ഒരാളെ തിരിച്ചറിയാന്‍ വേണ്ടി കഷണ്ടിയുള്ള ആള്, കറുത്ത് തടിച്ച ഒരാള്‍ എന്നൊക്കെ പറയുന്നതില്‍ കുഴപ്പമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് നടന്‍ സലീം കുമാര്‍. ഇത്തരം രസകരമായ ഉപമകളെയാണ് ഇന്ന് ബോഡി ഷെയിമിങ് എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ വാ തുറന്നാല്‍ എന്തെങ്കിലും വിമര്‍ശിക്കാനുണ്ടോയെന്നാണ് കൂടുതല്‍ ആളുകളും നോക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ നല്ലൊരു ചിരിപ്പടം കണ്ടിട്ട് കുറേ കാലമായെന്നും പൊളിറ്റിക്കല്‍ കറക്ഷനിടയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണമെന്ന കണ്‍ഫ്യൂഷനിലാണ് സംവിധായകരെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് സലീം കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറേക്കാലമായി. പണ്ട് മാസത്തില്‍ ഒരു ചിരിപ്പടമൈങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തില്‍ ചിരിയില്ലേ. ഈ പൊളിറ്റിക്കല്‍ കറക്ഷനിടയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണമെന്ന കണ്‍ഫ്യൂഷനിലാണ് നമ്മുടെ സംവിധായകര്‍.
ജാതി വിമര്‍ശനം പാടില്ല, മതവിമര്‍ശനം പാടില്ല. രാഷ്ട്രീയവിമര്‍ശനം പാടില്ല. പിന്നെയെങ്ങനെ ചിരിയുണ്ടാക്കും. ഒരുപാട് വിലക്കുകള്‍ക്കിടയില്‍ നമ്മുടെ ചിരി പ്രതിസന്ധിയില്‍പ്പെട്ടിട്ടുണ്ട്. എന്തിനെയും എതിര്‍ക്കുന്ന ചിലര്‍ രൂപപ്പെട്ടിട്ടുണ്ട്.