| Thursday, 2nd March 2023, 7:14 pm

ഒരാളെ തിരിച്ചറിയാനാണ് കഷണ്ടിയുള്ളയാളെന്നും കറുത്ത് തടിച്ചയാളെന്നും പറഞ്ഞിരുന്നത്, രസകരമായ ഇത്തരം ഉപമകള്‍ ഇന്ന് ബോഡി ഷെയിമിങ്ങായി: സലീം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരാളെ തിരിച്ചറിയാന്‍ വേണ്ടി കഷണ്ടിയുള്ള ആള്, കറുത്ത് തടിച്ച ഒരാള്‍ എന്നൊക്കെ പറയുന്നതില്‍ കുഴപ്പമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് നടന്‍ സലീം കുമാര്‍. ഇത്തരം രസകരമായ ഉപമകളെയാണ് ഇന്ന് ബോഡി ഷെയിമിങ് എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ വാ തുറന്നാല്‍ എന്തെങ്കിലും വിമര്‍ശിക്കാനുണ്ടോയെന്നാണ് കൂടുതല്‍ ആളുകളും നോക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ നല്ലൊരു ചിരിപ്പടം കണ്ടിട്ട് കുറേ കാലമായെന്നും പൊളിറ്റിക്കല്‍ കറക്ഷനിടയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണമെന്ന കണ്‍ഫ്യൂഷനിലാണ് സംവിധായകരെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് സലീം കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറേക്കാലമായി. പണ്ട് മാസത്തില്‍ ഒരു ചിരിപ്പടമൈങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തില്‍ ചിരിയില്ലേ. ഈ പൊളിറ്റിക്കല്‍ കറക്ഷനിടയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണമെന്ന കണ്‍ഫ്യൂഷനിലാണ് നമ്മുടെ സംവിധായകര്‍.

ജാതി വിമര്‍ശനം പാടില്ല, മതവിമര്‍ശനം പാടില്ല. രാഷ്ട്രീയവിമര്‍ശനം പാടില്ല. പിന്നെയെങ്ങനെ ചിരിയുണ്ടാക്കും. ഒരുപാട് വിലക്കുകള്‍ക്കിടയില്‍ നമ്മുടെ ചിരി പ്രതിസന്ധിയില്‍പ്പെട്ടിട്ടുണ്ട്. എന്തിനെയും എതിര്‍ക്കുന്ന ചിലര്‍ രൂപപ്പെട്ടിട്ടുണ്ട്.

മുമ്പ് കാലത്ത് പ്രായത്തിലോ പദവിയിലോ മുതിര്‍ന്നവര്‍ പറയുന്ന നിര്‍ദോഷമായ ഫലിതങ്ങള്‍ നമ്മള്‍ ആസ്വാദിച്ചിരുന്നു. അതിലെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നമ്മള്‍ ക്ഷമിച്ചിരുന്നു. ഇന്നങ്ങനെയല്ല. ഒരാള്‍ വായ തുറന്നാല്‍ എന്തെങ്കിലും വിമര്‍ശിക്കാനുണ്ടോയെന്ന് നോക്കി ഇരിക്കുന്നവരാണ് കൂടുതലും.

ആര്‍ക്കാണ് ശരിക്കും ബോഡിഷെയിമിങ്. ബോഡിഷെയിമിങ്ങിനെ ഞാന്‍ ന്യായികരിക്കുകയല്ല. ചില സന്ദര്‍ഭങ്ങളില്‍ ഒരാളെ തിരിച്ചറിയാന്‍വേണ്ടി ഒരു കഷണ്ടിയുള്ള ആള്, കറുത്ത് തടിച്ച ഒരാള്‍ എന്നൊക്കെ പറഞ്ഞിരുന്നതിനൊപ്പം അവരുടെ ചില പ്രത്യോകതകളെ സൂചിപ്പിക്കാന്‍ പല ഉപമകളും പറയാറുണ്ട്. ആ രസകരമായ ഉപമകള്‍ ഇന്ന് ബോഡിഷെയിമിങ്ങായി മാറി. മാനസികമായി ദ്രോഹിക്കുന്നില്ലെങ്കില്‍ ഒരാളെ തിരിച്ചറിയാന്‍ വേണ്ടിയൊക്കെ പലതും പറയില്ലേ,” സലീം കുമാര്‍ പറഞ്ഞു.

content highlight: actor salim kumar about movie

We use cookies to give you the best possible experience. Learn more