്ളി നീക്കിയപ്പോള്‍ ചന്ദ്രന്‍കുട്ടിയൊക്കെ മൂന്ന് നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ച് ജീവിച്ചിരുന്നവരാണ്. എല്ലാം നശിച്ച് പോയപ്പോള്‍ ഭ്രാന്തായി. അതാണ് സത്യം. അവസാനം എത്തിച്ചേരേണ്ട സ്ഥലത്തും നിലയിലും തന്നെയാണ് അയാള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രനെ തുടര്‍ന്നും സംരക്ഷിക്കുമെന്ന് കൊടുങ്ങല്ലൂര്‍ വെളിച്ചം അഗതി മന്ദിരം വ്യക്തമാക്കിയിരുന്നു. രോഗാതുരനായി അവശനിലയില്‍ കഴിയുന്ന ജയചന്ദ്രന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും പറ്റുമെങ്കില്‍ അഗതി മന്ദിരത്തില്‍ വന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കണമെന്നാണ് പറഞ്ഞതെന്നും ജീവകാരുണ്യപ്രവര്‍ത്തകനും വെളിച്ചം അഗതി മന്ദിരം പ്രവര്‍ത്തകനുമായ സന്ദീപ് പോത്താനി ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു .

നിലവില്‍ കൊടുങ്ങല്ലൂര്‍ പുല്ലാട്ടുള്ള വെളിച്ചം അഗതി മന്ദിരത്തിലാണ് ജയചന്ദ്രന്‍ കഴിയുന്നത്. ക്യാന്‍സര്‍ രോഗിയാണ് ഇദ്ദേഹം. തോന്ന്യങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കടത്തിണ്ണയില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍, വിസര്‍ജ്ജ്യങ്ങളില്‍ കിടക്കുകയായിരുന്നു ഇദ്ദേഹമെന്ന് സന്ദീപ് പറയുന്നു.
DoolNews Video