| Thursday, 9th March 2023, 8:32 pm

മമ്മൂട്ടിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ മണിരത്‌നത്തിന്റെ സിനിമ ഉപേക്ഷിച്ചു; അതിന് അംഗീകാരമൊന്നും കിട്ടില്ലായിരിക്കും: സലീം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും താന്‍ അതില്‍ നിന്നും പിന്മാറിയതാണെന്ന് നടന്‍ സലീം കുമാര്‍. മണിരത്‌നത്തിന്റെ കടല്‍ എന്ന സിനിമയിലായിരുന്നു തനിക്ക് അവസരം കിട്ടിയതെന്നും എന്നാല്‍ മമ്മൂട്ടിയുടെ കോബ്ര സിനിമ അതിന്റെ കൂടെ വന്നതുകൊണ്ടാണ് മണിരത്‌നത്തിന്റെ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.

ഹാസ്യ റോളുകള്‍ക്കാണ് താന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കാറുള്ളതെന്നും മണിരത്‌നത്തിന്റെ സിനിമ വേണ്ടെന്ന് വെച്ചതില്‍ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ലെന്നും സലീം കുമാര്‍ പറഞ്ഞു. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഒരു പാത്രത്തില്‍ ക്യാരക്ടര്‍ റോളും മറ്റൊരു പാത്രത്തില്‍ ഹാസ്യറോളും കൊണ്ടുവെച്ചാല്‍ ഞാന്‍ ഏത് റോള് തെരഞ്ഞെടുക്കും എന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? തീര്‍ച്ചയായും അത് ഹാസ്യം തന്നെയായിരിക്കും.

ഒരു പക്ഷേ അതിന് അംഗീകാരമൊന്നും കിട്ടില്ലായിരിക്കും. അംഗീകാരം കിട്ടണമെങ്കില്‍ ഈ നാട്ടില്‍ ഇപ്പോഴും സീരിയസ് വേഷം തന്നെ ചെയ്യണം. അത് നമ്മുടെ നാടിന്റെ പരിമിതിയാണ്.

നേരത്തെ പറഞ്ഞപോലെ ഹാസ്യത്തിനെ അംഗീകരിക്കാന്‍ നമുക്കിപ്പോഴും ബുദ്ധിമുട്ടാണ്. മണിരത്‌നത്തിന്റെ കടല്‍ എന്ന സിനിമയും ലാലിന്റെ കോബ്ര എന്ന സിനിമയും ഒരുമിച്ചുവന്നപ്പോള്‍ ഞാന്‍ കോബ്രയാണ് തെരഞ്ഞെടുത്തത്.

ഒരിക്കലും അതില്‍ വിഷമം ഉണ്ടായിട്ടില്ല. അങ്ങനെ പ്രശസ്തരായ പലരുടെയും പടങ്ങള്‍ ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. തമിഴില്‍ ബാലയുടെ മൂന്നു പടം ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. ‘നാന്‍ കടവുള്‍ ‘ എന്ന സിനിമയിലെ പ്രധാന വില്ലന്‍ വേഷം ചെയ്യാന്‍ ബാല എന്നെയായിരുന്നു ആദ്യം സമീപിച്ചത്. ഞാന്‍ വേണ്ടെന്ന് വെച്ചതാണ്,” സലീം കുമാര്‍ പറഞ്ഞു.

content highlight: actor salim kumar about humour roles

We use cookies to give you the best possible experience. Learn more