| Thursday, 23rd August 2018, 11:23 am

നന്ദി പറയുന്നില്ല, മരണം വരെയും ഹൃദയത്തില്‍ സൂക്ഷിക്കും; ജീവന്‍ രക്ഷിച്ചയാളെ ചേര്‍ത്ത് പിടിച്ച് സലിം കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: കേരളം പ്രളയത്തെ നേരിട്ട ആ മണിക്കൂറുകള്‍ ഇപ്പോഴും മറക്കാനായിട്ടില്ല. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരും ഉണ്ടായിരുന്നു. പ്രളയത്തില്‍ ജീവന്‍ വരെ നഷ്ടപ്പെട്ടുപോകുമെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു നടന്‍ സലീം കുമാറിന്റെ ജീവിത്തിലൂടെ കടന്നുപോയത്.

എന്തുചെയ്യണമെന്ന് അറിയാതെ പോയ ആ മണിക്കൂറില്‍ പ്രദേശത്തെ 32 കുടുംബങ്ങള്‍ അഭയം തേടിയത് സലീം കുമാറിന്റെ ലാഫിങ് വില്ലയുടെ രണ്ടാം നിലയിലായിരുന്നു.

ഇവിടെയും കൂടി വെള്ളമെത്തിയാല്‍ പിന്നെ ചെറിയ ടെറസില്‍ കയറേണ്ടി വരും. കൂട്ടത്തില്‍ പ്രായമായവര്‍ ഉള്ളതിനാല്‍ ഇവരെ മുകളില്‍ കയറ്റാന്‍ ബുദ്ധിമുട്ടാണ്. എന്ത് ചെയ്യണമെന്നാറിയാതെ കരയുകായിരുന്നു പലരും.


ഒന്നുകൊണ്ടും വിഷമിക്കരുത്, ഒരു കുടുംബമായി കഴിയൂ; സര്‍ക്കാര്‍ ഒപ്പമുണ്ട്; ചിരിച്ച്, ആശ്വസിപ്പിച്ച് പിണറായി


വീട്ടില്‍ നിന്നുള്ള കൂട്ടക്കരച്ചില്‍ കേട്ടാണ് അതുവഴി പോയ സുനിലും സംഘവും ഇരുനില വീട് ശ്രദ്ധിച്ചത്. “”അവിടെ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. രണ്ടാം നിലയില്‍ കയറി കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത് നടന്‍ സലിം കുമാറിന്റെ വീടാണെന്ന് മനസ്സിലായത്.

തോളില്‍ കയറ്റി അവിടെയുണ്ടായിരുന്ന എല്ലാവരെയും ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു””.-അദ്ദേഹം പറയുന്നു.

ഒടുവില്‍ ആ രക്ഷകനെത്തേടി നടന്‍ സലിംകുമാര്‍ നേരിട്ടെത്തി. “നന്ദി പറയുന്നില്ല. മരണം വരെയും ഹൃദയത്തില്‍ സൂക്ഷിക്കും…” സുനിലിനെ കെട്ടിപ്പിടിച്ചു സലിംകുമാര്‍ പറഞ്ഞു.

സലിംകുമാറും കുടുംബവും അയല്‍ക്കാരും ഉള്‍പ്പെടെ 32 പേരെയാണ് മാലിപ്പുറം സ്വദേശി കൈതവളപ്പില്‍ സുനിലിന്റെ നേതൃത്വത്തില്‍ സലിംകുമാറിന്റെ വീട്ടില്‍നിന്നു രണ്ടു ഫൈബര്‍ വള്ളങ്ങളില്‍ രക്ഷപ്പെടുത്തിയത്. വെള്ളം ക്രമാതീതമായി ഉയരുന്നതു കണ്ടു സുരക്ഷിതത്വം തേടി സലിംകുമാറിന്റെ വീട്ടിലേക്ക് അയല്‍ക്കാര്‍ എത്തുകയായിരുന്നു.

എസ്. ശര്‍മ എംഎല്‍എ ആവശ്യപ്പെട്ടതനുസരിച്ചാണു മാലിപ്പുറം മല്‍സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റായ സുനില്‍ രണ്ടു ഫൈബര്‍ ബോട്ടുകളുമായി പറവൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.

കോസ്റ്റ് ഗാര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ പുളിക്കല്‍ രാജീവ്, കളത്തില്‍ സുരേഷ്, മേപ്പറമ്പില്‍ മഹേന്ദ്രന്‍, പോണത്ത് പ്രസാദ്, സുഹൃത്ത് അഴീക്കകടവില്‍ സന്ദീപ് എന്നിവരെ കൂട്ടിയായിരുന്നു യാത്ര. ചിറ്റാറ്റുകര കേന്ദ്രീകരിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കുഞ്ഞുങ്ങളെ ഉള്‍പ്പെടെ സുനിലും സംഘവും 700 പേരെ രക്ഷപ്പെടുത്തി.

ഫോട്ടോ കടപ്പാട്: മനോരമ ഓണ്‍ലൈന്‍

We use cookies to give you the best possible experience. Learn more