| Saturday, 18th March 2023, 5:51 pm

ഞാന്‍ കോണ്‍ഗ്രസുകാരനാണെങ്കിലും എന്റെ അടുത്ത രാഷ്ട്രീയ സുഹൃത്തുക്കള്‍ ഇവരാണ്: സലീം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോണ്‍ഗ്രസുകാരനാണെങ്കിലും എല്ലാ രാഷ്ട്രീയക്കാരെയും ബഹുമാനിക്കുന്ന ആളാണ് താനെന്ന് നടന്‍ സലീം കുമാര്‍. വീടിന് അടുത്തുള്ള ഇ.എം.എസ് സാസ്‌കാരിക നിലയത്തിലെ പരിപാടിക്ക് തന്റെ സാന്നിധ്യമുണ്ടാവാറുണ്ടെന്നും അതിന്റെ ഉദ്ഘാടനം തനാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതാണ് തന്റെ രാഷ്ട്രീയമെങ്കിലും ഇലക്ഷനില്‍ താന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോകാറുണ്ടന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ കോണ്‍ഗ്രസുകാരനാണ്. ഞാന്‍ എല്ലാ രാഷ്ട്രീയക്കാരെയും ബഹുമാനിക്കുന്ന ആളാണ്. പി.ജയരാജന്‍ എന്റെ അടുത്ത സുഹൃത്താണ്. അതുപോലെ ടി.വി. രാജേഷ്, പി.രാജീവ് തുടങ്ങിയവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. ഇവിടെ അടുത്ത് ഇ.എം.എസ് സാംസ്‌കാരിക നിലയമുണ്ട്.

ഓരോ വര്‍ഷത്തെയും പരിപാടികളില്‍ അവിടെ എന്റെയും കൂടി സാന്നിധ്യമുണ്ടാവാറുണ്ട്. അതിന്റെ ഉദ്ഘാടനം ഞാനാണ് ചെയ്യാറുള്ളത്. ഇങ്ങനെ പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതാണ് എന്റെ രാഷ്ട്രീയം. എന്നാല്‍ ഇലക്ഷനില്‍ ഞാന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോകാറുണ്ട്.

വേണമെങ്കില്‍ നിയമസഭയിലേക്ക് എനിക്ക് മത്സരിക്കമായിരുന്നു. എന്നോട് മത്സരിക്കാന്‍ താല്പര്യമുണ്ടോ എന്ന് നേതൃത്വം ചോദിച്ചിരുന്നു. എന്നാല്‍ ആ പോസ്റ്റിന് ഞാന്‍ യോഗ്യനല്ല. രാഷ്ട്രീയം ഏറ്റവും കമ്മിറ്റ്‌മെന്റ് ആവശ്യമുള്ള പണിയാണ്. രാവന്തിയോളം ജനത്തിനൊപ്പം നിന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക.

ഒരു വ്യക്തിയുടെ നൂറു ശതമാനം ഇന്‍വോള്‍മെന്റ് രാഷ്ട്രീയ ജീവിതത്തില്‍ വിനിയോഗിക്കുന്നവര്‍ക്കേ അതിന് യോഗ്യതയുള്ളൂ. മറ്റൊരു തൊഴില്‍ ചെയ്തുകൊണ്ട് ഇടപെടേണ്ട മേഖലയല്ല അത്. പാര്‍ട്ട് ടൈം ജോലിയായി ചെയ്യേണ്ടതല്ല രാഷ്ട്രീയം. മുഴുവന്‍ സമയവും രാഷ്ട്രീയക്കാരനായിരിക്കണം,” സലീം കുമാര്‍ പറഞ്ഞു.

content highlight: actor salim kumar about politics

We use cookies to give you the best possible experience. Learn more