| Saturday, 4th March 2023, 12:32 pm

കാസറ്റ് ഇറക്കിയതിന് ഞാന്‍ മാത്രം കോടതി കയറി, കലാഭവന്‍ മണിക്കും മറ്റുള്ളവര്‍ക്കും ദളിത് ആനുകൂല്യം ലഭിച്ചു: സലീം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദളിതനായ ഒരാളെ സഹായിക്കാന്‍ കാസറ്റ് ഇറക്കിയതിന്റെ പേരില്‍ തനിക്ക് വര്‍ഷങ്ങളോളം കോടതി കയറേണ്ടി വന്നന്നെന്ന് പറയുകയാണ് നടന്‍ സലീം കുമാര്‍. താനും കലാഭവന്‍ മണിയും ചേര്‍ന്നാണ് പാരഡി കാസറ്റ് ചെയ്തതെന്നും അതില്‍ ജാതി ചോദിക്കുന്ന ഒരു സന്ദര്‍ഭത്തിന്റെ പേരില്‍ ഉള്ളാടന്‍ സമുദായക്കാര്‍ തനിക്കെതിരെ മാത്രം കേസ് കൊടുത്തുവെന്നും സലീം കുമാര്‍ പറഞ്ഞു.

അതില്‍ അഭിനയിച്ച കലാഭവന്‍ മണിക്ക് ദളിത് ആനൂകുല്യം ലഭിച്ചുവെന്നും തനിക്കെതിരെ മാത്രമാണ് കേസ് ഉണ്ടായതെന്നും സലീം കുമാര്‍ പറഞ്ഞു. ദളിതനായ ഒരാളെ സഹായിക്കാന്‍ കാസറ്റ് ഇറക്കിയതിന്റെ പേരില്‍ വര്‍ഷങ്ങളോളം താന്‍ കോടതി കയറി ഇറങ്ങിയെന്നും സലീം കുമാര്‍ പറഞ്ഞു. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് സലീം കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പണ്ട് കലാഭവനിലായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ വീടില്ലാത്ത ഒരാള്‍ക്ക് വീടുവെക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരു പാരഡി കാസറ്റ് ചെയ്തു. ഞാനും കലാഭവന്‍ മണിയുമൊക്കെ ചേര്‍ന്നാണ് അത് ചെയ്തത്.

ആ കാസറ്റിലൂടെ ധാരാളം പണവും ഉണ്ടാക്കി. അതില്‍ കൃഷ്ണന്‍ നായര്‍ ഏത് ജാതിയാണ് എന്ന് ചോദിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. അതിന് മറുപടിയായി ഞാന്‍ ഉള്ളാടന്‍ എന്ന് പറയുന്നുണ്ട്. അസംബന്ധമായ ഒരു ചോദ്യത്തിന് അസംബന്ധമായ ഒരു ഉത്തരം.

വര്‍ഷങ്ങള്‍ക്കുശേഷം ആ സംഭാഷണത്തിന്റെ പേരില്‍ ഉള്ളാടന്‍ സമുദായക്കാര്‍ എനിക്കെതിരെ കേസ് കൊടുത്തു. പിന്നീട് ഞാന്‍ വര്‍ഷങ്ങളോളം കോടതി കയറി. അതില്‍ പങ്കെടുത്ത കലാഭവന്‍ മണിയും മറ്റും ദളിത് ആനുകൂല്യം അനുഭവിച്ചു. അവര്‍ക്കെതിരെ കേസില്ല.

ഒടുവില്‍ ഞാന്‍ മാത്രം പ്രതിയായി. ദളിതനായ ഒരാളെ സഹായിക്കാന്‍ കാസറ്റ് ഇറക്കിയതിന്റെ പേരിലൊരു പ്രതി. അവസാനം കോടതി വെറുതെ വിട്ടെങ്കിലും അതിന്റെ പേരില്‍ എത്ര സമയ നഷ്ടമുണ്ടായെന്ന് അറിയുമോ. മനസില്‍ പോലും ജാതി വിചാരമില്ലാത്ത, മതവിചാരമില്ലാത്ത ഒരാളാണ് ഞാന്‍. ആ എന്നെപ്പോലും ഒരു വാക്കിന്റെ പേരില്‍ കോടതി കയറ്റിയ നാടാണിത്,” സലീം കുമാര്‍ പറഞ്ഞു.

content highlight: actor salim kumar about kalabhavan mani

We use cookies to give you the best possible experience. Learn more