മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതമായ പ്രയോഗമാണ് ‘ശശി’. വളരെ ചുരുങ്ങിയ കാലം മുമ്പു മാത്രമാണ് ശശി എന്ന പ്രയോഗം മലയാളികള്‍ പൊതുവില്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്.
എന്തെങ്കിലും അബദ്ധം പിണഞ്ഞാലോ മണ്ടത്തരം വിളിച്ചു പറഞ്ഞാലോ അവരെ ശശി എന്ന് നാം പ്രായഭേദമന്യേ വിളിക്കാറുണ്ട്. ശശിയായി, ശശിയാക്കല്‍, ശശിയാകരുത് എന്നിങ്ങനെ സന്ദര്‍ഭത്തിനനുസരിച്ച് ഇത് മാറുകയും ചെയ്യും.
ഈ പ്രയോഗം ഇത്രയും പോപ്പുലറാണെങ്കിലും എങ്ങനെയാണ് വെറുമൊരു പേരായ ശശി ഇന്നത്തെ ‘ശശി’ ആയതെന്ന് അധികമാര്‍ക്കുമറിയില്ല. ഒരു സിനിമയും അതില്‍ സലീം കുമാര്‍ നടത്തിയ ഡയലോഗുമാണ് സത്യത്തില്‍ ശശി വിളിക്ക് തുടക്കം കുറിച്ചത്.
റാഫി മെക്കാര്‍ട്ടിന്റെ സംവിധാനത്തില്‍ ജയസൂര്യ, ലാല്‍, വിനീത്, സലീം കുമാര്‍, നവ്യ നായര്‍, ഭാവന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെയാണ് ഈ പേര് വരുന്നത്.
2004 ല്‍ റിലീസ് ചെയ്ത കോമഡി ത്രില്ലറായ സിനിമയില്‍ സലീംകുമാര്‍-കൊച്ചിന്‍ ഹനീഫ കോമ്പോയിലെത്തിയ കോമഡി രംഗങ്ങളെല്ലാം അക്കാലത്ത് തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. ചിത്രത്തിലെ പല കോമഡി രംഗങ്ങളും സ്‌ക്രിപ്റ്റില്‍ എഴുതിച്ചേര്‍ത്തത് അല്ലായിരുന്നെന്നും പല ഡയലോഗുകളും ഡബ്ബിങ് സമയത്ത് കൂട്ടിച്ചേര്‍ത്തതാണെന്നും പറഞ്ഞാണ് അന്നത്തെ ശശി കഥയെ കുറിച്ച് സലിം കുമാര്‍ വെളിപ്പെടുത്തുന്നത്.
വലിയൊരു കൊട്ടാരത്തിലെത്തുന്ന സീനില്‍ ‘ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് ‘കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രം ചോദിക്കുമ്പോള്‍ ‘മധ്യതിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാരാജാവ് പേര് ശശി’ എന്ന് താന്‍ പറഞ്ഞ ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ലെന്നാണ് സലിം കുമാര്‍ പറഞ്ഞത്. ഫ്‌ളവേഴ്‌സ് ടോപ്പ് സിങ്ങര്‍ പരിപാടിക്കിടെയായിരുന്നു താനിട്ട പല പേരുകളും വലിയ കുഴപ്പമായിട്ടുണ്ടെന്ന് പറഞ്ഞ് അന്നത്തെ ആ ഡയലോഗിന് പിന്നിലെ കഥ സലിം കുമാര്‍ പറഞ്ഞത്.
‘ശശി എന്ന പേര് വെറുതെ അന്ന് തമാശയ്ക്ക് പറഞ്ഞതാണ്. ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ അങ്ങനെയൊരു ഡയലോഗേ ഇല്ല. ഷൂട്ടിങ് സമയത്ത് ഡയലോഗ് പറയാതെ ആ സമയത്ത് കൈകൊണ്ട് എന്തോ കാണിച്ചങ്ങ് പോവുകയായിരുന്നു. ഡബ്ബ് ചെയ്യുന്ന സമയത്ത് ലാലേട്ടനാണ് കൂടെ ഇരുന്നത്. സലീം അവിടെ കൈകൊണ്ട് എന്തോ കാണിച്ച് പോയിട്ടുണ്ട്. എന്തെങ്കിലുമൊരു തമാശ പറഞ്ഞേക്കൂ എന്ന് അദ്ദേഹം പറഞ്ഞു. വെറുതെ, ചിരിക്കാന്‍ വേണ്ടിയല്ല ആ ഗ്യാപ്പ് ഫില്‍ ചെയ്യാന്‍ വേണ്ടി എന്തെങ്കിലും പറയാനായിരുന്നു പറഞ്ഞത്.
ആ സമയത്ത് കൊച്ചിന്‍ ഹനീഫ്ക്കയുടെ ഡബ്ബിങ് കഴിഞ്ഞിട്ടില്ല. ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് കൊച്ചിന്‍ ഹനീഫ ചോദിക്കുന്നുണ്ട്. അപ്പോള്‍ ആദ്യം പറഞ്ഞത് ഈ രാജാവിന്റെ പേര് ബാബുക്കുട്ടന്‍ എന്നായിരുന്നു. അത് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുകയും ചെയ്തു.
എന്നാല്‍ ഡബ്ബിങ് ഒക്കെ കഴിഞ്ഞപ്പോള്‍ ലാല്‍ പറഞ്ഞു, സലീം ഈ ബാബുക്കുട്ടന്‍ എന്ന പേര് ഒന്നുമാറ്റണം. വേറെ ഏതേലും പേര് കിട്ടുമോ എന്ന് നോക്കൂ, അവസാനം ഒന്നും കിട്ടിയില്ലെങ്കില്‍ നമുക്ക് ബാബുക്കുട്ടന്‍ എന്ന് തന്നെ പേരിടാം.
അങ്ങനെയാണ് ഡബ്ബിങ്ങിന്റെ ഒടുവിലായി ‘ഇതാണ് തിരുവിതാംകൂര്‍ മഹാരാജാവ് പേര് ശശി’ എന്ന ഡയലോഗ് ഞാന്‍ പെട്ടെന്ന് കൂട്ടിച്ചേര്‍ത്തത്. ഇത് കേട്ടതോടെ ലാലേട്ടന്‍ ഇതുമതി, ഇതുമതിയെന്ന് പറഞ്ഞ് ഉറപ്പിച്ചു. അല്ലെങ്കില്‍ ഇന്നത്തെ ഈ ശശി ബാബുക്കുട്ടന് ഇരിക്കേണ്ട പേരായിരുന്നു. ബാബുക്കുട്ടന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’, എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു സലീം കുമാര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക