കരയുന്നത് തനിക്ക് ഇഷ്ടമല്ലെന്നും താന്‍ മരിച്ചുകിടക്കുമ്പോള്‍ പോലും കരയരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ടെന്നും നടന്‍ സലീം കുമാര്‍. വീട്ടിലുള്ളവര്‍ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും സലീം കുമാര്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘വീട്ടിലുള്ളവര്‍ എപ്പോഴും ചിരിയോടെയിരിക്കാന്‍ വേണ്ടി വെച്ച വീടാണിത്. ഇവിടെ ചിരിക്ക് ഒരു കുറവുമില്ല. എന്റെ അസുഖക്കാലത്തു പോലും മക്കള്‍ ആ അവസ്ഥ കണ്ടു കണ്ണു നിറഞ്ഞു ചിരിച്ചു പോയിട്ടുണ്ട്. എനിക്ക് കരയാനിഷ്ടമില്ല. ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ കരയരുതെന്നു മക്കളോടും പറഞ്ഞിട്ടുണ്ട്. ഇതുവരെ ഞാന്‍ ആരെയും പറ്റിക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ല. ഒരു മനുഷ്യനോടും വിശ്വാസ വഞ്ചന കാണിച്ചിട്ടില്ല. അതുപോലെ നല്ല മനുഷ്യരാകണം എന്നാണ് അവര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുള്ള ജീവിതപാഠം, സലീം കുമാര്‍ പറയുന്നു.
അസുഖകാലത്തെ മറികടന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് താന്‍ ജീവിക്കുന്നത് ജനിച്ചതു കൊണ്ടല്ലേയെന്നും അതുപോലെയാണ് അസുഖകാലവും, എത്ര നന്നായി നോക്കിയാലും ഒരു ദിവസം പോകേണ്ടി വരുമെന്നായിരുന്നു സലീം കുമാറിന്റെ മറുപടി.
കരള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷന്‍ തിയറ്ററിലേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം ചിരിച്ചു വര്‍ത്തമാനം പറഞ്ഞു നടന്നു പോയ ആളാണ് ഞാന്‍. അസുഖം വന്നാല്‍ മാത്രമല്ലല്ലോ മരണത്തെ പേടിക്കേണ്ടത്. പേടിക്കാന്‍ തീരുമാനിച്ചാല്‍ ഓരോ ദിവസവും അതു നമ്മളെ പേടിപ്പിച്ചു കൊണ്ടിരിക്കും.
ചില വ്യക്തികള്‍ അസുഖം ഭേദമായി വരുമ്പോള്‍ ‘മരണത്തെ തോല്‍പിച്ച് ഇതാ കടന്നു വന്നിരിക്കുന്നു’ എന്നൊക്കെ മാധ്യമങ്ങള്‍ വാഴ്ത്തുന്നതു കണ്ടിട്ടുണ്ട്. ആര്‍ക്കാണ് മരണത്തെ തോല്‍പിക്കാന്‍ കഴിയുന്നത്. ഏതു സമയത്തും മനുഷ്യനു മരിക്കാം. ലിവര്‍ സീറോസിസ് എനിക്കു പാരമ്പര്യമായി കിട്ടിയ അസുഖമാണ്. സമയത്തു ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതും കാരണമാണ്. ആളുകള്‍ പറയും അമിതമദ്യപാനമാണ് കാരണമെന്ന്. എന്റെ സഹോദരനും ഇതേ അസുഖമാണ്. ഒരു ചായ പോലും കുടിക്കാത്തയാളാണ്, സലീം കുമാര്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക