| Thursday, 3rd August 2023, 10:42 am

ഭണ്ഡാരത്തില്‍ നിന്ന് കിട്ടുന്നത് മിത്തുമണി, ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്ന് വിളിക്കണം: സലിം കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ശാസ്ത്രം- മിത്ത് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ സലിം കുമാര്‍. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നാണെന്നും ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്ന് വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്ന് വിളിച്ചു തുടങ്ങണം ഭണ്ഡാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്,’ സലിം കുമാര്‍ പറഞ്ഞു.

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ ബി.ജെ.പിയും എന്‍.എസ്.എസും വലിയ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് സലിം കുമാറിന്റെ പോസ്റ്റ്. ഷംസീര്‍ തിരുത്തുന്നതാണ് നല്ലതെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട്.

അതേസമയം, തന്റെ പരമര്‍ശം ഏതെങ്കിലും ഒരു മത വിഭാഗത്തെ വേദനിപ്പിക്കുന്നതല്ലെന്നും ഭരണഘടനാ സ്ഥാപനത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ചെയ്യേണ്ട ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്നാണ് കഴിഞ്ഞ ദിവസം ഷംസീര്‍ നല്‍കിയ വിശദീകരണം. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചര്‍ച്ചകള്‍ തന്നെ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നടക്കുന്ന ഹേറ്റ് ക്യാമ്പയിന്‍ കേരളത്തിലും കൊണ്ടുവരാനുള്ള ശ്രമമാണിത്.
ഭരണഘടന പ്രകാരം മതവിശ്വാസത്തിന് അവകാശമുള്ള പോലെ ശാസ്ത്ര ചിന്ത വളര്‍ത്താനും ഏതൊരു വ്യക്തിക്കും അവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Actor Salim Kumar reacts to the controversy related to Speaker A.N.Shamseer’s Shastra Myth reference

We use cookies to give you the best possible experience. Learn more