| Thursday, 4th February 2021, 8:42 pm

അമേരിക്കകാര്‍ക്ക് നഷ്ടപ്പെടാത്ത എന്താണ് റിഹാനയും, ഗ്രെറ്റയും പ്രതിഷേധിച്ചപ്പോള്‍ ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടത്?; കര്‍ഷക സമരത്തെ പിന്തുണച്ച് സലീം കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കര്‍ഷകസമരത്തെ പിന്തുണച്ച് നടന്‍ സലീം കുമാര്‍. കര്‍ഷകസമരത്തെ വിദേശികളായ കലാകാരന്‍മാരും ആക്ടിവിസ്റ്റുകളും പിന്തുണയ്ക്കുന്നതിനേയും അദ്ദേഹം സ്വാഗതം ചെയ്തു.

അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ ശ്വാസം മുട്ടിച്ചുകൊന്നപ്പോള്‍ ഇന്ത്യാക്കാരടക്കമുള്ളവര്‍ പ്രതിഷേധിച്ചിരുന്നെന്നും അന്നൊന്നും ഒരു അമേരിക്കാരും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാല്‍ മതി എന്ന് പറഞ്ഞിട്ടില്ലെന്നും സലീം കുമാര്‍ പറഞ്ഞു.

‘അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാനയെയും, ഗ്രെറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടെപ്പട്ടത്. പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വര്‍ഗ്ഗ വരമ്പുകളില്ല, വര്‍ണ്ണ വരമ്പുകളില്ല’, സലീം കുമാര്‍ പറഞ്ഞു.

എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പമാണ് എന്ന് പറഞ്ഞുകൊണ്ടാണ് സലീം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ എതിര്‍ത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികള്‍ക്ക് മറുപടിയുമായി നടന്‍ സിദ്ധാര്‍ത്ഥും രംഗത്തെത്തിയിരുന്നു. സ്വന്തം ഹീറോയെ ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുത്തില്ലെങ്കില്‍ അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടിവരുമെന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നിങ്ങളുടെ ഹീറോയെ വിവേകപൂര്‍വ്വം തെരഞ്ഞടുക്കുക. അല്ലെങ്കില്‍ പ്രശസ്തിയില്‍ നിന്ന് അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടിവരും. വിദ്യാഭ്യാസം, സത്യസന്ധത, കൂടെ ഇത്തിരി നട്ടെല്ലും കൂടിയുണ്ടായിരുന്നെങ്കില്‍ ഇവര്‍ക്ക് രക്ഷപ്പെടാമായിരുന്നു. ഒരു പക്ഷവും ചേരാത്ത ശക്തരായ ആളുകള്‍ പെട്ടെന്ന് ഒരു ആസൂത്രിത ശ്രമത്തിന് കീഴില്‍ ഒന്നിച്ചുവരികയും പണയംവെച്ച വസ്തുക്കളെ പോലെ ഒരേ രീതിയില്‍ നിരന്ന് നിന്ന് ഒരേ പാട്ട് പാടുന്നു. ഇതെല്ലാമാണ് പ്രൊപഗന്‍ഡ. നിങ്ങളുടെ പ്രൊപഗന്‍ഡയേതെന്ന് തിരിച്ചറിയുക. #propoganda #farmersprotets’, എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.

കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.

നേരത്തെ കര്‍ഷകസമരത്തെ പിന്തുണച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു.

കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ ഗ്രെറ്റക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ താന്‍ എപ്പോഴും കര്‍ഷകരോടൊപ്പം നില്‍ക്കുമെന്നായിരുന്നു ഗ്രെറ്റയുടെ പ്രതികരണം.

‘ഞാന്‍ കര്‍ഷകരോടൊപ്പം നില്‍ക്കുന്നു. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. വിദ്വേഷമോ, ഭീഷണികളോ, മനുഷ്യാവകാശ ലംഘനങ്ങളോ ഈ തീരുമാനത്തില്‍ മാറ്റം വരുത്തില്ല. #farmersprotest, എന്നായിരുന്നു ഗ്രെറ്റയുടെ പ്രതികരണം.

കര്‍ഷക പ്രതിഷേധത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് ഗ്രെറ്റ തന്‍ബര്‍ഗനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 120 ബി, 153-എ എന്നിവ പ്രകാരമാണ് ദല്‍ഹി പൊലീസ് ഗ്രെറ്റയ്ക്കെതിരെ കേസെടുത്തത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡി.എന്‍.എയും സീ ന്യൂസും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗ്രെറ്റ വിദ്വേഷ പ്രചാരണവും ഗൂഢാലോചനയും നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.

സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അമേരിക്കയില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു വെളുത്തവന്‍ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു.

അതിനെതിരെ രാജ്യഭേദമന്യേ വര്‍ഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാല്‍ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും പറഞ്ഞില്ല.

പകരം ലോകപ്രതിഷേധത്തെ അവര്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കന്‍ പോലീസ് മേധാവി മുട്ടുകാലില്‍ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മള്‍ കണ്ടു.
അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപെട്ടത്.

പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വര്‍ഗ്ഗ വരമ്പുകളില്ല, വര്‍ണ്ണ വരമ്പുകളില്ല.
എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പം.


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Salim Kumar Support Farmers Protest

We use cookies to give you the best possible experience. Learn more