ഒരു ക്ഷേത്രത്തിലെ ഉത്സവാഘോഷ വേദിയില്‍ നിന്നും സലീം കുമാര്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഏലൂര്‍ മുരുകന്‍ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് സമദ് സുലൈമാന്‍ ബാന്‍ഡ് അണിയിച്ചൊരുക്കിയ സംഗീത പരിപാടിയിലായിരുന്നു താരത്തിന്റെ പരാമര്‍ശം.
”ചേട്ടാ ഞങ്ങടെ അമ്പലത്തില്‍ ഉത്സവത്തിന്റെ അന്ന് പരിപാടിയുണ്ട്, വരാന്‍ പറ്റുമോ എന്നാണ് സമദ് എന്നോട് ചോദിച്ചത്. ആ ഞങ്ങടെ അമ്പലം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതാണ് വന്നത്, സമദ് എന്റെ അറിവില്‍ ഒരു മുസല്‍മാനാണ്.
ആ മുസല്‍മാന്‍ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി” എന്നായിരുന്നു വൈറലാകുന്ന വീഡിയോയില്‍ സലീം കുമാര്‍ പറഞ്ഞത്.
സലീം കുമാറിന്റെ വാക്കുകള്‍ ഏറ്റെടുത്തും നടനെ പിന്തുണച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് നടന്‍ നിര്‍മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നതും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
”കലാകാരനെന്ത് മതം… മനുഷ്യനെന്ത് മതം …. ഞങ്ങളുടെ മതം സ്‌നേഹമാണ്, സാഹോദര്യമാണ്… ഏലൂര്‍ മുരുകന്‍ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് സമദ് സുലൈമാന്‍ ബാന്‍ഡ് അണിയിച്ചൊരുക്കിയ മ്യൂസിക് പരിപാടിയിലാണ് ഇന്നിന്റെ കാലത്തിന് ഏറെ പ്രസക്തമായ വാക്കുകള്‍ സലീം കുമാര്‍ സംസാരിച്ചത്” എന്നാണ് വീഡിയോ പങ്കുവെച്ച് നിര്‍മല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
content highlight: actor salim kumar’s viral speech