| Monday, 20th March 2023, 3:47 pm

നല്ല ഇണയില്ലാത്തവന്‍ ഹതഭാഗ്യന്‍, ദാമ്പത്യം പരാജയപ്പെട്ടാല്‍ ജീവിതം പൂര്‍ണമായും പരാജയപ്പെടും: സലീം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ഈ ലോകത്ത് കടപ്പാടുള്ള രണ്ട് സ്ത്രീകള്‍ ഭാര്യയും അമ്മയുമാണെന്ന് നടന്‍ സലീം കുമാര്‍. താന്‍ മരിച്ചിട്ട് മാത്രമെ ഭാര്യ മരിക്കാവൂ എന്നാണ് തന്റെ ഇപ്പോഴത്തെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ദാമ്പത്യം പരാജയപ്പെട്ടാല്‍ ജീവിതം പൂര്‍ണമായി പരാജയപ്പെട്ടു എന്ന് വിശ്വസിക്കുന്നവനാണ് താനെന്നും സലീം കുമാര്‍ പറഞ്ഞു. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് ഈ ലോകത്ത് കടപ്പാടുള്ളത് രണ്ട് സ്ത്രീകളോടാണ്. അതിലൊന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. എന്റെ എല്ലാവിധ ഐശ്വര്യങ്ങള്‍ക്കും കാരണം ഇവര്‍ രണ്ടുപേരുമാണ്.

എന്റെ ആഗ്രഹം ഞാന്‍ മരിച്ചിട്ട് മാത്രമേ എന്റെ ഭാര്യ മരിക്കാവൂ എന്നാണ്. അവളില്ലാതെ എനിക്കൊരു നിമിഷംപോലും ഇപ്പോള്‍ ജീവിക്കാന്‍ കഴിയില്ല. എന്റെ ഓരോ ചലനവും നിര്‍ണയിക്കുന്നത് അവളാണ്.

നമ്മുടെ ജീവിതം വളരെ ചെറുതാണ്. ഇനി നമ്മള്‍ക്ക് ഒരു ജീവിതം കിട്ടില്ല. അതുകൊണ്ട് കിട്ടിയ ജീവിതത്തെ വളരെ അമൂല്യമായി കാണേണ്ടതുണ്ട്. ദാമ്പത്യം ശക്തിപ്പെടുന്നത് വാര്‍ധക്യത്തിലാണ്. അവിടെനിന്നാണ് യഥാര്‍ഥ പ്രണയം നാമനുഭവിക്കുന്നത്. പ്രണയം ഏറ്റവും തീവ്രമാകുന്നത് യൗവനത്തിലോ കൗമാരത്തിലോ അല്ല. വാര്‍ധക്യത്തിലാണ്.

അപ്പോഴാണ് നമുക്ക് മരിക്കേണ്ട എന്ന് തോന്നുന്നത്. യഥാര്‍ഥ ജീവിതം ഞാന്‍ തിരിച്ചറിയുന്നത്. കക്കാട് കവിതയില്‍ പറഞ്ഞതുപോലെ നീ എന്റെ ചാരത്ത് നില്‍ക്കൂ. എപ്പോഴാണ് മരിക്കുന്നതെന്നറിയില്ല! നല്ല ഇണയില്ലാത്തവന്‍ ഹതഭാഗ്യന്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഏറ്റവും നല്ല ഇണയെ കിട്ടുന്ന ആളാണ്.

അതാണ് ഏറ്റവും വലിയ സമ്പത്ത്. അക്കാര്യത്തില്‍ ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാണ്. മറ്റെല്ലാറ്റിലും നമ്മള്‍ വിജയിച്ചാലും ദാമ്പത്യം പരാജയപ്പെട്ടാല്‍ ജീവിതം പൂര്‍ണമായി പരാജയപ്പെട്ടു എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍,” സലീം കുമാര്‍ പറഞ്ഞു.

content highlight: actor salim kumar about his wife

We use cookies to give you the best possible experience. Learn more