തിരുവനന്തപുരം: കൊച്ചിയിലെ അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടന ചടങ്ങില്‍ നിന്നും തന്നെ മാറ്റിയതിന് പിന്നില്‍ യഥാര്‍ത്ഥ സി.പി.ഐ.എമ്മുകാരില്ലെന്നും അവര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും നടന്‍ സലിം കുമാര്‍.
എന്നാല്‍ നേട്ടങ്ങള്‍ക്ക് വേണ്ടി സി.പി.ഐ.എമ്മുകാരായ ചിലര്‍ ഇവിടെ ഉണ്ടെന്നും അവര്‍ ജീവിക്കാന്‍ വേണ്ടി മാത്രം സി.പി.ഐ.എമ്മുകാര്‍ ആയതാണെന്നും മാധ്യമം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറഞ്ഞു.
തന്നെ മാറ്റി നിര്‍ത്തിയതിന് പിന്നില്‍ പിണറായി വിജയനൊന്നുമല്ലെന്നും അദ്ദേഹത്തിന് വേറെ നൂറായിരം പണികള്‍ ഇവിടെ ഉണ്ടെന്നും ഇതിന്റെ ഇടയിലുള്ള ചില ഇടപ്രഭുക്കന്മാരാണ് ഒതുക്കലിന്റെ രാഷ്ട്രീയം കളിക്കുന്നതെന്നും സലിം കുമാര്‍ പറഞ്ഞു.
‘കൊച്ചിയിലെ അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടന ചടങ്ങില്‍നിന്നു താങ്കളെ ഒഴിവാക്കി, നാഷണല്‍ അവാര്‍ഡ് കിട്ടിയ താങ്കള്‍ ആ ചടങ്ങില്‍ വേണം എന്നാണ്, പക്ഷേ രാഷ്ട്രീയക്കളികളിലൂടെ കോണ്‍ഗ്രസുകാരനായ താങ്കള്‍ ഒഴിവാക്കപ്പെട്ടു എന്ന ചര്‍ച്ചകള്‍ വന്നു. എന്താണ് ശരിക്കും സംഭവിച്ചത്’ എന്ന ചോദ്യത്തിനായിരുന്നു സലിം കുമാറിന്റെ മറുപടി.
‘ പിണറായി വിജയന്‍ പറഞ്ഞു, സലിം കുമാറിനെ മാറ്റാന്‍ വേണ്ടി മാറ്റിയതല്ല എന്ന്. എ.കെ. ബാലനും പറഞ്ഞു മാറ്റിയതല്ല എന്ന്. ഇതിന്റെ ഇടയിലെ ഇട പ്രഭുക്കന്മാര്‍ ഉണ്ട്. അത് കക്ഷി രാഷ്ട്രീയമല്ല. അത് ഒതുക്കലിന്റെ രാഷ്ട്രീയമാണ്. ഞാന്‍ കോണ്‍ഗ്രസുകാരനായ സലിംകുമാറിനെ മാറ്റിനിര്‍ത്തി. അപ്പോള്‍ സി.പി.ഐ.എമ്മുകാര്‍ക്ക് എന്നോടു ഇഷ്ടം കൂടും എന്ന തോന്നലിന്റെ പുറത്തുള്ള ഒരു കളിയാണ്. അത്രയേ ഉള്ളൂ. അല്ലാതെ പിണറായി വിജയന് നൂറായിരം പണികള്‍ ഉണ്ടിവിടെ. ഇതിന്റെ യഥാര്‍ഥ സംഭവം ഞാന്‍ പറഞ്ഞു തരാം. ഇതിലൊന്നും സി. പി.ഐ.എമ്മുകാരില്ല. സി.പി.ഐ.എമ്മുകാര്‍ ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല.
പക്ഷേ നേട്ടങ്ങള്‍ക്ക് വേണ്ടി സി.പി.ഐ.എം ആയ ചിലരുണ്ട്. അവര്‍ ജീവിക്കാന്‍ വേണ്ടി സി.പി.ഐ.എം ആയവര്‍. ഇവിടെ ഒരു സാധാരണ സി.പി.ഐ.എം സഖാവ് മത്സരിക്കുമ്പോള്‍ ഇവരാരും ഇലക്ഷന്‍ പ്രചാരണത്തിന് പോകില്ല. ഇവര്‍ പോകുന്നത് ധര്‍മടത്തേക്കാണ്. അവര്‍ പിണറായി വിജയന്‍ ഉള്ള സദസ്സില്‍ മാത്രമേ പ്രചാരണത്തിന് പോവുകയുള്ളു.
ഞാനിവിടെ ഉണ്ട് എന്നുള്ളത് പിണറായി വിജയന്‍ കാണണം. ഇവര്‍ പോയില്ലെങ്കില്‍ ധര്‍മടത്തു പിണറായി വിജയന്‍ തോറ്റുപോകും എന്നാണ് ഇവരുടെ തോന്നല്‍. ഇങ്ങനെയുള്ള ആള്‍ക്കാരാണ് ആ വേദിയില്‍ നിന്നും എന്നെ ഒഴിവാക്കാനുള്ള കളി കളിച്ചത്. ഞാന്‍ കോണ്‍ഗ്രസ് നിലപാ ടുള്ള ആളാണ്. ഞാന്‍ അത് എവിടെയും പറയും,’ സലിം കുമാര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക